-->
സിനിമാലോകവും പ്രേക്ഷകരും അക്ഷമരായി കാത്തിരുന്ന ആ നിമിഷങ്ങള്‍ വന്നെത്തിയിരിക്കുകയാണ്. ബിഗ്സ്ക്രീനിലെ മികച്ച കെമിസ്ട്രി തങ്ങളുടെ ജീവിതത്തിലേക്ക് പകര്‍ത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ടയും, രാശ്മിക മന്ദാനയും. വിരോഷ് വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു. ഉദയ്പൂര്‍ പാലസില്‍ ഫെബ്രുവരി 26ന് വിവാഹം എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു.
ഐടിസി മെമെന്റോസ് എന്ന ആഡംബര ഹോട്ടലിലാണ് കുടുംബാംഗങ്ങളുടെയും ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ സ്വകാര്യമായ ചടങ്ങിലാണ് വിജയ് ദേവരകൊണ്ട രശ്മിക മന്ദാനയുടെ കഴുത്തില്‍ താലികെട്ടിയത്. വിവാഹ ചിത്രങ്ങള്‍ ചോരാതിരിക്കാൻ മൊബൈല്‍ ഫോണുകള്‍ക്കും ക്യാമറകള്‍ക്കും വിവാഹവേദിയില്‍ കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കിടുകയാണ് രാശ്മിക മന്ദാന. താന്‍ എപ്പോഴും സ്വപ്നം കണ്ട സ്ത്രീയായി തന്നെ മാറ്റിയതിന് കാരണം വിജയ് ആണെന്നും താന്‍ അനുഗ്രഹിക്കപ്പെട്ടവളാണെന്നും വിജയ് യുടെ ഭാര്യയെന്ന് വിളിക്കപ്പെടാന്‍ താന്‍ ആവേശഭരിതയാണെന്നും രാശ്മിക കുറിക്കുന്നു.
‘‘ഹായ് പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങള്‍ക്ക് എന്റെ ഭർത്താവിനെ പരിചയപ്പെടുത്തുന്നു...മിസ്റ്റർ വിജയ് ദേവരകൊണ്ട...
യഥാർത്ഥ പ്രണയം എന്താണെന്ന് എനിക്ക് പഠിപ്പിച്ചു തന്ന മനുഷ്യൻ, സമാധാനത്തില്‍ ആയിരിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് കാണിച്ചു തന്ന മനുഷ്യൻ, എല്ലാ ദിവസവും വലിയ സ്വപ്നം കാണണമെന്ന് എന്നോട് പറഞ്ഞ മനുഷ്യൻ, എനിക്ക് ഒരിക്കലും കഴിയുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാൾ വളരെയധികം നേടാൻ എനിക്ക് കഴിയുമെന്ന് നിരന്തരം എന്നോട് പറഞ്ഞിരുന്ന മനുഷ്യൻ...ആരും കാണാത്തതുപോലെ നൃത്തം ചെയ്യുന്നതിൽ നിന്ന് എന്നെ ഒരിക്കലും തടയാത്ത പുരുഷൻ.. സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നതാണ് എക്കാലത്തെയും മികച്ച കാര്യം എനിക്ക് കാണിച്ചു തന്ന മനുഷ്യന്‍...
എന്നെ വിശ്വസിക്കൂ, ഈ മനുഷ്യനെക്കുറിച്ച് എനിക്ക് ഒരു പുസ്തകം എഴുതാൻ കഴിയും...
ഞാൻ എപ്പോഴും സ്വപ്നം കണ്ട സ്ത്രീയായി എന്നെ മാറ്റിയതിന് കാരണവും എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയതിനും പിന്നില്‍ നീയാണ്...ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവളാണ്...
വിജ്ജു, നിന്നോടുള്ള എന്റെ വികാരങ്ങൾ വിവരിക്കാൻ എനിക്ക് എപ്പോഴും വാക്കുകൾ കുറവാണ്... ഞാൻ എപ്പോഴും അത് നിന്നോട് പറഞ്ഞിട്ടുണ്ട്...
പക്ഷേ പെട്ടെന്ന് എന്റെ എല്ലാ നേട്ടങ്ങളും, പോരാട്ടങ്ങളും, സന്തോഷവും, സങ്കടവും, സന്തോഷവും, ജീവിതവും എല്ലാം നീ അറിഞ്ഞു - ഇപ്പോൾ എല്ലാം കൂടുതൽ അർത്ഥവത്താകുന്നു - കാരണം എനിക്ക് നീയുണ്ട് - എല്ലാത്തിനും സാക്ഷിയായി.. എല്ലാത്തിന്റെയും ഏറ്റവും വലിയ ഭാഗമാകാൻ...
നിന്റെ ഭാര്യയാകാൻ എനിക്ക് വളരെ ആവേശമുണ്ട്... നിന്റെ ഭാര്യയാകാൻ... നിങ്ങളുടെ ഭാര്യ എന്ന് വിളിക്കപ്പെടാൻ... ആഘോഷിക്കാനുള്ള സമയമാണിപ്പോള്‍....നമുക്ക് ഒരുമിച്ച് ഇതുവരെയില്ലാത്തത്ര മികച്ച ജീവിതം ആസ്വദിക്കാം...ഞാൻ നിന്നെ സ്നേഹിക്കുന്നു...’’ എന്നാണ് വിവാഹചിത്രങ്ങള്‍ പങ്കിട്ട് രാശ്മിക കുറിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ സ്വർഗ ലോകത്ത് നിന്ന് ദേവനും ദേവിയും ഭൂമിയിലേക്ക് ഇറങ്ങിവന്നതുപോലെയായിരുന്നു ഇരുവരുടെയും വിവാഹ വേഷം. റസ്റ്റ് ഹ്യൂ നിറത്തിലുള്ള സാരിയ്ക്കും സ്വർണ്ണ നിറത്തിൽ ആഡംബരമായി അലങ്കരിച്ച ബ്ലൗസിനുമൊപ്പം അലങ്കരിച്ച മാലകളും, ബാജുബന്ധുകളും, മാങ് ടിക്കയും, കടാസും, വലുപ്പം കൂടിയ ജുംകകളുമടക്കം പരമ്പരാഗത സ്വർണ്ണ ആഭരണങ്ങളും ധരിച്ച്, മോഗ്ര ചരടുകളും വലിയ സ്വർണ്ണ ആക്സസറിയും കൊണ്ട് അലങ്കരിക്കുകയും ചെയ്ത തലമുടി കൂടി വിടര്‍ത്തിയിട്ടപ്പോള്‍ ശരിക്കുമൊരു അപ്സരസ്സിനെപ്പോലെയായിരുന്നു രാശ്മിക.
ഐവറി ധോത്തിയും കാടിന്റെയും ക്ഷേത്രത്തിന്റെയും പ്രചോദനാത്മകമായ രൂപങ്ങൾ (ശക്തി, വംശം, പവിത്രമായ വാസ്തുവിദ്യ എന്നിവയുടെ പ്രതീകങ്ങൾ) സങ്കീർണ്ണമായി എംബ്രോയ്ഡറി ചെയ്ത ശ്രദ്ധേയമായ വെർമിലിയൻ അംഗവസ്ത്രവുമാണ് വിജയ് ധരിച്ചത്. അതിനൊപ്പം സ്റ്റഡുകൾ, രാജകീയ കമർബന്ധ്, മാലകൾ, ക്ഷേത്ര വളകൾ എന്നിവയും താരം അണിഞ്ഞിരുന്നു. പരമ്പരാഗത ചടങ്ങുകളുടെ സന്തോഷകരമായ ചിത്രങ്ങള്‍ക്കൊപ്പം രാശ്മികയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് ഈറനണിഞ്ഞിരിക്കുന്ന ചിത്രവുമുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പല പ്രമുഖരും താരങ്ങള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. രാശ്മിക പങ്കിട്ട വിവാഹചിത്രങ്ങള്‍ക്ക് താഴെയും സഹതാരങ്ങളുടെ ആശംസകള്‍ നിറയുന്നുണ്ട്. ‘അഭിനന്ദനങ്ങൾ റാഷൂ, രണ്ടുപേർക്കും... സന്തോഷവും സ്നേഹവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു...’ എന്നാണ് കൃതി സനോണ്‍ കുറിച്ചിരിക്കുന്നത്. അര്‍ജുന്‍ കപൂര്‍, ആയുഷ്മാന്‍ ഖുറാന, അനുപമ പരമേശ്വരന്‍, നേഹാ ധൂപിയ, റായ് ലക്ഷ്മി എന്നിങ്ങനെ മിക്ക താരങ്ങളും താരദമ്പതിമാര്‍ക്ക് ആശംസകള്‍ കുറിക്കുന്നുണ്ട്.
ഹൃദ്യമായ കുറിപ്പോടെ വിജയ് ദേവരകൊണ്ടയും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ‘‘അവളില്ലാത്ത ഒരു ദിവസം അപൂർണ്ണമാണെന്ന് എനിക്ക് തോന്നി... ഒരുപക്ഷേ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്റെ ആ ദിവസം ഇതിലും മനോഹരമായേനെ. ഞങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നെങ്കിൽ ആ ഭക്ഷണത്തിന് കൂടുതൽ രുചിയും ആത്മബന്ധവും ഉണ്ടായേനെ.ഞങ്ങൾ ഒരുമിച്ച് വ്യായാമം ചെയ്തിരുന്നെങ്കിൽ, അതൊരു ശിക്ഷയായി തോന്നാതെ എത്ര സന്തോഷമുള്ള ഒന്നായേനെ. എവിടെയാണെങ്കിലും, ആ ഒരു ആശ്വാസത്തിനും സമാധാനത്തിനും എനിക്ക് അവളെ വേണമായിരുന്നു... എന്റെ വീട് അവളാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട്, എന്റെ പ്രാണസ്നേഹിതയെ ഞാൻ എന്റെ ഭാര്യയാക്കി...’’ എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് വിജയ് കുറിച്ചത്. കുതിരപ്പുറത്തേറിയാണ് വിജയ് വിവാഹമണ്ഡപത്തിലേക്ക് എത്തിയത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
വിവാഹത്തിന്റെ ഭാഗമായുളള ആഘോഷങ്ങള്‍ രണ്ടു ദിവസമായി റിസോര്‍ട്ടില്‍ നടന്നുവരികയാണ്. വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളിലൂടെയാണ് വിവാഹാഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ കണ്ടിരുന്നത്. ഇന്നലെ വൈകുന്നേരം ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരുന്നു.
വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിന്റെ ആചാരപ്രകാരമുള്ള പരമ്പരാഗത തെലുങ്ക് ചടങ്ങുകളോടെയുള്ള വിവാഹമാണ് രാവിലെ നടന്നത്. രശ്മികയുടെ കുടുംബത്തിനായി കൂർഗ് (കൊടക) വിവാഹ ചടങ്ങുകള്‍ വൈകിട്ടോടെയാണ് നടക്കും. ഹല്‍ദി, സംഗീത് നൈറ്റിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഫാന്‍ പേജുകളിലൂടെയായി മുന്‍പ് പുറത്തുവന്നിരുന്നു.
ഗീതഗോവിന്ദം സെറ്റില്‍ വെച്ചാണ് വിജയും രശ്മികയും പരിചയപ്പെടുന്നത്. റൊമാന്റിക് ഡ്രാമയായി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം ചിത്രം സ്വന്തമാക്കി. ഇവരുടെ പ്രണയകഥ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഇവരുടെ ഓണ്‍സ്ക്രീന്‍ കെമിസ്ട്രി റിയല്‍ ലൈഫിലും ഉണ്ടായിരുന്നെങ്കിലെന്ന് അന്നേ പ്രേക്ഷകര്‍ തുറന്നു പറഞ്ഞിരുന്നു. സ്‌ക്രീനിന് പുറത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും.
പൊതു പരിപാടികളില്‍ ഇരുവരും ഒന്നിച്ച് പങ്കെടുത്ത് തുടങ്ങിയതോടെ പ്രണയത്തിലാണോ എന്ന ചോദ്യങ്ങള്‍ വന്നു തുടങ്ങി. അതോടെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരങ്ങളായി ഇവര്‍ മാറി. അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യം നേരിടേണ്ടി വന്നപ്പോഴും ഇരുവരും മൗനം പാലിച്ചു. നീണ്ട എട്ടു വര്‍ഷത്തെ ഡേറ്റിംഗിന് ശേഷമാണ് താരങ്ങള്‍ വിവാഹിതരാകുന്നത്. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും പ്രണയം പരസ്യമാക്കിയത്. അടുത്ത 230 കുടുംബാംഗങ്ങള്‍ക്കും പ്രത്യേക വിശിഷ്ട വ്യക്തികള്‍ക്കും മാത്രമേ വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നുള്ളൂ. മാധ്യമങ്ങള്‍ക്കും വിവാഹവേദിയിലേക്ക് വിലക്കുണ്ട്. മാത്രമല്ല, വിവാഹഫോട്ടോകള്‍ ചോരാതിരിക്കാന്‍ മൊബൈല്‍ ക്യാമറയ്ക്കും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.