Saturday, March 14, 2026 Last Updated 12 Min 35 Sec ago English Edition
Todays E paper
Ads by Google

അന്തര്‍ധാര

രാമചന്ദ്രന്‍
രാമചന്ദ്രന്‍
Thursday 26 Feb 2026 11.33 PM

ജോസ്‌ മോനും കോശിയും

പ്രധാന ശിപാര്‍ശകളില്‍ ഒന്നും തൊടാതെ, മഠങ്ങളിലെ വെള്ളക്കരം തുടങ്ങിയ ചേതമില്ലാത്ത കാര്യങ്ങളിലാണ്‌ തീരുമാനങ്ങള്‍ ഉണ്ടായത്‌. ഇപ്പോഴാകട്ടെ, വെള്ളത്തില്‍ വരച്ച വര പോലെ റിപ്പോര്‍ട്ട്‌ ഇനി വരുന്ന സര്‍ക്കാരിന്റെ മണ്ടയ്‌ക്ക്‌ വച്ചിരിക്കുകയാണ്‌.
uploads/news/2026/02/827458/Jose-k-Mani-Kozhi.jpg

ക്രിസ്‌ത്യന്‍ ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ തത്വത്തില്‍ അംഗീകരിച്ചെന്ന പ്രഖ്യാപനത്തില്‍ ക്രിസ്‌ത്യാനികള്‍ വീഴുകയില്ല. ഭൂരിപക്ഷം ശിപാര്‍ശകളും നടപ്പാക്കിയെന്ന സി.പി.എം. വാദം നേരത്തേ തന്നെ വിശ്വസിച്ചിട്ടില്ല. പ്രധാന ശിപാര്‍ശകളില്‍ ഒന്നും തൊടാതെ, മഠങ്ങളിലെ വെള്ളക്കരം തുടങ്ങിയ ചേതമില്ലാത്ത കാര്യങ്ങളിലാണ്‌ തീരുമാനങ്ങള്‍ ഉണ്ടായത്‌. ഇപ്പോഴാകട്ടെ, വെള്ളത്തില്‍ വരച്ച വര പോലെ റിപ്പോര്‍ട്ട്‌ ഇനി വരുന്ന സര്‍ക്കാരിന്റെ മണ്ടയ്‌ക്ക്‌ വച്ചിരിക്കുകയാണ്‌.

ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്‌ഥ, ക്ഷേമം എന്നിവ പഠിക്കാന്‍ കോശി കമ്മിഷനെ വച്ചത്‌ 2020 നവംബര്‍ അഞ്ചിനാണ്‌. കമ്മിഷന്‍ 284 ശിപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട്‌ 2023 മേയ്‌ 23-ന്‌ നല്‍കി.

വിദ്യാഭ്യാസ സംവരണം കൂട്ടണം, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക്‌ ക്ഷേമനിധി ഏര്‍പ്പെടുത്തണം തുടങ്ങി മുഖ്യ ശിപാര്‍ശകളില്‍ ഒന്നും ആയിട്ടില്ല. ലത്തീന്‍ ബിഷപ്പുമാര്‍ നല്‍കുന്ന സമുദായ സര്‍ട്ടിഫിക്കറ്റ്‌ അംഗീകരിക്കാനും അതിനുള്ള പരിധി 1947 എന്നത്‌ റദ്ദാക്കാനും മാത്രം ഒടുവില്‍ തീരുമാനിച്ചു.റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ട്‌ കത്തോലിക്കാ കോണ്‍ഗ്രസ്‌ വിവരാവകാശ കമ്മിഷനെ സമീപിച്ചപ്പോള്‍ ഗുണവും ഉണ്ടായില്ല. തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ, അത്‌ പ്രസിദ്ധീകരിക്കും എന്ന വാഗ്‌ദാനം ഉണ്ട്‌. .

റിപ്പോര്‍ട്ടിലെ മുഖ്യ
ശിപാര്‍ശകള്‍ ഇവയാണ്‌:

പിന്നാക്ക ക്രിസ്‌ത്യന്‍ സംവരണം നാല്‌ ശതമാനത്തില്‍ നിന്ന്‌ ആറ്‌ ആക്കുക. ഈ വര്‍ധന ലത്തീന്‍ -ആംഗ്ളോ ഇന്ത്യന്‍, നാടാര്‍, പരിവര്‍ത്തിത ക്രൈസ്‌തവര്‍ എന്നിവര്‍ക്ക്‌ 3:2:1 എന്ന അനുപാതത്തില്‍ വീതിക്കുക.

സ്വാശ്രയ മെഡിക്കല്‍, നഴ്‌സിങ്‌, പാരാ മെഡിക്കല്‍ സ്‌ഥാപനങ്ങള്‍ സര്‍ക്കാരിന്‌ വിട്ടു കൊടുക്കുന്ന 50% സീറ്റില്‍ 20%, സ്‌ഥാപനം നടത്തുന്ന സമുദായത്തിന്‌ കമ്യൂണിറ്റി സീറ്റാക്കുക.

സര്‍ക്കാര്‍ സര്‍വീസിലെ ക്രിസ്‌ത്യാനികള്‍, നാടാര്‍, പരിവര്‍ത്തിത ക്രൈസ്‌തവര്‍ എന്നിവരുടെ കുറവ്‌ നികത്താന്‍ പ്രത്യേക റിക്രൂട്ട്‌മെന്റ്‌.
പട്ടികജാതിക്കുള്ള എല്ലാ ആനുകൂല്യങ്ങളും ദലിത്‌ ക്രൈസ്‌തവര്‍ക്ക്‌ നല്‍കുക.

സര്‍ക്കാര്‍ ജോലിയില്‍ ലത്തീന്‍ കത്തോലിക്കര്‍, ദലിത്‌ ക്രൈസ്‌തവര്‍ എന്നിവര്‍ക്ക്‌ മതിയായ പ്രാതിനിധ്യം കിട്ടിയോ എന്നറിയാന്‍ പ്രത്യേക സമിതി.

ക്രൈസ്‌തവ വിശ്വാസത്തെ അപമാനിക്കുന്ന ഉള്ളടക്കം സംബന്ധിച്ച പരാതികളില്‍ നിയമ നടപടി.

ന്യൂനപക്ഷക്ഷേമ വകുപ്പില്‍ ക്രിസ്‌ത്യാനികള്‍ക്ക്‌ ആനുപാതിക പ്രാതിനിധ്യം.

റിപ്പോര്‍ട്ടില്‍ 284 ശിപാര്‍ശകള്‍ക്ക്‌ പുറമെ, 45 ഉപ ശിപാര്‍ശകളുണ്ട്‌. 17 വകുപ്പുകള്‍ 220 ശിപാര്‍ശകള്‍ നടപ്പാക്കിയെന്നാണ്‌ മുഖ്യമന്ത്രി അവകാശപ്പെട്ടത്‌. ബാക്കിയുള്ളവ കേന്ദ്ര -സംസ്‌ഥാന നിയമങ്ങള്‍, ചട്ടങ്ങള്‍, കോടതി ഉത്തരവുകള്‍ എന്നിവയില്‍ മാറ്റം വരുത്തിയും മറ്റ്‌ വകുപ്പുകളില്‍ നിന്ന്‌ സമ്മത പത്രം വാങ്ങിയും മാത്രമേ നടപ്പാക്കാന്‍ പറ്റൂ എന്നാണ്‌ മുഖ്യമന്ത്രി ന്യായം പറയുന്നത്‌.

ദൈവരാജ്യ മൂല്യങ്ങള്‍

എന്നാല്‍, റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കാന്‍ മോദിയുടെയോ കോടതിയുടെയോ സമ്മതം വേണ്ടിയിരുന്നില്ല. അപ്പോള്‍, നടപ്പാക്കാത്തതില്‍ മാത്രമല്ല, പ്രസിദ്ധീകരിക്കാത്തതിലും രാഷ്‌ട്രീയമുണ്ട്‌, വിവേചനമുണ്ട്‌. നടപ്പാക്കിയ ശിപാര്‍ശകള്‍ ഏതൊക്കെയെന്ന്‌ ഒരറിവുമില്ലെന്ന്‌ സിറോ മലബാര്‍ പബ്ലിക്‌ അഫയേഴ്‌സ്‌ കമ്മിഷന്‍ പറഞ്ഞിട്ടുണ്ട്‌. സഭാ, സമുദായ നേതാക്കളുടെ യോഗം വിളിക്കാത്തത്‌ തന്നെ ഒളിച്ചു കളിയാണ്‌.

സര്‍ക്കാരിന്റെ കളിക്കെതിരേ തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ പള്ളികളില്‍ ഡിസംബര്‍ ഒന്നിന്‌ ഇടയലേഖനം വായിച്ചിരുന്നു. റിപ്പോര്‍ട്ട്‌ പുറത്തുവിടാന്‍ ഇച്‌ഛാശക്‌തി കാട്ടണമെന്ന്‌ മാരാമണ്‍ കണ്‍വന്‍ഷനില്‍ മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ഡോ തിയഡോഷ്യസ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ആവശ്യപ്പെട്ടതും സി.പി.എം. ഒളിച്ചുകളിയില്‍ പരിതപിച്ചിട്ടാണ്‌. മതാധ്യാപകര്‍ക്ക്‌ ക്ഷേമനിധി ഏര്‍പ്പെടുത്താനുള്ള നീക്കം സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള കുതന്ത്രമാകരുതെന്നും അദ്ദേഹം പറയുകയുണ്ടായി. അതിനാല്‍, വോട്ടും ശബ്‌ദവും നിലപാടും ദൈവരാജ്യ മൂല്യങ്ങളാല്‍ നയിക്കപ്പെടണം എന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആ സ്‌മരണയിലെ രാഷ്‌ട്രീയം വ്യക്‌തമാണ്‌

ശബരിമല പ്രശ്‌നവും തന്ത്രിയുടെ അകാരണമായ അറസ്‌റ്റും ഹിന്ദുവിനെ സി.പി. എമ്മില്‍ നിന്ന്‌ അകറ്റിയെങ്കില്‍, കോശി റിപ്പോര്‍ട്ടിലെ ഒളിച്ചുകളി ക്രൈസ്‌തവസഭകളെ ക്ഷോഭിപ്പിച്ചിരിക്കുന്നു. അവിടെയാണ്‌ ''ദൈവരാജ്യ മൂല്യങ്ങള്‍'' എന്ന അര്‍ത്ഥവത്തായ പ്രയോഗത്തിന്റെ പ്രസക്‌തി.
കാള്‍ മാര്‍ക്‌സ്‌ പ്രത്യയശാസ്‌ത്രം രൂപപ്പെടുത്തിയത്‌ ദൈവരാജ്യ മൂല്യങ്ങളെ അട്ടിമറിച്ചാണ്‌. മാര്‍ക്‌സ്‌ മൗലിക ചിന്തകന്‍ ആയിരുന്നില്ല. ജര്‍മന്‍ തത്വചിന്തകനായ ഹെഗലിന്റെ ചരിത്ര ചിന്തയെടുത്ത്‌ അതില്‍ നിന്ന്‌ ദൈവത്തെ അഥവാ യേശുവിനെ വെട്ടി നീക്കി, തല്‍സ്‌ഥാനത്ത്‌ തൊഴിലാളിയെ പ്രതിഷ്‌ഠിക്കുകയാണ്‌ മാര്‍ക്‌സ്‌ ചെയ്‌തത്‌. അതും മൗലികമായിരുന്നില്ല. സമകാലിക ജര്‍മന്‍ തത്വചിന്തകന്‍ ഫോയര്‍ബാക്കിന്റെ Essence of Christianity മോഷ്‌ടിക്കുകയാണ്‌ മാര്‍ക്‌സ്‌ ചെയ്‌തത്‌. അക്കാലത്തെ സുനില്‍ പി. ഇളയിടം മാത്രമായിരുന്നു, മാര്‍ക്‌സ്‌.

മാര്‍ക്‌സിന്റെ ജൂത കുടുംബം അന്നത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ ക്രിസ്‌തുമതത്തിലേക്ക്‌ മാറിയെങ്കിലും, ജൂത ചിന്തകള്‍ മാര്‍ക്‌സില്‍ നിലനിന്നു, ബൈബിളിലെ വാഗ്‌ദത്ത ലോകത്തെ എടുത്ത്‌, വിപ്ലവാനന്തര കമ്യൂണിസ്‌റ്റ്‌ ലോകത്ത പ്രതിഷ്‌ഠിച്ചു. ദൈവമൂല്യങ്ങള്‍ ചോര്‍ന്ന ഒരു എല്ലിന്‍കൂട്‌ അങ്ങനെ ലോകത്തെ തുറിച്ചു നോക്കി. അതാണ്‌, മാനിഫെസേ്‌റ്റായിലെ കമ്യൂണിസ്‌റ്റ്‌ ഭൂതം. അതില്‍ മൃദുഹിന്ദുത്വ ചേര്‍ത്താല്‍ കിട്ടുന്നതാണ്‌, കാരണ ഭൂതം.

ക്രിസ്‌ത്യന്‍ വോട്ട്‌ ലാക്കാക്കി 2021-ലെ തെരഞ്ഞെടുപ്പിന്‌ തൊട്ടു മുന്‍പാണ്‌ കോശി കമ്മിഷനെ വച്ചത്‌. അടുത്ത വോട്ട്‌ സമാഗതമായ ഈ നേരത്ത്‌ ക്രിസ്‌ത്യാനികള്‍ ഒന്നോര്‍ക്കണം. സച്ചാര്‍ കമ്മിറ്റി ദേശീയതലത്തില്‍ മുസ്ലിം അനുകൂല റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചപ്പോള്‍ 2007-ല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ പാലോളി മുഹമ്മദ്‌ കുട്ടിയുടെ നേതൃത്വത്തില്‍ പഠനത്തിന്‌ കമ്മിറ്റിയെ വച്ചു. 2008 ഫെബ്രുവരിയില്‍ ആ കമ്മിറ്റി റിപ്പോര്‍ട്ട്‌ കൊടുത്തു. വെറും 28 ദിവസം കൊണ്ട്‌ ആ റിപ്പോര്‍ട്ട്‌ സി.പി.എം. നടപ്പാക്കി. അങ്ങനെ ന്യൂനപക്ഷ വകുപ്പ്‌ ഉണ്ടായി, മദ്രസ അധ്യാപകര്‍ക്ക്‌ ക്ഷേമനിധിയും പെന്‍ഷനും ഒക്കെ വന്നു. മുസ്ലിമിന്‌ 28 ദിവസം, ക്രിസ്‌ത്യാനിക്ക്‌ എത്ര?

സഭയുടെയും ആകമാന ക്രൈസ്‌തവരുടെയും അഭീഷ്‌ടപ്രകാരം ഈ ചോദ്യത്തിന്‌ ഉത്തരം പറയാന്‍ ജോസ്‌ കെ.മാണി തീരുമാനിച്ചിരുന്നെങ്കിലും, റോഷി അഗസ്‌റ്റിന്‍ അതിന്‌ തടയിട്ടു. റോഷി മൊത്തം ക്രൈസ്‌തവ വികാരത്തിനൊപ്പമോ ദൈവരാജ്യ മൂല്യങ്ങള്‍ക്കൊപ്പമോ അല്ല. ആ കൊച്ചന്‍ സാത്താന്റെ കൂടാരത്തിലാണ്‌. ഇന്നത്തെ അയ്യപ്പനും കോശിയും കളി നിര്‍ത്തി ജോസ്‌ മോന്‌ ദൈവരാജ്യ മൂല്യങ്ങളിലേക്ക്‌ മടങ്ങാനുള്ള സുവര്‍ണാവസരമാണ്‌, ഇത്‌.

എന്നോട്‌ ടി.എം. ജേക്കബ്‌ പറഞ്ഞ ഒരു സംഭവം ഓര്‍മ വരുന്നു. ഒരു നിര്‍ണായക ഘട്ടത്തില്‍ നിയമസഭയില്‍ ജേക്കബിന്റെ കാതില്‍ മാണി മന്ത്രിച്ചു: Jacob, don't step into my shoes! (ജേക്കബേ എന്റെ കാലില്‍ ചവിട്ടരുത്‌.) ഈ വാചകം ജോസ്‌ മോന്‍ റോഷിയോട്‌ പറഞ്ഞാല്‍ നന്ന്‌.

-രാമചന്ദ്രന്‍

Ads by Google
Ads by Google
TRENDING NOW