-->
ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി. എട്ടാം ക്ലാസിലെ പാഠപുസ്‌തകങ്ങളില്‍നിന്ന് നീതിന്യായ വിഭാഗത്തില്‍ വിവിധ തലങ്ങളിലുള്ള അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശം നീക്കം ചെയ്യുമെന്നു കേന്ദ്ര സര്‍ക്കാര്‍. ഇത്തരം കാര്യങ്ങള്‍ പുസ്‌തകത്തില്‍ ഉള്‍ക്കൊള്ളിച്ചത് അനുചിതമായെന്നു സര്‍ക്കാര്‍ വിലയിരുത്തി.
ജനാധിപത്യത്തിലുള്ള പൊതുജന വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന നീതിന്യായ വിഭാഗത്തിലെ അഴിമതിക്കുറിച്ച് 2025 ജൂലൈയില്‍ മുന്‍ ചീഫ് ജസ്‌റ്റിസ് ബി.ആര്‍. ഗവായ് നടത്തിയ പരാമര്‍ശമാണ് പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
പാഠഭാഗത്തില്‍ സുപ്രീം കോടതി ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ ഇടപെടല്‍. സംവിധാനത്തെ അവഹേളിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യ കാന്ത് വ്യക്‌തമാക്കി. താന്‍ ഇക്കാര്യം ശ്രദ്ധച്ചിട്ടുണ്ടെന്നും സ്വമേധയാ നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'നീതിന്യായ വിഭാഗത്തിലെ അഴിമതിയെക്കുറിച്ച് ക്ലാസ് എട്ടിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന എന്‍.സി.ഇ.ആര്‍.ടി പുസ്‌തകം.
രാഷ്‌ട്രീയക്കാരുടെയും മന്ത്രിമാരുടെയും പൊതുസേവകരുടെയും അന്വേഷണ ഏജന്‍സികളുടെയും ഭരണകൂടങ്ങളുടെയും വന്‍ അഴിമതികളെക്കുറിച്ച് എന്തുകൊണ്ട് പ്രതിപാദിക്കുന്നില്ല? അവയെല്ലാം മൂടിവയ്‌ക്കുകയാണോ!' എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എക്‌സ് പോസ്‌റ്റില്‍ ചോദിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഈ പ്രതികരണം.