-->
ടെലിവിഷന്‍ താരവും അവതാരകയും എഴുത്തുകാരിയും യൂട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പേരന്റിങ്ങിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും നിരന്തരം സംസാരിക്കുന്നയാൾ കൂടിയാണ് ഒരു ലൈഫ് കോച്ച് കൂടിയായ അശ്വതി. തന്റെ തിരിച്ചറിവുകളെ കുറിച്ചും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അശ്വതി പങ്കിടാറുള്ള കുറിപ്പുകള്‍ വളരെ പെട്ടെന്നു തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ മുപ്പതുകളിലെ തനിക്ക് കിട്ടിയ തിരിച്ചറിവുകളെക്കുറിച്ച് ശിശു ദിനത്തിൽ അശ്വതി ശ്രീകാന്ത് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ശിശുദിനത്തിലാണ് അശ്വതി തന്റെ ജീവിതത്തെക്കുറിച്ചുള്ള തിരിച്ചറിവുകളും മകള്‍ക്കത് നേരത്തെ മനസ്സിലായതിനെക്കുറിച്ചും പങ്കുവച്ചത്. തന്റെ നന്മ കൊണ്ടല്ല, മറിച്ച് മറ്റുള്ളവര്‍ തള്ളിപ്പറഞ്ഞാൽ എന്താവും എന്ന ചിന്തയാണ് തന്നെ പീപ്പിൾ പ്ലീസറാക്കിയതെന്നും ആളുകൾ തങ്ങളെ റിജെക്ട് ചെയ്യുക എന്നാൽ നമ്മുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്നാണ് പൊതുവെ ബ്രെയിനിന്റെ പക്ഷമെന്നുമാണ് അശ്വതി കുറിക്കുന്നത്.
‘‘എന്റെ കഥ, എനിക്ക് അവളിലൂടെ ആവർത്തിക്കേണ്ടായിരുന്നു...
മകളുടെ പേരെന്റ്സ് മീറ്റിംഗ് ആയിരുന്നു. ടീച്ചേഴ്സിനെല്ലാം അവളെക്കുറിച്ച് നല്ല അഭിപ്രായം. വളരെ അനുസരണയുള്ള, നന്നായി പഠിക്കുന്ന കുട്ടിയെന്ന് അവരെല്ലാം ആവർത്തിച്ചു പറഞ്ഞു.
എ സ്റ്റാറില്‍ കുറഞ്ഞതൊന്നും അവളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും. ഞാൻ ചിരിച്ചുകൊണ്ട് പുറത്ത് ഇറങ്ങിയെങ്കിലും നെഞ്ചിലൊരു കനം...
നാലാമത്തെ വയസ്സിൽ എനിക്കൊരു അനുജൻ ഉണ്ടായപ്പോഴാവണം, പരിഗണന കിട്ടാൻ ഏറ്റവും നല്ല വഴി ‘നല്ല കുട്ടി’യായിരിക്കുക എന്നതാണെന്ന് ഞാൻ മനസ്സിലാക്കിയത്.
ഞാൻ നന്നായി പഠിച്ചത് പോലും, ടീച്ചേഴ്സിന്റെയും പേരന്റ്സിന്റെയും പ്രതീക്ഷയ്ക്കൊപ്പം നിൽക്കാനായിരുന്നു എന്ന് തോന്നുന്നു. ഒരു വശത്ത് അത് ഗുണം ചെയ്‌തെങ്കിലും അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്റെ ഓതന്റിക് സെല്‍ഫ് എന്താണെന്ന് എനിക്ക് തന്നെ അറിയാതെയായി.
വീട്ടിലും സ്കൂളിലും ഗുഡ് ഗേൾ പട്ടം കിട്ടാൻ ഞാനൊരു പീപ്പിൾ പ്ലീസറായി, ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്നോർത്ത് പറഞ്ഞ കാര്യങ്ങൾ പിന്നെയും വിശദീകരിച്ച് ഞാനൊരു ഓവര്‍ എക്സ്പ്ലെയിനര്‍ ആയി. ആരെങ്കിലും മുഖം കറുപ്പിച്ചാൽ അവരെന്നെ വെറുക്കാനുള്ള സാധ്യതകൾ സങ്കൽപ്പിച്ചുകൂട്ടി ഞാനൊരു ഓവര്‍തിങ്കര്‍ ആയി.
എന്റെ തലയിലിരിക്കുന്ന ബ്രെയിൻ എന്റെ പക്ഷമൊഴിച്ച് നാട്ടുകാരുടെ മുഴുവൻ പക്ഷം പിടിച്ചു. ആരോടും നോ പറയില്ല. എനിക്ക് പറ്റില്ലെന്നോ, നടക്കില്ലെന്നോ പറയില്ല. അവർക്ക് വിഷമമായാലോ എന്നതിനേക്കാൾ അവരെന്നെക്കുറിച്ച് എന്ത് വിചാരിക്കും എന്ന ചിന്തയാണ് മുന്നിൽ നിന്നത്. അതായത് എന്റെ നന്മ കൊണ്ടല്ല, മറിച്ച് അവരെന്നെ തള്ളിപ്പറഞ്ഞാൽ എന്താവും എന്ന ചിന്തയാണ് എന്നെ അങ്ങനെയാക്കിയത്. ആളുകൾ നമ്മളെ റിജെക്ട് ചെയ്യുക എന്നാൽ നമ്മുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്നാണല്ലോ പൊതുവെ ബ്രെയിനിന്റെ പക്ഷം.
സത്യത്തിൽ എനിക്കേറ്റവും ആശയക്കുഴപ്പമുണ്ടാക്കിരുന്ന സംഗതി ഞാൻ ചെയ്യുന്ന പലകാര്യങ്ങളും സ്വാഭാവികമായ സഹാനുഭൂതി കൊണ്ടാണോ അതോ എന്റെ പീപ്പിൾ പ്ലീസിങ് സ്വഭാവം കൊണ്ടാണോ എന്ന് മനസ്സിലാക്കാതെ വന്നതാണ്.
ആളുകളെ സന്തോഷിപ്പിക്കാനും അവരുടെ വാലിഡേഷൻ കിട്ടാനുമാണ് നമ്മളൊരു കാര്യം ചെയ്യുന്നതെങ്കിൽ നമ്മൾ അനുഭവിക്കുന്നത് സുഖമുള്ള ഇമോഷന്‍സ് ആവില്ല എന്നതാണ് പീപ്പിൾ പ്ലീസിങ് തിരിച്ചറിയാനുള്ള ഒരു മാർഗം. നമ്മളെല്ലാം ചെയ്യുന്നുണ്ടെങ്കിലും ഡ്രെയിന്ഡ്, ഓവര്‍വെല്‍മംഡ്, അണ്‍അപ്രിഷിയേറ്റ് ഫീലാവും ഒടുവിലുണ്ടാവുക. എന്നാൽ ശരിക്കും കരുണ കൊണ്ട്, സ്നേഹം കൊണ്ട്, സഹാനുഭൂതി കൊണ്ട് ചെയ്യുന്ന കാര്യങ്ങൾക്ക് ഉള്ളിലൊരു നിറവ് വരും.
സംഘർഷങ്ങളെ ഭയക്കുന്ന ആളുകൾ, സ്വയം മതിപ്പ് കുറവുള്ളവർ , വല്ലാതെ വിമർശനങ്ങൾ/ ഏറ്റുവാങ്ങിയിട്ടുള്ളവർ, ചെറുപ്പം മുഴുവൻ ഭയത്തിൽ ജീവിച്ചിട്ടുള്ളവർ, നോ പറയാൻ അവകാശമുണ്ടെന്ന് തന്നെ അറിയാത്ത വിധം ചെറുപ്പത്തിലെ കണ്ടീഷൻ ചെയ്യപ്പെട്ടിട്ടുള്ളവർ- അങ്ങനെ പീപ്പിൾ പ്ലീസേഴ്സ് പല വിധത്തിലാണ് ഉണ്ടാവുന്നത്.
നമ്മളൊരു പീപ്പിൾ പ്ലീസറാണെന്നും നമുക്ക് നോ പറയാനും ബൗണ്ടറി വെക്കാനും ബുദ്ധിമുട്ടാണെന്നും തിരിച്ചറിഞ്ഞാൽ, ആദ്യം അതിന്റെ അടിസ്ഥാന കാരണം കണ്ടെത്താൻ ശ്രമിക്കാം.
ഞാനിപ്പോൾ പറ്റില്ലെന്ന് പറഞ്ഞാൽ എന്ത് സംഭവിക്കുമെന്നാണ് ഭയക്കുന്നതെന്ന് അവനവനോട് ചോദിക്കാം. അവർക്ക് വിഷമമാവുമെന്നാണോ? അവർക്ക് വിഷമമായാൽ എന്ത് സംഭവിക്കും? അവർക്കെന്നോടുള്ള ഇഷ്ട്ടം പോയേക്കുമോ? അവരെന്നെക്കുറിച്ച് മോശം പറയുമോ? ഇതെന്താണ് ഫിയര്‍ ഓഫ് റിജക്ഷന്‍ ആണ്. ഇങ്ങനെ സ്വയം അന്വേഷിച്ച് പോയി കണ്ടെത്താവുന്നതാണ് നമ്മുടെ മിക്ക പേടികളുടെയും ഉറവിടം.
നമ്മുടെ ബൗണ്ടറികളെ ഡിഫൈന്‍ ചെയ്യാം. മെല്ലെ മെല്ലെ പറ്റാത്ത കാര്യങ്ങൾക്ക് നോ പറയാൻ പഠിക്കാം. ആദ്യത്തെ നോ പറച്ചിലിൽ ബുദ്ധിമുട്ടുണ്ടാകും. നമുക്കും നമ്മളിൽ നിന്നും പ്രതീക്ഷിക്കാത്ത ചുറ്റുമുള്ളവർക്കും. ആ ഡിസ്കംഫര്‍ട്ട്, ഗില്‍ട്ട് ഒക്കെ ഉണ്ടാവും എന്ന ധാരണയോടെ തന്നെ വേണം നോ പറയാൻ. നമ്മുടെ ഭാഗം വ്യക്തതയോടെയും ബഹുമാനത്തോടെയും പറയാൻ പഠിക്കുന്നതും ആവശ്യമാണ്.
ഒരു പീപ്പിൾ പ്ലീസർ ആവുന്നുണ്ടോ കുഞ്ഞേ എന്ന് ചോദിച്ചപ്പോൾ മകൾ പറഞ്ഞു - ഇല്ല അമ്മാ, എന്റെ അതിരുകൾ കടക്കാൻ ഞാൻ ആരെയും അനുവദിക്കില്ല. ഞാൻ ദയയുള്ളവളാണെന്ന് ഞാൻ കരുതുന്നു.
എ സ്റ്റാൻഡുകളിൽ ഒതുങ്ങുന്നതല്ല അവളുടെ മൂല്യം എന്ന് കൂടി പറഞ്ഞുറപ്പിച്ച് എന്റെ ഉള്ളിലെ കുട്ടി ആശ്വാസം കണ്ടു. പന്ത്രണ്ട് വയസ്സിൽ അവൾക്ക് മനസ്സിലായത്, എനിക്ക് വെളിവായത് മുപ്പതുകളിലാണ്.
പ്രീതിപ്പെടുത്താനുള്ള ആവശ്യം ഉപേക്ഷിച്ചുകൊണ്ട്, എന്റെ ആധികാരികതയിൽ ഞാൻ ശക്തി കണ്ടെത്തി... ഈ ശിശുദിനത്തിൽ, ഓരോ കുട്ടിയും തന്റെ ആഗ്രഹം, അനുരൂപപ്പെടാനോ അംഗീകാരം തേടാനോ ഉള്ള സമ്മർദ്ദമില്ലാതെ, സ്വതന്ത്രമായി അവരുടെ യഥാർത്ഥ, ആധികാരിക വ്യക്തികളാകാൻ വളരുക എന്നതാണ്. കാരണം ഓരോ കുട്ടിയും അവർ യഥാർത്ഥത്തിൽ ആയിരിക്കുന്നതുപോലെ തിളങ്ങാൻ അർഹരാണ്...
ഒരു മുൻ നല്ല പെൺകുട്ടിയിൽ നിന്നുള്ള ശിശുദിനാശംസകൾ...’’ എന്നാണ് അശ്വതി ശ്രീകാന്ത് സുദീര്‍ഘമായി കുറിച്ചിരിക്കുന്നത്. പതിവു പോലെ അശ്വതിയുടെ വാക്കുകളെ നിറഞ്ഞ കൈയടിയോടെയും അഭിനന്ദനങ്ങളോടെയുമാണ് കാഴ്ച്ചക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘വായിച്ചു കഴിഞ്ഞപ്പോൾ ഒരു സംതൃപ്തിയോ ആത്മവിശ്വാസമോ ഒക്കെ തോന്നി, കൃത്യമായി എഴുതിയിരിക്കുന്നു, ഓരോ വരികളിലും മനസ്സ് ഉടക്കി നില്‍ക്കുന്നു...’ എന്നതടക്കമാണ് കമന്റുകള്‍.