-->
കട്ടപ്പന: കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സംസ്‌ഥാനത്ത് 60 ശതമാനം റോഡുകളും ബി.എം.ബി.സി നിലവാരത്തില്‍ പൂര്‍ത്തീകരിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കിഫ്‌ബിയുടെ സഹകരണത്തോടെ നിര്‍മിച്ച കുട്ടിക്കാനം- ചപ്പാത്ത്- കട്ടപ്പന മലയോര ഹൈവേയുടെ പൂര്‍ത്തീകരണ ഉദ്‌ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പശ്‌ചാത്തല വികസനത്തിന് കിഫ്‌ബി വഴി 528 പദ്ധതികള്‍ക്കായി 46,145 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് മാത്രമായി അനുവദിച്ചു. അടുത്ത 30 കൊല്ലം കൊണ്ടുണ്ടാകുന്ന വികസനം കിഫ്‌ബിയിലൂടെ 10 വര്‍ഷം കൊണ്ട് സാധ്യമായി.
കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, മേല്‍പാലങ്ങള്‍ എന്നിവയുടെ വികസനം പൊതുജനങ്ങള്‍ അനുഭവിച്ചറിഞ്ഞ മാറ്റങ്ങളാണ്.
മുടങ്ങിപ്പോയ ദേശീയപാത വികസനം പുനരുജ്‌ജീവിപ്പിക്കാന്‍ 5550 കോടി രൂപ സംസ്‌ഥാന സര്‍ക്കാര്‍ ചെലവഴിച്ചു. 13 ജില്ലകളിലൂടെ കടന്നു പോകുന്ന 1200 കി.മീ ദൈര്‍ഘ്യമുള്ള മലയോര ഹൈവേ, ഒന്‍പത് ജില്ലകളിലൂടെ കടന്ന് പോകുന്ന തീരദേശപാത, വയനാട് തുരങ്കപാത നിര്‍മാണം, അഞ്ച് വര്‍ഷം കൊണ്ട് 150 പാലങ്ങള്‍, ടൂറിസം പദ്ധതിയുടെ ഭാഗമായി വി-പാര്‍ക്കുകള്‍, ലെവല്‍ ക്രോസില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായ റെയില്‍വേ മേല്‍പ്പാലം നിര്‍മാണം, നഗര റോഡ് വികസന പദ്ധതി, റോഡ് പരിപാലനത്തിനായി റണ്ണിങ് കോണ്‍ട്രാക്‌ട് എന്നിവയെല്ലാം ജനങ്ങള്‍ അനുഭവിച്ചറിഞ്ഞ വികസന പ്രവര്‍ത്തനങ്ങളാണ്.- മന്ത്രി റിയാസ് പറഞ്ഞു.
മലയോര ഹൈവേ നാടിന്റെ വികസന സാധ്യതകള്‍ക്ക് ആക്കം കൂട്ടുമെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു. മലയോര ഹൈവേയുടെ പൂര്‍ത്തീകരണത്തോടെ ഹൈറേഞ്ചിന്റെയും കട്ടപ്പനയുടെയും മുഖവും ഭാവവും മാറിയെന്നും കട്ടപ്പന - പുളിയന്‍മല റോഡിന്റെ നിര്‍മാണത്തിന് 46 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെന്നും മന്ത്രി പറഞ്ഞു.
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ റോഡുകള്‍ ബി.എം.ബി.സി നിലവാരത്തില്‍ പുനഃനിര്‍മിക്കുന്നതിന് 30 കോടി രൂപയുടെ ടെന്‍ഡര്‍ നടപടി സ്വീകരിച്ചു. ചേലച്ചുവട് - വണ്ണപ്പുറം റോഡ്, നത്തുകല്ല് - അടിമാലി റോഡ്, ആധുനിക നിലവാരത്തില്‍ നിര്‍മിച്ച ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, കളിക്കളങ്ങള്‍, ഈ ബജറ്റില്‍ പ്രഖ്യാപിച്ച കട്ടപ്പന - തേനി തുരങ്കപാത എന്നിവയെല്ലാം മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഇച്‌ഛാശക്‌തിയുടെ ഫലമാണെന്ന് മന്ത്രി പറഞ്ഞു.
ബോളിവുഡ് നടന്‍ മിലിന്ദ് സോമന്‍ വിശിഷ്‌ടാതിഥിയായിരുന്നു. ലോകത്തെ തന്നെ മികച്ച റോഡുകളിലൊന്നാണ് മനോഹരമായ ഇടുക്കിയിലെ ഈ റോഡെന്ന് മിലിന്ദ് സോമന്‍ പറഞ്ഞു. നഗ്‌നപാദനായാണ് ഹില്‍ ഹൈവേ റണ്ണില്‍ പങ്കെടുത്തത്.
ഇവിടേക്ക് ഇനിയും വരും. മനോഹരമായ ഈ റോഡിന്റെ ഉദ്‌ഘാടനത്തിന് തന്നെയും ഭാഗമാക്കിയതിന് ഭരണകൂടത്തോട് നന്ദിയുണ്ടെന്നും മിലിന്ദ് സോമന്‍ പറഞ്ഞു.
കിഫ്‌ബി മുഖേന കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ 235 കോടി രൂപ ചെലവില്‍ മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം- മുതല്‍ കട്ടപ്പന വരെയുള്ള 40.050 കി.മീ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.കട്ടപ്പന മിനി സ്‌റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് സ്വാഗതം പറഞ്ഞു. മുന്‍ എം.എല്‍.എ ഇ.എസ് ബിജിമോള്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് തമ്പി നാരായണന്‍, വിവിധ രാഷ്ര്‌ടീയ കക്ഷി നേതാക്കളായ സി.വി വര്‍ഗീസ്, വി.ആര്‍ ശശി, റോമിയോ സെബാസ്‌റ്റ്യന്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, കിഫ്‌ബി പ്ര?ജക്‌ട് ഡയറക്‌ടര്‍ എം. അശോക് കുമാര്‍, കിഫ്‌ബി ടീം ലീഡര്‍ പി.ആര്‍. മഞ്‌ജുഷ മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക- സാംസ്‌കാരിക - കായിക രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.