Wednesday, March 11, 2026 Last Updated 26 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 11.41 PM

'രാജ്യത്തെ അസ്‌ഥിരപ്പെടുത്താന്‍ ശ്രമിച്ചു', യൂനുസിനെതിരേ ബംഗ്ലാദേശ്‌ പ്രസിഡന്റ്‌

ധാക്ക: ബംഗ്ലാദേശില്‍ താരിഖ്‌ റഹ്‌മാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന്‌ പിന്നാലെ, മുന്‍ മുഖ്യ ഉപദേഷ്‌ടാവും നോബല്‍ പുരസ്‌കാര ജേതാവുമായ ഡോ. മുഹമ്മദ്‌ യൂനുസിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷഹാബുദ്ദീന്‍.
ഭരണഘടനാ വിരുദ്ധമായി തന്നെ പുറത്താക്കാന്‍ ഡോ. യൂനുസ്‌ ഗൂഢാലോചന നടത്തിയെന്നാണു പ്രസിഡന്റിന്റെ ആരോപണം. ബംഗ്ലാദേശി ദിനപത്രമായ 'കേലര്‍'ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പ്രസിഡന്റ്‌ ആരോപണങ്ങള്‍ ഉന്നയിച്ചത്‌. ഡോ. യൂനുസ്‌ മുഖ്യ ഉപദേഷ്‌ടാവായിരുന്ന കാലഘട്ടത്തില്‍ രാജ്യത്തെ അസ്‌ഥിരപ്പെടുത്താനും ഭരണഘടനാപരമായ പ്രതിസന്ധി സൃഷ്‌ടിക്കാനും ശ്രമങ്ങളുണ്ടായതായി അദ്ദേഹം ആരോപിച്ചു.
'കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍, ഞാന്‍ ഒരു ചര്‍ച്ചയിലും പങ്കെടുത്തിട്ടില്ല. എനിക്കെതിരേ പല ഗൂഢാലോചനകളും നടന്നു. രാജ്യത്തിന്റെ സമാധാനം എന്നെന്നേക്കുമായി തകര്‍ക്കാനും ഭരണഘടനാപരമായ പ്രതിസന്ധി സൃഷ്‌ടിക്കാനും നിരവധി ശ്രമങ്ങള്‍ നടന്നു'- ധാക്കയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമായ ബംഗാഭവനിലിരുന്ന്‌ അദ്ദേഹം പറഞ്ഞു.
ഇടക്കാല സര്‍ക്കാരിന്റെ കാലയളവില്‍, പ്രസിഡന്റുമായുള്ള ഭരണഘടനാപരമായ ആശയവിനിമയം ഡോ. യൂനുസ്‌ നടത്തിയിരുന്നില്ല. 'മുഖ്യ ഉപദേഷ്‌ടാവ്‌ ഭരണഘടനയുടെ ഒരു വ്യവസ്‌ഥയും പാലിച്ചില്ല. വിദേശയാത്ര കഴിഞ്ഞ്‌ തിരിച്ചെത്തുന്നതിന്‌ ശേഷം പ്രസിഡന്റിനെ കണ്ട്‌ അതിന്റെ ഫലങ്ങളെക്കുറിച്ച്‌ അറിയിക്കേണ്ടത്‌ അദ്ദേഹത്തിന്റെ കടമയായിരുന്നു. അദ്ദേഹം 14 മുതല്‍ 15 തവണ വിദേശയാത്ര നടത്തിയിട്ടും ഒരിക്കല്‍ പോലും വിവരമറിയിച്ചില്ല. '- പ്രസിഡന്റ്‌ പറഞ്ഞു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ താന്‍ ഔദ്യോഗിക തടവുകാരനാക്കുകയായിരുന്നുവെന്നും, യൂനുസ്‌ ഭരണകൂടം തന്റെ രണ്ട്‌ വിദേശ യാത്രകള്‍ തടഞ്ഞെന്നും ഷഹാബുദ്ദീന്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഇടക്കാല സര്‍ക്കാര്‍ അമേരിക്കയുമായി ഒപ്പുവച്ച അവസാന കരാറിനെക്കുറിച്ച്‌ അറിവില്ല. ഇത്തരം കാര്യങ്ങള്‍ ഔദ്യോഗികമായി തന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതായിരുന്നു.
'ഒരു ഘട്ടത്തില്‍ ഒരു മുന്‍ മുഖ്യ ജസ്‌റ്റിസിനെ ഭരണഘടനാ വിരുദ്ധമായി പ്രസിഡന്റ്‌ സ്‌ഥാനത്ത്‌ അവരോധിക്കാനുള്ള ഗൂഢാലോചനയും നടന്നു. ഭരണഘടനാപരമായ പരിമിതികള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ആ നിര്‍ദേശം നിരസിച്ചു'- അദ്ദേഹം പറഞ്ഞു. ഒക്‌ടോബര്‍ 22, 2024ന്‌ ബംഗാഭവനു മുന്നിലുണ്ടായ പ്രതിഷേധങ്ങളെ 'ഭീകര രാത്രി' എന്ന്‌ അദ്ദേഹം വിശേഷിപ്പിച്ചു. ജനക്കൂട്ടത്തെ അണിനിരത്തുകയും പ്രസിഡന്‍ഷ്യല്‍ കൊട്ടാരം കൊള്ളയടിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയും ചെയ്‌തു. സൈന്യത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ്‌ അത്‌ നിയന്ത്രണവിധേയമായതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Monday 23 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW