-->
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയ തലവന്‍ എല്‍ മെന്‍ചോ(59)യെ സുരക്ഷാസേന വധിച്ചു. വാര്‍ത്ത സ്‌ഥിരീകരിച്ചതിനു പിന്നാലെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ അയാളുടെ അനുയായികളും പോലീസുമായി ഏറ്റുമുട്ടല്‍. പ്രതികാരം ചെയ്യുമെന്നു ജലിസ്‌കോ കാര്‍ട്ടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നെമെസിയോ ഒസെഗുറ റൂബന്‍ സെര്‍വാന്റസ് എന്ന 'എല്‍ മെന്‍ചോ' മെക്‌സിക്കോയിലെ ഏറ്റവും ശക്‌തമായ ജലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടെലിന്റെ തലവനായിരുന്നു. അമേരിക്കയില്‍ അയാളുടെ തലയ്‌ക്ക് 136 കോടി രൂപ വിലയിട്ടിരുന്നു. എല്‍ മെന്‍ചോയുടെ മരണം എക്‌സിലൂടെ മെക്‌സിക്കന്‍ പ്രസിഡന്റ് കേ്ലാഡിയ ഷെയ്‌ന്‍ബാമാണു പുറത്തുവിട്ടത്.
മെക്‌സിക്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, എല്‍ മെന്‍ചോയെ തീര സംസ്‌ഥാനമായ ജലിസ്‌കോയിലെ ടപാല്‍പ നഗരത്തില്‍വച്ചാണ് പിടികൂടിയത്. ആ സംസ്‌ഥാനത്താണ് അയാളുടെ കാര്‍ട്ടെല്‍ സ്‌ഥാപിതമായത്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ അയാള്‍ക്കു പരുക്കേല്‍ക്കുകയും മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിക്കുകയുമായിരുന്നു.
സൈനിക നടപടിക്കിടെ നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. സംഘത്തിലെ രണ്ട് പേര്‍ അറസ്‌റ്റിലായി. സായുധ വാഹനങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. വര്‍ഷങ്ങളായി പോലീസിന്റെയും സൈന്യത്തിന്റെയും കണ്ണുവെട്ടിച്ചു കഴിയുകയായിരുന്നു എല്‍ മെന്‍ചോ.
2015 മേയില്‍ സൈന്യം അയാളുടെ തൊട്ടടുത്തെത്തി. അനുയായികള്‍ സൈനിക ഹെലികോപ്‌ടറിന് നേരെ റോക്കറ്റ് ഉപയോഗിച്ച് അയാളെ രക്ഷപ്പെടുത്തി.
എല്‍ മെന്‍ചോ വധം മെക്‌സിക്കോയുടെ മയക്കുമരുന്ന് കാര്‍ട്ടെലുകള്‍ക്കെതിരേയുള്ള പോരാട്ടത്തിലെ വലിയ വിജയമാണ്. മാഫിയയ്‌ക്കെതിരായ പോരാട്ടത്തിനു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത സമ്മര്‍ദം കുറയ്‌ക്കാന്‍ എല്‍ മെന്‍ചോ വധം സഹായിക്കും. അമേരിക്കയുടെ രഹസ്യാന്വേഷണ വിവരങ്ങള്‍ സൈനിക നടപടിക്ക് സഹായകമായി എന്ന് മെക്‌സിക്കോഅറിയിച്ചിട്ടുണ്ട്. ജലിസ്‌കോ, ടാമാലിപ്പാസ്, മിചോവാകന്‍, ഗ്വറെറോ, ന്യൂവോ ലിയോണ്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പൗരന്മാര്‍ക്ക് അമേരിക്കയും ഇന്ത്യയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.