-->
മലയാളികൾക്ക് പ്രിയപ്പെട്ട ടെലിവിഷൻ അവതാരക, അഭിനേത്രി, എഴുത്തുകാരി, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്നീ നിലയിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. ജീവിതത്തില്‍ താന്‍ പഠിച്ചതും, അറിഞ്ഞതുമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരം പങ്കുവയ്ക്കാറുണ്ട് അശ്വതി. പേരന്റിങ്ങിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെ നിരന്തരം സംസാരിക്കുന്ന ലൈഫ് കോച്ച് കൂടിയാണ് താരം. താരത്തിന്റെ വരികളില്‍ ഒരു ഹൃദയസ്പര്‍ശമുണ്ടെന്നാണ് പലരും കുറിക്കാറുള്ളത്.
ഇപ്പോഴിതാ താന്‍ ഒരിക്കല്‍ താമസിച്ചിരുന്ന സ്ഥലത്തേക്കും വീട്ടിലേക്കും 18 വര്‍ഷങ്ങള്‍ക്കിപ്പുറം പോയ വീഡിയോ പങ്കിടുകയാണ് അശ്വതി ശ്രീകാന്ത്. 20 വർഷം മുൻപ് വിറ്റ, ഒരിക്കൽ തനിക്കേറെ പ്രിയപ്പെട്ട വീടിനെയും പഴയ സ്ഥലവുമൊക്കെ കണ്ട് വൈകാരികമായി നോക്കുന്നതും ഈറനണിയുകയും ചെയ്യുന്ന അശ്വതിയെ വീഡിയോയില്‍ കാണാം. വിറ്റു പോയിട്ടും വിട്ട് പോകാത്ത ചിലതില്ലേ എന്നാണ് അശ്വതി ഇതിനെക്കുറിച്ച് കുറിച്ചിരിക്കുന്നത്.
‘‘ഒരിക്കൽ നിങ്ങളുടേതായിരുന്ന ഒരിടത്തേക്ക് വർഷങ്ങൾക്കിപ്പുറം കയറി ചെന്നിട്ടുണ്ടോ? എന്നെ ഓർമ്മയില്ലേ എന്ന് ചോദിക്കാൻ പോലുമാവാത്ത വണ്ണം അപരിചിതമായിക്കഴിഞ്ഞ ഒരിടത്തിങ്ങനെ കണ്ണ് നിറഞ്ഞ് നിന്നിട്ടുണ്ടോ? ലില്ലിപുട്ടിലെത്തിയ ഗള്ളിവറിന്റെ കഥ വായിക്കാൻ പണ്ടിരുന്ന അതേ പടിക്കെട്ടിൽ ഇന്ന് ഞാൻ ഗള്ളിവറോളം വളർന്നു നിൽക്കുകയാണ്. ഒരിക്കൽ എന്റേതായിരുന്ന വലിയൊരു ലോകം ഒരു കുഞ്ഞു ലില്ലിപുട്ടായി പരിണമിച്ചിരിക്കുന്നു. വെളുത്ത ലില്ലി ചെടികളും കനകാംബരവും പടർന്നു പൂത്ത മുറ്റത്തിന്റെ ഇറമ്പുകൾ, എന്റെ മുച്ചക്ര സൈക്കിൾ ചവിട്ടിയെത്താൻ ബദ്ധപ്പെട്ട അതിരുകൾ, ആകാശം കൊമ്പിലുയർത്തി നിന്ന കശുമാവുകൾ - എല്ലാം ഒറ്റ രാത്രിയിൽ ചുരുങ്ങിപ്പോയത് പോയത് പോലെ.
വിറ്റു പോയിട്ടും വിട്ട് പോകാത്ത ചിലതില്ലേ...അങ്ങനെയൊന്നാണിത്...18 വർഷങ്ങൾക്ക് ശേഷമുള്ള സന്ദർശനം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പഴയ വീട്ടിലേക്കുള്ള യാത്രയുടെ വീഡിയോ അശ്വതി പങ്കിട്ടിരിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധിയാളുകൾ അശ്വതിയുടെ നൊസ്റ്റാള്‍ജിക് വീഡിയോയ്ക്ക് താഴെ സ്നേഹവും സമാനമായ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. ‘കരയിപ്പിച്ചു ട്ടോ ശരിക്കും, ആ വീടും താഴെ ഉള്ള തോടും, എനിക്ക് ഇതുപോലെ പോലെ വീട് ഉണ്ടാരുന്നു എന്റെ ഇടം...’ എന്നതടക്കമാണ് കമന്റുകള്‍.
പോസ്റ്റിനു താഴെ നടി സ്നേഹ ശ്രീകുമാറും തന്റെ വ്യക്തിപരമായ അനുഭവം പങ്കുവച്ചിട്ടുണ്ട്. ‘ചെറിയ പ്രായത്തിൽ വീട് വിറ്റ സങ്കടത്തിൽ എത്രയോ കരഞ്ഞ ദിവസങ്ങൾ.. ചെറുതായതുകൊണ്ട് തന്നെ തീരെ അത് ഉൾക്കൊള്ളാനോ കരച്ചിലടക്കാനോ പറ്റാതെ ആ വീട് നോക്കി, അതിന്റെ മുന്നിൽ പോയി നിന്നിട്ടുണ്ട്.. വീടുവിറ്റിട്ട് ആ നാട്ടിൽ തന്നെ ആയിരുന്നത് കൊണ്ട് അവിടെ പോയി നോക്കി നിക്കും.. അച്ഛന്റെ നേതൃത്വത്തിൽ ഞങ്ങൾ വച്ച തെങ്ങും ,കവുങ്ങും, മാവും, നീന്തൽ പഠിച്ച കുളവും, നന്ദു പശുവിന്റെ തൊഴുത്തും എല്ലാം അന്യമായി നോക്കി നിന്ന ബാല്യം...’ എന്നാണ് സ്നേഹ കുറിച്ചത്.