-->
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകാലശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ആര്യന്‍ മാന്‍ നിയമിച്ച സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ ഹോസ്‌റ്റലില്‍ തോക്കുമായി കയറി താമസക്കാരെ ഭീഷണിപ്പെടുത്തിയെന്നു പരാതി. സംഭവം അന്വേഷിക്കാന്‍ സര്‍വകലാശാല ആറംഗ സമിതി രൂപീകരിച്ചു.
സര്‍വകലാശാലയുടെ ഗ്വയര്‍ ഹാള്‍ ഹോസ്‌റ്റലിലാണ് അതിക്രമം നടന്നത്. ആര്യന്‍ മാന്റെ കൂട്ടാളികള്‍ നിയമവിരുദ്ധമായി ഹോസ്‌റ്റലിന്റെ പല ഭാഗങ്ങളും കൈവശപ്പെടുത്തിയിട്ടുണ്ടെന്നു ഹോസ്‌റ്റലിലെ താമസക്കാര്‍ പരാതി നല്‍കി. കൂപ്പണുകള്‍ ഇല്ലാതെ മെസ് പതിവായി ഉപയോഗിക്കുന്നതായും പരാതിയുണ്ട്.
23 ന് മെസിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണു മാന്റെ കൂട്ടാളികള്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയത്. സംഘത്തിലൊരാള്‍ മെസിലെ കൂപ്പണ്‍ ബുക്ക്‌ലെറ്റ് മുഴുവന്‍ എടുത്തുകൊണ്ടുപോയതായും ആരോപണമുണ്ട്. എ.ബി.വി.പി. നേതാവാണ് ആര്യന്‍ മാന്‍.