-->
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലെ കലാപരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് 36 ലക്ഷം രൂപ ചെലവായതായി മന്ത്രി വി.എന്‍. വാസവന്‍. കെ. ബാബു, മാത്യു കുഴല്‍നാടന്‍, കെ.കെ. രമ, ടി.ജെ. വിനോദ് എന്നിവര്‍ക്ക് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്. വിജയ് യേശുദാസ് നയിച്ച പരിപാടിക്ക് 28 ലക്ഷവും ഇഷാന്‍ദേവിന്റെ പരിപാടിക്കായി എട്ടുലക്ഷം രൂപയും വകയിരുത്തിയെന്നും ഇഷാന്‍ദേവിന്റെ പരിപാടിക്ക് പകരം നന്ദഗോവിന്ദം ഭജന്‍സ് എന്ന് രേഖപ്പെടുത്തിയത് ഇവന്റ് മാനേജ് മെന്റ് ഗ്രൂപ്പായ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്‍ഫ്രാ സ്ട്രക്ചറിന്റെ പിഴവാണെന്നും പറഞ്ഞു.
വിജയ് യേശുദാസ് നടത്തിയ പരിപാടിക്ക് പക്ഷേ 14 ലക്ഷം രൂപയും ഇഷാന്‍ദേവിന്റെ പരിപാടിക്ക് നാലുലക്ഷം രൂപയുമാണ് നല്‍കിയത്. ഇതിന് വകയിരുത്തിയതിന്റെ ഇരട്ടിത്തുക ബില്ലുകള്‍ നല്‍കിയെന്ന ആരോപണം ശരിയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. നന്ദഗോവിന്ദം ഭജന്‍സിന് അസൗകര്യം വന്നതിനാല്‍ പകരമായിട്ടാണ് ഇഷാന്‍ദേവിന്റെ പരിപാടി നടത്തിയതെന്ന് മന്ത്രി പറഞ്ഞു. സംഗമത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ അപാകത ദേവസ്വം ബോര്‍ഡ് ടാസ്‌ക്ക് ഫോഴ്‌സ് പരിശോധിച്ച ശേഷമേ ബാറ്റി തുക നല്‍കൂ എന്നും ഏജന്‍സി നല്‍കിയ അപൂര്‍ണ്ണവും വ്യക്തതയില്ലാത്തതുമായ ബില്ലുകള്‍ അനുവദിക്കില്ലെന്നും പറഞ്ഞിട്ടുണ്ട്.
അതുപോലെ തന്നെ കേരളബാങ്ക് പരിപാടിയുടെ സ്‌പോണ്‍സര്‍ ആയിരുന്നില്ലെന്നും പണം നല്‍കിയിരുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്‍ ഷംസുദ്ദീന്റെ ചോദ്യത്തിനാണ് മറുപടി. പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഏതെങ്കിലും വിധത്തില്‍ കേരളബാങ്ക് ഉള്‍പ്പെട്ടിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെയോ കേരളബാങ്കിനെയോ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടുണ്ടോ തുക നല്‍കാന്‍ ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് തീരുമാനം എടുത്തിരുന്നോ തുടങ്ങിയ ചോദ്യത്തിനാണ് സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ തുക നല്‍കിയിട്ടില്ല എന്ന ഒറ്റ മറുപടിയില്‍ തീര്‍ത്തിരിക്കുന്നത്.