-->
ദോഹ: റമദാൻ പകർന്നുനൽകുന്ന കരുണയുടെയും സഹോദര്യത്തിന്റെയും സന്ദേശമുയർത്തി ഖത്തർ ചാരിറ്റിയും സി.ഐ.സി.യും (സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി)സംയുക്തമായി കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു. വിവിധ തുറകളിലുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഇഫ്താർ വിരുന്ന് സാമൂഹിക ഐക്യത്തിന്റെ വിളംബരമായി മാറി. ശാന്തിനികേതൻ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ ഇഫ്താറൂ റഹ്മ കമ്മ്യൂണിറ്റി ഇഫ്താർ’ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.
കുടുംബാംഗങ്ങളും പ്രമുഖരുമടക്കം ആയിരക്കണക്കിന് പ്രവാസികൾ ഒത്തുചേർന്ന ഇഫ്താർ സംഗമം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഒരു സംഗമഭൂമിയായി മാറി. സി.ഐ.സി ഖത്തർ പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ അധ്യക്ഷ പ്രസംഗം നടത്തി.റമദാൻ മുന്നോട്ട് വെക്കുന്ന സന്ദേശം സ്വന്തം ജീവിതത്തിലും സമൂഹത്തിലും പകർത്താൻ നാം ബാധ്യസ്ഥരാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി . ഒരുമയും സ്നേഹവും ഐക്യവും നിലനിർത്താൻ ഇത്തരം ഇഫ്താർ ഒത്തുചേരലുകൾ കൊണ്ട് സാധിക്കുമെന്ന് സി ഐ സി പ്രസിഡന്റ് പറഞ്ഞു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജിംഗ് ഡയറക്ടറൂം സി ഐ സി മുൻ പ്രസിഡന്റുമായ കെ.സി. അബ്ദുൽ ലത്തീഫ് 'ഇഫ്താറു റഹ്മ' സന്ദേശം നൽകി.റമദാൻ നൽകുന്ന സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും സന്ദേശം അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഖത്തർ ചാരിറ്റി പ്രതിനിധി മുഹമ്മദ് ഹാമിദ് സി ഐ സി യുടെ സംഘാടനമികവിനെയും പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു.
ഖത്തർ ചാരിറ്റിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് ( സുന്ദൂഖുൽ ജാലിയ)കളക്ഷന് സി ഐ സി കേന്ദ്ര സമിതി അംഗം സുഹൈൽ ശാന്തപുരം നേതൃത്വം നൽകി.തുടർന്ന് നടന്ന പ്രാർത്ഥനക്ക് ഡോ. ഇല്യാസ് മൗലവി നേതൃത്വം നൽകി.
ഐ സി സി പ്രസിഡന്റ് എ. പി മണികണ്ഠൻ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാൻ, ഐ സി ബി എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഐ. സി. സി. സെക്രട്ടറി പ്രദീപ് പിള്ള, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് റീജനൽ ഹെഡ് സന്തോഷ് ടി. വി, ഐ സി സി ഉപദേശകസമിതി ചെയർമാൻ പി. എൻ ബാബുരാജൻ, ഇൻകാസ് പ്രസിഡന്റ് സിദീഖ് പുറായിൽ, ഇൻകാസ് മുഖ്യരക്ഷധികാരി ഹൈദർ ചുങ്കത്തറ, ഇൻകാസ് രക്ഷാധികാരി ജോപ്പച്ചൻ തെക്കെക്കൂറ്റ്, ഇൻകാസ് വൈസ് പ്രസിഡന്റ് ജ്യൂട്ടാസ് പോൾ, മുജീബ്റഹ്മാൻ മദനി , തുടങ്ങിയർ പങ്കെടുത്തു.
സി ഐ സി ജനറൽ സെക്രട്ടറി അർഷദ് ഇ സ്വാഗതമാശംസിച്ചു . അബ്ദു റഹീം ഖുർആൻ പാരായണം നടത്തി.റമദാൻ വിശുദ്ധിയുടെ നിറവിൽ ആത്മീയ-സാമൂഹിക മൂല്യങ്ങളുടെ നേർക്കാഴ്ചയായി മാറിയ സംഗമം വ്യക്തിബന്ധങ്ങൾ പുതുക്കാനും സാമൂഹിക സൗഹൃദം ഊട്ടിയുറപ്പിക്കാനുമുള്ള വേദികൂടിയായി.
ഷഫീക്ക് അറക്കൽ