Saturday, March 14, 2026 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.53 AM

അടുക്കളകളില്‍ പുകയുന്ന ആശങ്ക

uploads/news/2026/03/830161/1.jpg

ലോകത്തിന്റെ ഒരു കോണില്‍ ഉയരുന്ന യുദ്ധകാര്‍മേഘങ്ങള്‍ മറ്റൊരു കോണിലെ സാധാരണക്കാരന്റെ അടുക്കളയില്‍ കരിനിഴല്‍ വീഴ്‌ത്തുന്ന കാഴ്‌ചയാണ്‌ രാജ്യം ഇന്ന്‌ കാണുന്നത്‌. പശ്‌ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന്‌ ഹോര്‍മുസ്‌ കടലിടുക്കിലൂടെയുള്ള ഇന്ധന ഇറക്കുമതി തടസപ്പെട്ടതോടെ രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധി അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്‌ കടന്നിരിക്കുന്നു. ഗ്രാമീണ മേഖലയിലെ എല്‍.പി.ജി. ബുക്കിങ്‌ ഇടവേള 25 ദിവസത്തില്‍നിന്ന്‌ 45 ദിവസമാക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി, പ്രതിസന്ധി പരിഹരിക്കപ്പെടാന്‍ ഇനിയും സമയമെടുക്കുമെന്നതിന്റെ വ്യക്‌തമായ സൂചനയാണ്‌.
ഗ്രാമപ്രദേശങ്ങളില്‍ വിറക്‌ ബദല്‍ സംവിധാനമായി ഉപയോഗിക്കാമെന്ന സര്‍ക്കാരിന്റെ യുക്‌തി സാങ്കേതികമായി ശരിയായിരിക്കാം. എന്നാല്‍, കഴിഞ്ഞ ഒരു ദശകത്തിനിടെ 'ഉജ്വല' യോജനയിലൂടെയും മറ്റും പൂര്‍ണമായും ഗ്യാസ്‌ അടുപ്പുകളിലേക്ക്‌ മാറിയ ലക്ഷക്കണക്കിന്‌ സാധാരണ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇത്‌ വലിയൊരു തിരിച്ചടിയാണ്‌. കേരളത്തിലെ പകുതിയോളം കണക്‌ഷനുകളെയും ഈ നിയന്ത്രണം ബാധിക്കുമെന്നിരിക്കെ, നഗരങ്ങളിലെ വിതരണം തടസപ്പെടാതിരിക്കാന്‍ ഗ്രാമങ്ങളെ പട്ടിണിക്കിടുകയാണോ എന്ന ചോദ്യം പ്രസക്‌തമാകുന്നു. വിറക്‌ ഉപയോഗിക്കാനുള്ള നിര്‍ദേശം പരിസ്‌ഥിതി സൗഹൃദപരമായ ഇന്ധന നയങ്ങളില്‍നിന്നുള്ള പിന്നോട്ടുപോക്കായും വിലയിരുത്തപ്പെടും.
വാണിജ്യ സിലിണ്ടറുകളുടെ വിതരണം പുനരാരംഭിക്കാനുള്ള തീരുമാനം ആശ്വാസകരമാണെങ്കിലും, ആവശ്യത്തിന്റെ അഞ്ചിലൊന്ന്‌ മാത്രമേ നല്‍കൂ എന്ന നിബന്ധന ഹോട്ടല്‍, റസ്‌റ്ററന്റ്‌ മേഖലയെ ശ്വാസംമുട്ടിക്കും. ഇത്‌ ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റത്തിന്‌ നേരിട്ട്‌ കാരണമാകും. ശ്‌മശാനങ്ങളിലെ ശവസംസ്‌കാര ചടങ്ങുകള്‍ പോലും മുടങ്ങുന്ന അവസ്‌ഥയുണ്ടായി എന്നത്‌ പ്രതിസന്ധിയുടെ ആഴം വ്യക്‌തമാക്കുന്നു.
സംസ്‌ഥാനത്ത്‌ ഗ്യാസ്‌ ഏജന്‍സികള്‍ക്ക്‌ മുന്നില്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നതും സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതും ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുന്നു. ബോട്ട്‌ലിങ്‌ പ്ലാന്റുകളില്‍ ഉല്‍പാദനം കുറഞ്ഞതും സ്വകാര്യ കമ്പനികളുടെ വിതരണം പൂര്‍ണമായും നിലച്ചതും കേരളത്തിലെ വിപണിയെ വല്ലാതെ ഉലച്ചിട്ടുണ്ട്‌. എണ്ണക്കമ്പനികള്‍ സ്‌റ്റോക്കുണ്ടെന്ന്‌ അവകാശപ്പെടുമ്പോഴും വിതരണ ശൃംഖലയില്‍ അനുഭവപ്പെടുന്ന അപാകതകള്‍ പരിഹരിക്കാന്‍ സംസ്‌ഥാന സര്‍ക്കാരും ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌.
ഹോര്‍മുസ്‌ കടലിടുക്കിന്‌ പുറത്തുള്ള വഴികളിലൂടെ ക്രൂഡോയില്‍ എത്തിച്ചുതുടങ്ങിയെന്ന കേന്ദ്രമന്ത്രി ഹര്‍ദീപ്‌ സിങ്‌ പുരിയുടെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്‌. എങ്കിലും, ഇറക്കുമതിയെ മാത്രം അമിതമായി ആശ്രയിക്കുന്ന ഊര്‍ജ നയം എത്രത്തോളം അപകടകരമാണെന്ന്‌ ഈ പ്രതിസന്ധി നമ്മെ ഓര്‍മിപ്പിക്കുന്നു.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള പരിഹാരശ്രമങ്ങള്‍ക്കൊപ്പം തന്നെ ജനങ്ങളുടെ ജാഗ്രതയും സഹകരണവും ഈ പ്രതിസന്ധി ഘട്ടത്തില്‍ അത്യന്താപേക്ഷിതമാണ്‌. ക്ഷാമം എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ തന്നെ അനാവശ്യമായ പരിഭ്രാന്തിപ്പെട്ട്‌ സിലിണ്ടറുകള്‍ മുന്‍കൂട്ടി ശേഖരിച്ചുവയ്‌ക്കുന്ന പ്രവണത വിപണിയിലെ സമ്മര്‍ദം ഇരട്ടിപ്പിക്കുകയേ ഉള്ളൂ. കൈവശം സ്‌റ്റോക്കുള്ളവര്‍ വീണ്ടും ബുക്ക്‌ ചെയ്യുന്നത്‌ ഒഴിവാക്കിയാല്‍ മാത്രമേ അര്‍ഹരായവരിലേക്ക്‌ ഇന്ധനം കൃത്യസമയത്ത്‌ എത്തുകയുള്ളൂ. കൂടാതെ, ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക്‌ മറിച്ചുവില്‍ക്കുന്നതും അമിത ലാഭത്തിനായി പൂഴ്‌ത്തിവയ്‌ക്കുന്നതും വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണം. പാചകവാതകം മിതമായി ഉപയോഗിച്ചും ലഭ്യമായ ബദല്‍ മാര്‍ഗങ്ങള്‍ താല്‍കാലികമായെങ്കിലും സ്വീകരിച്ചും ഈ ദുഷ്‌കരമായ കാലത്തെ മറികടക്കാന്‍ ഓരോ പൗരനും ബാധ്യസ്‌ഥനാണ്‌.
നിലവിലെ പ്രതിസന്ധി കേവലം വിതരണ തടസ്സം മാത്രമല്ല, മറിച്ച്‌ രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയിലെ ചില അടിസ്‌ഥാനപരമായ പരിമിതികളെക്കൂടി തുറന്നുകാട്ടുന്നു. ആഭ്യന്തര ഉത്‌പാദനം 25 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു എന്നത്‌ നേട്ടമാണെങ്കിലും, രാജ്യെത്ത മൊത്തം ആവശ്യത്തിന്റെ വെറും 10 ശതമാനം മാത്രമേ ഇത്‌ പരിഹരിക്കുന്നുള്ളൂ. ബാക്കി ഇന്ധനത്തിനായി ഇപ്പോഴും നാം ഇറക്കുമതിയെയാണ്‌ ആശ്രയിക്കുന്നത്‌. പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉത്‌പാദനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടും എല്‍.പി.ജി. സംഭരണത്തിനായി ഇന്ത്യയ്‌ക്ക്‌ ദീര്‍ഘകാല സ്‌ട്രാറ്റജിക്‌ സ്‌റ്റോറേജ്‌ സംവിധാനങ്ങള്‍ ഇല്ലാത്തത്‌ വലിയൊരു പോരായ്‌മയാണ്‌. അതിനാല്‍, ഇറക്കുമതിയെ മാത്രം ആശ്രയിക്കുന്ന നയം മാറ്റി, അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ പര്യാപ്‌തമായ രീതിയില്‍ പാചകവാതകം വന്‍തോതില്‍ സംഭരിച്ചുവയ്‌ക്കാനുള്ള സംഭരണശാലകള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

Ads by Google
Saturday 14 Mar 2026 10.53 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW