-->
ന്യൂയോര്‍ക്ക്: ഇറാനെതിരേ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൈനികനടപടി മുന്നറിയിപ്പ് നല്‍കിയതിനേത്തുടര്‍ന്ന്, പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ യു.എസ്. പടനീക്കത്തിനു സാക്ഷ്യം വഹിച്ച് മധ്യേഷ്യ. പടക്കപ്പലുകളും പോര്‍വിമാനങ്ങളും ഉള്‍പ്പെടെയുള്ള സൈനികവ്യൂഹമാണ് ഇറാനെ ലക്ഷ്യമിട്ട് നീങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി പടക്കപ്പലായ 'യു.എസ്.എസ്. ജെറാള്‍ഡ് ആര്‍. ഫോര്‍ഡി'ല്‍ മാത്രം 5000 നാവികരാണുള്ളത്.
അതേസമയം, കഴിഞ്ഞ ജൂണ്‍ മുതല്‍ ഉള്‍ക്കടലില്‍ തുടരുന്ന യു.എസ്.എസ്. ജെറാള്‍ഡ് ഫോര്‍ഡില്‍ നാവികരുടെ ബാഹുല്യത്തേത്തുടര്‍ന്ന് ശൗചാലയങ്ങളിലെ ബഹിര്‍ഗമനക്കുഴലുകള്‍ അടയുന്നത് ഉള്‍പ്പെടെയുള്ള വന്‍പ്രതിസന്ധി നിലനില്‍ക്കുന്നു. കഴിഞ്ഞമാസം വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവുകാരനായി പിടികൂടിയ യു.എസ്. ദൗത്യത്തില്‍ നിര്‍ണായകപങ്ക് വഹിച്ചത് ഈ പടക്കപ്പലാണ്. അതിനുശേഷമാണ് അടുത്തനീക്കം ഇറാനെതിരേയാണെന്ന അറിയിപ്പ് കപ്പലിലുള്ള നാവികര്‍ക്ക് ലഭിച്ചത്. നിലവില്‍ മധ്യേഷ്യ ലക്ഷ്യമിട്ടാണ് കപ്പലിന്റെ നീക്കം.
യുദ്ധമില്ലാത്തപ്പോള്‍ ഒരു പടക്കപ്പലില്‍ നാവികരെ വിന്യസിക്കാറുള്ളത് പരമാവധി ആറുമാസത്തേക്കാണെന്ന് യു.എസ്. മുന്‍ റിയര്‍ അഡ്‌മിറല്‍ മാര്‍ക്ക് മോണ്ട്‌ഗോമറി 'വാള്‍ സ്‌ട്രീറ്റ് ജേണലി'നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍, ജെറാള്‍ഡ് ഫോര്‍ഡിലെ നാവികര്‍ എട്ടുമാസമായി കടലിലാണ്. ഇത് 11 മാസംവരെ നീണ്ടേക്കാം. അങ്ങനെയെങ്കില്‍ യു.എസ്. നാവികവിന്യാസത്തില്‍ അത് റെക്കോഡാകും. ജെറാള്‍ഡ് ഫോര്‍ഡ് കപ്പലില്‍ പ്ലംബിങ് സംവിധാനം അവതാളത്തിലാണെന്നു കഴിഞ്ഞമാസംതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 13 ബില്യണ്‍ ഡോളര്‍ നിര്‍മാണച്ചെലവുള്ള കപ്പലിലെ 650 ശൗചാലയങ്ങള്‍ പ്രവര്‍ത്തിക്കാതായതോടെ നാവികര്‍ 24 മണിക്കൂറും ചോര്‍ച്ച അടയ്‌ക്കുന്ന തിരക്കിലാണ്. വാക്വം സംവിധാനമായതിനാല്‍ ഒരു ശൗചാലയത്തിലെ തടസം ആ ബ്ലോക്കിലുള്ള മറ്റ് ശൗചാലയങ്ങളെയും ബാധിക്കും. തടസം എവിടെയെന്നു കണ്ടെത്തുക ഏറെ ശ്രമകരമാണ്.ദീര്‍ഘകാലവിന്യാസം മൂലം കപ്പലില്‍ നേരിടുന്ന പ്രയാസങ്ങളില്‍ നാവികര്‍ രോഷാകുലരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പലരും സേന വിടാനുള്ള ഒരുക്കത്തിലാണ്. 30 വയസില്‍ താഴെയുള്ള യുവതീയുവാക്കളാണ് കപ്പലിലുള്ള നാവികരിലേറെയും. രഹസ്യനീക്കത്തില്‍ (ഗോസ്‌റ്റ് മോഡ്) ആശയവിനിമയത്തിനു നിയന്ത്രണമുള്ളതിനാല്‍ പലരും കുടുംബാംഗങ്ങളുമായി സംസാരിച്ചിട്ട് മാസങ്ങളായി. നിലവില്‍ ഒരു വിമാനവാഹിനി (യു.എസ്.എസ്. എബ്രഹാം ലിങ്കണ്‍) ഉള്‍പ്പെടെ ഡസനിലേറെ യു.എസ്. പടക്കപ്പലുകള്‍ മധ്യഷ്യന്‍ മേഖലയിലുണ്ട്. ജെറാള്‍ഡ് ഫോര്‍ഡ് കൂടിയെത്തുന്നതോടെ വിമാനവാഹിനികള്‍ രണ്ടാകും. ഡസന്‍ കണക്കിനു പോര്‍വിമാനങ്ങളും ആയിരക്കണക്കിനു നാവികരുമായി രണ്ട് യു.എസ്. വിമാനവാഹിനി പടക്കപ്പലുകള്‍ മധ്യേഷ്യയില്‍ വിന്യസിക്കുന്നത് അപൂര്‍വനടപടിയാണ്.