-->
വാഷിങ്‌ടണ്‍: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്കെതിരേ പ്രഖ്യാപിച്ച തീരുവകള്‍ ഇന്നു പിന്‍വലിക്കും. ഇന്റര്‍നാഷണല്‍ എമേര്‍ജന്‍സി എക്കണോമിക് പവേഴ്‌സ് ആക്‌ട്(ഐ.ഇ.ഇ.പി.എ) പ്രകാരം ട്രംപ് പ്രഖ്യാപിച്ച തീരുവകള്‍ നിയമവിരുദ്ധമെന്നു സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. തീരുവകള്‍ പിന്‍വലിക്കുമെന്ന് യു.എസ്. കസ്‌റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്ര?ട്ടക്ഷന്‍ (സി.ബി.പി) അറിയിച്ചു.
വെള്ളിയാഴ്‌ച സുപ്രീം കോടതി ട്രംപിന്റെ 'പരസ്‌പര' തീരുവകള്‍ നിയമവിരുദ്ധമാണെന്നു വ്യക്‌തമാക്കിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനം. ഐ.ഇ.ഇ.പി.എ. പ്രകാരം ചുമത്തിയ തീരുവകള്‍ എല്ലാ പരിഷ്‌കരണങ്ങള്‍ക്കും ഭേദഗതികള്‍ക്കും ശേഷം, ഇനി മുതല്‍ നിലവിലുണ്ടായിരിക്കില്ലെന്ന് സി.ബി.പി. വ്യക്‌തമാക്കി.
റഷ്യന്‍ അസംസ്‌കൃത എണ്ണ ഇന്ത്യ വാങ്ങുന്നതിന് ചുമത്തിയ തീരുവകള്‍ ഉള്‍പ്പെടെ യു.എസ്. വ്യാപാര പങ്കാളികളില്‍നിന്ന് ഈടാക്കിയിരുന്ന എല്ലാ തീരുവകളും ഇല്ലാതാകും. പക്ഷേ, ഇറക്കുമതിക്കാര്‍ക്ക് പണം തിരികെ നല്‍കുമോ എന്നതിനെക്കുറിച്ച് വ്യക്‌തതയില്ല. ഐ.ഇ.ഇ.പി.എ. പ്രകാരം നടപ്പിലാക്കിയ തീരുവകള്‍ മാത്രമാണ് ഇല്ലാതാകുന്നത്.
ദേശീയ സുരക്ഷയ്‌ക്കായി സെക്ഷന്‍ 232 പ്രകാരമോ അല്ലെങ്കില്‍ അനാരോഗ്യകരമായ വ്യാപാര രീതികളെ അഭിസംബോധന ചെയ്യുന്ന സെക്ഷന്‍ 301 പ്രകാരമോ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ മറ്റ് നികുതികളെ വിധി ബാധിക്കില്ല.
ട്രംപ് പ്രഖ്യാപിച്ച 15% ആഗോള തീരുവ പകരമായി നിലവില്‍വരും. എന്നാല്‍ 150 ദിവസത്തില്‍ കൂടുതല്‍ ഇത് നിലനിര്‍ത്തണമെങ്കില്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമായി വരും.