Wednesday, March 11, 2026 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 PM

വിലപേശല്‍ ശേഷി ശോഷിച്ച്‌ ട്രംപ്‌! യു.എസ്‌. സുപ്രീം കോടതി വിധി

uploads/news/2026/02/827282/int1.jpg

ന്യൂയോര്‍ക്ക്‌: പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ പകരത്തീരുവ നയം യു.എസ്‌. സുപ്രീം കോടതി റദ്ദാക്കിയതും തൊട്ടുപിന്നാലെ യു.എസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും ട്രംപ്‌ 10% ആഗോളതീരുവ പ്രഖ്യാപിച്ചതുമായ നടപടികളില്‍ പകച്ച്‌ രാജ്യാന്തരവാണിജ്യമേഖല. ഏത്‌ തീരുവയാണ്‌ നിലവില്‍ തങ്ങള്‍ക്ക്‌ ബാധകമാകുകയെന്ന കടുത്ത ആശയക്കുഴപ്പത്തിലാണ്‌ അമേരിക്കയുടെ വാണിജ്യപങ്കാളികളായ മിക്ക രാജ്യങ്ങളും.
വാണിജ്യക്കരാറുമായി ബന്ധപ്പെട്ട്‌ വിവിധ രാജ്യങ്ങളുമായി നടത്തിവന്ന ചര്‍ച്ചകളില്‍ യു.എസ്‌. പുലര്‍ത്തിവന്ന അപ്രമാദിത്വത്തിനും സുപ്രീം കോടതി വിധി തിരിച്ചടിയായി. പ്രസിഡന്റ്‌ പദവിയിലെ രണ്ടാംവരവിനു പിന്നാലെ, കഴിഞ്ഞവര്‍ഷമാണു ട്രംപ്‌ ആഗോളസാമ്പത്തികക്രമത്തെ അപ്പാടെ അട്ടിമറിക്കുന്ന നടപടികളിലേക്കു കടന്നത്‌. ട്രംപ്‌ ചുമത്തിയ തീരുവകളില്‍ ഇളവ്‌ നേടുന്നതിനു പകരമായി യു.എസില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ജപ്പാന്‍ പോലും നിര്‍ബന്ധിതമായി. എന്നാല്‍, ട്രംപിന്റെ വിലപേശല്‍ ശേഷിക്കു കനത്തപ്രഹരമേല്‍പ്പിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ കാര്യങ്ങള്‍ മാറിമറിയുന്ന സ്‌ഥിതിയാണ്‌. ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കു യു.എസ്‌. സുപ്രീം കോടതി വിധിയോടെ തീരുവ ഇളവ്‌ ലഭിക്കുമ്പോള്‍, മുമ്പുണ്ടാക്കിയ സമവായത്തിനു വിരുദ്ധമായി ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങള്‍ക്ക്‌ ഉയര്‍ന്നതീരുവ നേരിടേണ്ടിവരും.
ഇന്ത്യ-യു.എസ്‌. വാണിജ്യക്കരാര്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിനില്‍ക്കേയാണ്‌ യു.എസ്‌. സുപ്രീം കോടതി വിധി പുറത്തുവന്നത്‌. ഇതോടെ അവസാനഘട്ടചര്‍ച്ചകള്‍ ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയാണ്‌. യൂറോപ്യന്‍ യൂണിയന്‍ ഇക്കാര്യത്തില്‍ യു.എസ്‌. സര്‍ക്കാരിനോട്‌ വ്യക്‌തത തേടി. പുതിയ സാഹചര്യത്തില്‍ ബെല്‍ജിയം ലോകവ്യാപാരസംഘടനയുടെ (ഡബ്ല്യു.ടി.ഒ) ഉപദേശം തേടാനുള്ള ഒരുക്കത്തിലാണ്‌.
മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ രണ്ടുവരെ ചൈനാ സന്ദര്‍ശനത്തിനൊരുങ്ങുന്ന ട്രംപിന്‌ പ്രസിഡന്റ്‌ ഷി ചിന്‍പിങ്ങുമായുള്ള ചര്‍ച്ചകളില്‍ കനത്തവിലപേശല്‍ നേരിടേണ്ടിവരും. അമേരിക്കയില്‍നിന്ന്‌ സോയാബീന്‍, ബോയിങ്‌ വിമാനങ്ങള്‍, ഊര്‍ജം എന്നിവ കൂടുതലായി ഇറക്കുമതി ചെയ്യാന്‍ ചൈനീസ്‌ സര്‍ക്കാരിനുമേലുള്ള സമ്മര്‍ദം ഇനി മുമ്പത്തെപ്പോലെ ഫലിച്ചേക്കില്ല.

Ads by Google
Wednesday 25 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW