-->
വൈവിധ്യമാര്‍ന്ന അവതരണവുമായെത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകളില്‍ ഒരാളായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അഭിനയത്തിനും അവതരണത്തിനും പുറമേ എഴുത്തുലോകത്തും സജീവമാണ് അശ്വതി. ചക്കപ്പഴത്തിലെ ആശാ ഉത്തമൻ എന്ന കഥാപാത്രത്തിലൂടെയും അശ്വതി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കൂടിയായ അശ്വതി പേരന്റിങ്ങ്, സോഷ്യൽ വിഷയങ്ങൾ തുടങ്ങി പല കാര്യങ്ങളിലും അശ്വതി തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്.
സോഷ്യൽ മീഡിയയിലും സജീവമായ താരം കുടുംബ വിശേഷങ്ങളും മക്കളുമായി പങ്കിടുന്ന കൊച്ചു കൊച്ചു വർത്താനങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ മൂത്ത മകൾ പത്മ തനിക്കായി നൽകിയ സർപ്രൈസ് പങ്കിടുകയാണ് അശ്വതി. അമ്മയുടെ ജന്മദിനത്തിൽ തന്റെ പോക്കറ്റ് മണി കൊണ്ട് ഗിഫ്റ്റ് വാങ്ങാൻ പത്മ കൊണ്ടു പോയ സന്തോഷമാണ് താരം പങ്കിട്ടിരിക്കുന്നത്. ഫോറം മാളിൽ അമ്മയെയും കൊണ്ടുപോയാണ് സമ്മാനം വാങ്ങി നൽകിയതെന്ന് മനോഹരമായ കുറിപ്പിലൂടെ അശ്വതി വിശദീകരിക്കുന്നു.
‘‘മാസങ്ങൾക്ക് മുന്നേ പത്മ പറയുന്നതാണ് അമ്മയുടെ ബർത്ത്ഡയേക്ക് എന്റെ കൂടെ ഷോപ്പിങ്ങിന് വരണം എന്ന്. അങ്ങനെ ഇന്നലെ ഫോറം മാളിൽ പോയി, എന്നെ കൊണ്ട് ഡ്രസ്സും ചെരുപ്പും ഒക്കെ വാങ്ങിപ്പിച്ചു. ട്രയൽ റൂമിന് മുന്നിൽ കാത്തിരുന്ന അവൾക്ക് മടുക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘അമ്മേ, ഞാൻ ഇവിടെ എന്നേക്കും നിങ്ങൾക്കായി ഇരിക്കാം...’ എന്നായിരുന്നു മറുപടി.
കൗണ്ടറിൽ എത്തിയപ്പോൾ അവളുടെ കയ്യിലുള്ളതിനേക്കാൾ അല്പം കൂടിയേക്കുമോ ഫൈനൽ ബിൽ എന്ന് സംശയമായി. ബാക്കി കാശ് അമ്മ കൊടുക്കാം, സാരമില്ല എന്ന് പറഞ്ഞിട്ടും മുഖം ആകെ വാടി. അപ്പോഴാണ് ബർത്ത്ഡേ മാസത്തിന്റെ ഡിസ്കൗണ്ടിന്റെ രൂപത്തിൽ പത്തുശതമാനം കാശ് ബില്ലിൽ കുറഞ്ഞത്... ആഹ്... അവളെ ഇത്രയും സന്തോഷിച്ച് ഈയടുത്തൊന്നും കണ്ടിട്ടില്ല...
അതെ, ഇനിയും വിഷു വരും, തിരുവോണം വരും. നീയിനിയും വളരും. നിന്റെ നിഴൽ പറ്റി ഞാനും...
അവളുടെ അനുവാദത്തോടെ ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അശ്വതി മകളുടെ ഗിഫ്റ്റിനെക്കുറിച്ച് ഹൃദയം നിറച്ച് കുറിച്ചിരിക്കുന്നത്. ഒപ്പം മകള്‍ ഷോപ്പിംഗിന് കൊണ്ടു പോയ വീഡിയോയും അശ്വതി പങ്കുവച്ചിട്ടുണ്ട്.
വിഡിയോയിൽ രണ്ടു പേരും കൂടി ഫോറം മാളിലേക്ക് എത്തുന്നതും ബില്ലിംഗ് കൗണ്ടറിൽ കാശ് എണ്ണി കൊടുക്കുന്നതും എല്ലാം കാണാം. സമ്മാനം വാങ്ങി നൽകി പുറത്തേക്ക് എത്തുമ്പോൾ ‘കാശെല്ലാം തീർന്നോ’ എന്ന് അമ്മ ചോദിക്കുമ്പോൾ തീർന്നെന്ന് മകൾ തലയാട്ടി സമ്മതിക്കുന്നുണ്ട്. പക്ഷേ, ‘ഇനിയും വിഷു വരില്ലേ’ എന്ന മനോഹരമായ മറുപടിയും പത്മ നൽകുന്നുണ്ട്. മകളെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോയിലാണ് വിഡിയോ അശ്വതിയുടെ അവസാനിക്കുന്നത്. ഈ വിഡിയോയ്ക്ക് ഒപ്പം പങ്കുവച്ച കുറിപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം ‘ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത് അവളുടെ അനുവാദത്തോടു കൂടിയാണ്’ എന്ന അതിലെ ഏറ്റവും അവസാനത്തെ വരികളാണ്. ഈ വരികളിലെ മാറ്റം തന്നെ കാഴ്ച്ചക്കാര്‍ ഏറ്റെടുക്കുന്നുണ്ട്. ഇതുവരെ 1.3 മില്യൺ ആളുകളാണ് വിഡിയോ കണ്ടത്.