-->
ടെല്‍ അവീവ്: ഇസ്രയേലുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്നതാകും കരാറെന്നും ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇസ്രയേലില്‍നിന്നു മടങ്ങുംമുമ്പ് മോദി വ്യക്‌തമാക്കി. ഇരുപക്ഷവും തമ്മിലുള്ള ബന്ധം 'തന്ത്രപരമായ പങ്കാളിത്ത' തലത്തേിലേക്ക് ഉയര്‍ത്താനും തീരുമാനമായി. വിവിധ മേഖലകളുമായി ബന്ധപ്പെട്ട് 27 കരാറുകളിലും മോദിയുടെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെയും സാന്നിധ്യത്തില്‍ ഇരുരാജ്യങ്ങളിലെയും മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നതതല സംഘം ഒപ്പുവച്ചു.
നിര്‍ണായകമായ സാങ്കേതിക പങ്കാളിത്തരംഗത്ത് ഉള്‍പ്പെടെ സഹകരണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാന്‍ ധാരണയായി. ഇതിന്റെ ഭാഗമായി ഇസ്രയേലില്‍ യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ) ഉപയോഗിക്കാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. സിവില്‍ ആണവോര്‍ജ രംഗത്തും ബഹിരാകാശ മേഖലയിലും സംയുക്‌ത പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും. കാര്‍ഷിക രംഗത്തും സഹകരണം ശക്‌തമാകും. ഇരുരാജ്യങ്ങളിലും മികവിന്റെ ഗ്രാമങ്ങളുടെ സൃഷ്‌ടിക്കായി യോജിച്ചു പ്രവര്‍ത്തിക്കാനും ധാരണയായി.
ഉഭയകക്ഷി ബന്ധത്തില്‍ പുതിയ ദിശാബോധവും ചാലകശക്‌തിയും നല്‍കുന്നതിലൂന്നിയായിരുന്നു ചര്‍ച്ചകളെന്ന് നെതന്യാഹുവുമൊത്തുള്ള സംയുക്‌ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. ആഴത്തിലുള്ള പരസ്‌പര വിശ്വാസത്തിലും ജനാധിപത്യ മൂല്യങ്ങളുടെ പങ്കിടലിലുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ നിലകൊള്ളുന്നത്. കാലം തെളിയിച്ച പങ്കാളിത്തത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്താനുള്ള ചരിത്രപരമായ തീരുമാനം കൈക്കൊണ്ടതായും മോദി പറഞ്ഞു.
ലോകത്ത് ഭീകരതയ്‌ക്ക് സ്‌ഥാനമില്ലെന്ന ഇന്ത്യയുടെ നിലപാടിനൊപ്പമാണ് ഇസ്രയേലുമെന്ന് ബെന്യാമിന്‍ നെതന്യാഹു വ്യക്‌തമാക്കിയതായി മോദി പറഞ്ഞു. ഭീകരവാദത്തെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ചെറുത്തു തോല്‍പ്പിക്കുന്നതില്‍ മുമ്പും ഇരുരാജ്യങ്ങളും സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. അതു ഭാവിയിലും തുടരും. പശ്‌ചിമേഷ്യയില്‍ സമാധാനവും സ്‌ഥിരതയും പുലരേണ്ടത് ഇന്ത്യയുടെ സുരക്ഷയ്‌ക്കും അന്ത്യന്താപേക്ഷിതമാണ്. യു.എസ്. മുന്‍കൈയെടുത്തു രൂപം നല്‍കിയ ഗാസാ സമാധാന പദ്ധതിയിലൂടെ മേഖലയിലെ കലുഷിത അന്തരീക്ഷത്തിന് അയവുവന്നിട്ടുണ്ട്. സ്‌ഥിരതാപുനഃസ്‌ഥാപനം ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മോദിയുടേതു ഹ്രസ്വസന്ദര്‍ശനമായിരുന്നെങ്കിലും അതിശയിപ്പിക്കുന്ന ഫലപ്രാപ്‌തിയാണ് ഉണ്ടായതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. സന്ദര്‍ശനത്തിന്റെ ആദ്യദിനം പാര്‍ലമെന്റില്‍ മോദി നടത്തിയ വൈകാരിക പ്രസംഗം ഇസ്രേലികളുടെ കണ്ണുകള്‍ ഈറനണിയിച്ചു. ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ തമ്മിലുള്ള യോഗം ഇന്ത്യയില്‍ ഏത്രയും വേഗം നടത്താന്‍ ധാരണയായി. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കൊപ്പം ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മോദി ഇന്നലെ ഇസ്രയേലില്‍നിന്നു മടങ്ങി. പ്രധാനമന്ത്രി നെതന്യാഹുവും ഭാര്യ സാറയും അദ്ദേഹത്തെ യാത്രയാക്കാന്‍ ബെന്‍ ഗുറിയോണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയിരുന്നു.