Saturday, March 14, 2026 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.53 AM

ചുവപ്പുകോട്ടയില്‍ വിള്ളല്‍

uploads/news/2026/03/830163/3.jpg

കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടത്തില്‍ അപ്രമാദിത്വം പുലര്‍ത്തിയിരുന്ന സി.പി.എം. അച്ചടക്കത്തിന്റേയും സംഘടനാ ശേഷിയുടേയും കാര്യത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയില്‍. എസ്‌. രാജേന്ദ്രന്‍ (ദേവികുളം), പി.കെ. ശശി (ഷൊര്‍ണൂര്‍), പി.ഐഷാ പോറ്റി(കൊട്ടാരക്കര) മുതല്‍ ഒടുവില്‍ പാര്‍ട്ടിയുടെ പ്രബലനായിരുന്ന ജി. സുധാകരന്‍ വരെയുള്ളവര്‍ പാര്‍ട്ടി വിട്ടത്‌ ചുവപ്പുകോട്ടയിലെ വിള്ളലാണ്‌ സൂചിപ്പിക്കുന്നത്‌.
ആലപ്പുഴയില്‍ പാര്‍ട്ടിയുടെ കരുത്തായിരുന്നു ജി. സുധാകരന്‍. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തേക്ക്‌ പോകുന്നത്‌ പഴയകാല പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷമാണുണ്ടാക്കുന്നത്‌. വികസന കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടും അഴിമതിക്കെതിരെയുള്ള കര്‍ക്കശമായ സമീപനവുമാണ്‌ അദ്ദേഹത്തെ ജനപ്രിയനാക്കിയത്‌. പൊതുമരാമത്ത്‌ മന്ത്രിയായിരിക്കുമ്പോള്‍ കേരളത്തിലെ റോഡ്‌ നിര്‍മാണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. റോഡ്‌ നിര്‍മാണത്തിലെ അഴിമതിക്കെതിരെ പരസ്യമായി പ്രതികരിക്കുകയും കരാറുകാരെ നിലയ്‌ക്കു നിര്‍ത്തുകയും ചെയ്‌തതു ജനശ്രദ്ധ നേടി.
എന്നാല്‍ ആലപ്പുഴയിലെ സി.പി.എമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിഭാഗീയത അദ്ദേഹത്തിന്‌ തിരിച്ചടിയായി. പാര്‍ട്ടിയിലെ പുതിയ നേതൃത്വവുമായി പ്രത്യേകിച്ച്‌ സജി ചെറിയാന്‍ അടക്കമുള്ളവരുമായി അദ്ദേഹത്തിനുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ എച്ച്‌. സലാമിനു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ വീഴ്‌ച വരുത്തിയെന്ന്‌ ആരോപിച്ച്‌ പാര്‍ട്ടി അദ്ദേഹത്തെ പരസ്യമായി ശാസിച്ചു. ഇത്‌ അദ്ദേഹത്തിന്‌ വലിയ മാനസിക വിഷമമുണ്ടാക്കി. തുടര്‍ന്നു പാര്‍ട്ടിയുടെ പ്രധാന വേദികളില്‍ നിന്നും കമ്മിറ്റികളില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു.
വി.എസ്‌. അച്യുതാനന്ദന്‌ ശേഷം ആലപ്പുഴയില്‍ സാധാരണക്കാര്‍ക്കിടയില്‍ ഇത്രയധികം സ്വാധീനമുള്ള മറ്റൊരു നേതാവ്‌ പാര്‍ട്ടിയിലില്ല. അഴിമതിരഹിതനായ ഒരു നേതാവ്‌ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുന്നു എന്നത്‌ പൊതുസമൂഹത്തിലും സി.പി.എമ്മിന്റെ മതിപ്പ്‌ കുറയ്‌ക്കും.
ഇടുക്കി ദേവികുളത്തെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവായിരുന്ന എസ്‌. രാജേന്ദ്രന്റെ മറുകണ്ടംചാടല്‍ തോട്ടം മേഖലയിലെ സി.പി.എമ്മിന്റെ കുത്തക തകര്‍ക്കാന്‍ ഇടയാക്കും. പാലക്കാട്‌ ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച്‌ ശക്‌തമായ ഒരു വിഭാഗത്തെ നയിച്ചിരുന്ന നേതാവാണ്‌ പി.കെ. ശശി. വിഭാഗീയതയുടെ പേരില്‍ അദ്ദേഹം നേരിടുന്ന നടപടികള്‍ പാലക്കാട്‌ ജില്ലയിലെ പാര്‍ട്ടി സംവിധാനത്തില്‍ വിള്ളലുകള്‍ വീഴ്‌ത്തിയിട്ടുണ്ട്‌. പാര്‍ട്ടിയിലെ ജനകീയ മുഖമായിരുന്ന പി.ഐഷാ പോറ്റിയുടെ പിന്മാറ്റം പാര്‍ട്ടിക്ക്‌ സ്‌ത്രീ വോട്ടര്‍മാര്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലുമുള്ള സ്വീകാര്യത കുറയ്‌ക്കും.
ചുരുക്കത്തില്‍ സി.പി.എം. നേരിടുന്ന രാഷ്‌ട്രീയ വെല്ലുവിളികള്‍ ചെറുതല്ല. വ്യക്‌തി കേന്ദ്രീകൃത രാഷ്‌ട്രീയവും സംഘടനാ ജീര്‍ണതയുമാണ്‌ പാര്‍ട്ടിയെ നടുക്കടലിലാക്കിയതെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌. പഴയകാലത്ത്‌ പാര്‍ട്ടി ഒരു യൂണിറ്റ്‌ ആയാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ പലയിടങ്ങളിലും വ്യക്‌തിഗത താല്‍പര്യങ്ങള്‍ക്കും ഗ്രൂപ്പിസത്തിനും വഴിമാറുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. നയപരമായ തീരുമാനങ്ങളിലും ഭരണപരമായ കാര്യങ്ങളിലും തഴയപ്പെടുന്നുവെന്ന തോന്നല്‍ മുതിര്‍ന്ന നേതാക്കളിലുണ്ടാകുന്നത്‌ പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കും.
അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രായോഗിക രാഷ്‌ട്രീയം കളിക്കുമ്പോള്‍ പാര്‍ട്ടിയുടെ അടിസ്‌ഥാന മൂല്യങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്യേണ്ടി വരുന്നുണ്ടോയെന്ന ചോദ്യം ഉയരുന്നു. അഴിമതി ആരോപണങ്ങളടക്കം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയരുന്നത്‌ അണികളില്‍ അവിശ്വാസം വളര്‍ത്തുന്നു. ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്കു പകരം ചില വ്യക്‌തികളിലേക്ക്‌ അധികാരം കേന്ദ്രീകരിക്കുന്നത്‌ പഴയകാല നേതാക്കളെപ്പോലും അസ്വസ്‌ഥരാക്കുന്നു. പാര്‍ട്ടിയില്‍ തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ നിശബ്‌ദരാക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്നു.
ബംഗാളിലും ത്രിപുരയിലും സംഭവിച്ചതു പോലെ ജനങ്ങളുമായും അണികളുമായും ബന്ധമുള്ള നേതാക്കളെ നഷ്‌ടപ്പെടുന്നത്‌ ഒരു വലിയ രാഷ്‌ട്രീയ ശൂന്യതയാണ്‌ സൃഷ്‌ടിക്കുന്നത്‌. പാര്‍ട്ടി അതിന്റെ ഉള്‍പാര്‍ട്ടി ജനാധിപത്യം വീണ്ടെടുക്കുകയും അണികളുടെ വിശ്വാസം പിടിച്ചു പറ്റുകയും ചെയ്‌തില്ലെങ്കില്‍ ബംഗാളിലെയും ത്രിപുരയിലെയും ചരിത്രം കേരളത്തിലും ആവര്‍ത്തിക്കപ്പെടാനാണ്‌ സാധ്യത.

ഉണ്ണി വി.ജെ. നായര്‍

Ads by Google
Saturday 14 Mar 2026 10.53 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW