-->
നമ്മുടെ രാഷ്‌ട്രീയരംഗത്ത് അത്യപൂര്‍വമായിക്കൊണ്ടിരിക്കുന്ന ചില മൂല്യങ്ങളുടെ മങ്ങാന്‍ മടിക്കുന്ന സാന്നിധ്യമാണ് ജി. സുധാകരനെന്ന് വീണ്ടും വെളിപ്പെട്ടിരിക്കുന്നു. കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്ക് താങ്ങാനാവാത്ത ചില സാംസ്‌കാരിക ചേരുവകള്‍ സുധാകരനില്‍ പണ്ടേ മലയാളി ദര്‍ശിച്ചിട്ടുണ്ട്. രാമായണ പാരായണത്തിന് ഒരു രാജകല്‍പ്പന സംഭവിച്ചത് അമ്പലപ്പുഴയിലാണ്. കേരളത്തിന്റെ യഥാര്‍ഥ സാംസ്‌കാരിക ഉണര്‍വിന് നാടെമ്പാടും ഗ്രാമീണ വായനശാലകളെന്ന മണ്‍ചെരാതുകള്‍ കൊളുത്തിയ പി.എന്‍. പണിക്കരുടെ അക്ഷരയജ്‌ഞം ആരംഭിക്കുന്നതും ഇവിടെനിന്നാണ്. അധികാരത്തിന്റെ മുഖത്തുനോക്കി ഫലിതം പറഞ്ഞതും ചിലങ്കയണിഞ്ഞതും അമ്പലപ്പുഴയില്‍ത്തന്നെ. അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ രുചിപ്പെരുമയോടൊപ്പം രാമായണ പാരായണ സംസ്‌കാര പാരമ്പര്യത്തെ പിന്തുടര്‍ന്ന സഖാവ് സുധാകരന്റെ ഒറ്റയാള്‍ ധാര്‍മ്മികഗരിമയും ഇന്നു കേരളം കാതോര്‍ക്കുന്നു.
പുലരുംവരെ രാമായണം വായിച്ചിട്ട്, രാമന്‍ സീതയ്‌ക്കാരാണെന്ന് ചോദിക്കുന്ന രാഷ്‌ട്രീയ ജനുസില്‍പ്പെട്ടയാളല്ല സുധാകരന്‍. ദീര്‍ഘകാലം എം.എല്‍.എ. ആയും മന്ത്രിയായും ജീവിച്ചിട്ടും അഴിമതിയുടെ ദംശനം അദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്നിട്ടില്ല. ഒന്നാം പിണറായി മന്ത്രിസഭയിലെ ഉള്ളത് പറയുന്ന ഒരേ ഒരു മന്ത്രിയായും അഴിമതി വകുപ്പായ പൊതുമരാമത്തിലെ സംശുദ്ധ മന്ത്രിയായും അദ്ദേഹം വിളങ്ങി. അങ്ങനെ എം.എല്‍.എ-മന്ത്രി സ്‌ഥാനങ്ങള്‍ പോയിക്കിട്ടി.
ഭുവനേശ്വരന്‍ മുതല്‍ അഭിമന്യു വരെയുള്ള രക്‌തസാക്ഷികളെ എങ്ങനെ കൈകാര്യം ചെയ്‌തുവെന്നത് പാര്‍ട്ടി രഹസ്യമാണ്. അതാണ് ഈ പാര്‍ട്ടിയെക്കുറിച്ച് പുറത്തുള്ളവര്‍ക്ക് ഒരു ചുക്കുമറിയില്ലെന്ന് ആവര്‍ത്തിക്കേണ്ടിവരുന്നത്. സ്വന്തം പുരയിടത്തിലെ ആഞ്ഞിലി വെട്ടി വിറ്റാണ് രക്‌തസാക്ഷിയായ സഹോദരനെ ചികിത്സിച്ചതെന്നും അന്നൊരു പാര്‍ട്ടിക്കാരനെയും സഹായത്തിന് കണ്ടില്ലെന്നും സുധാകരന്‍ ഏറ്റുപറയുന്നു.
അവഗണനയും പരിഹാസവുംകൊണ്ട് ഏത് നേതാവിനെയും മൂലയ്‌ക്കിരുത്താമെന്ന് ഒരു പാര്‍ട്ടിയും കരുതേണ്ട. എല്ലാം കാണുന്ന, അറിയുന്ന സര്‍വാധികാരിയായ ജനങ്ങള്‍ പകരം ചോദിക്കാതിരിക്കില്ല. ചുവരെഴുതാനും കണ്‍വന്‍ഷന്‍ നടത്താനും ആളെക്കൂട്ടാനും പണപ്പിരിവിനും താനില്ലെന്ന് സുധാകരന്‍ തന്റെ നയം വ്യക്‌തമാക്കുന്നു. ജയിച്ചാലും തോറ്റാലും ഫണ്ടുപിരിവില്‍ വിജയശ്രീലാളിതരാകുന്ന പതിവ് തെരഞ്ഞെടുപ്പ് ശൈലിയല്ല തന്റേതെന്ന് ചുരുക്കം.
പാര്‍ട്ടിയെ തള്ളിപ്പറയാതെ പാര്‍ട്ടി നേതാക്കളെ കരിവാരിത്തേക്കാതെ, രാഷ്‌ട്രീയാധഃപതനങ്ങള്‍ക്കെതിരേ ആളിപ്പടരുന്ന അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരേ ഒരു സംശുദ്ധ കമ്യൂണിക്കേഷന്റെ ഒറ്റയാള്‍ സമരമാണ് ജി.സുധാകരന്‍. കണ്‍വന്‍ഷന്‍, ചുവരെഴുത്ത്, റാലി, ഫണ്ട് പിരിവ് ഇതൊന്നുമില്ലാതെ മത്സരിക്കാന്‍ ആത്മവിശ്വാസമില്ലാത്ത സ്‌ഥാനാര്‍ഥികളുടെ നാടാണിതെന്നോര്‍ക്കണം.
ഒരു മുന്നണിയുടെയും നേതാവിന്റെയും ജാതിമത ഹോള്‍സെയില്‍ ഡീലര്‍മാരുടെയും പിന്നാമ്പുറംതേടിച്ചെല്ലാത്ത, ധാര്‍മ്മികതയുടെയും ഇച്‌ഛാശക്‌തിയുടെയും പിന്‍ബലത്തില്‍, അക്ഷരാര്‍ഥത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സുധാകരനെ, ശബ്‌ദമില്ലാത്ത മലയാളിയുടെ ശബ്‌ദമായി അമ്പലപ്പുഴക്കാര്‍ പരിഗണിക്കുമോ എന്നാണ് കേരളം കാതോര്‍ക്കുന്നത്.
ജി. സുധാകരന്‍ ഒരു പ്രതീകവും പ്രത്യാശയുമാണ്. ജീര്‍ണിച്ച രാഷ്‌ട്രീയ കേരളത്തിനെതിരേ ഒരു ദിശാസൂചിക. ഇനിയും കെടാതെനില്‍ക്കുന്ന അമ്പലപ്പുഴയുടെ ഈ മണ്‍ചെരാത്, സൂര്യനസ്‌തമിച്ചാലും തന്നാലാവുംവിധം ഇരുട്ടിനെതിരേ പൊരുതുമെന്ന് ടാഗോറിനെപ്പോലെ പറയുന്നു.
അക്ഷരദ്യുതി പരത്തിയ, അനീതിക്കെതിരേ ചിലങ്ക കെട്ടിയ, അമ്പലപ്പുഴ വീണ്ടും കേരളത്തോട് പറയുന്നു:
ഈ നെയ്‌ത്തിരി കെടാതെ സൂക്ഷിക്കുക.
പായിപ്ര രാധാകൃഷ്‌ണന്‍