-->
ആലപ്പുഴ: പഠനകാലത്തു തുടങ്ങി ആറു പതിറ്റാണ്ടോളം നീണ്ട സി.പി.എം. ബന്ധം ഉപേക്ഷിച്ചു മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍ പാര്‍ട്ടി വിട്ടു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മത്സരിക്കും. പാര്‍ട്ടിക്കുള്ളിലെ അവഗണനയും അപമാനിക്കപ്പെടുന്ന സാഹചര്യവും ചില ഭാരവാഹികളുടെ പെരുമാറ്റവുമാണു തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'കമ്യൂണിസ്‌റ്റ് ആദര്‍ശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ അംഗത്വം പുതുക്കാത്തതിനാല്‍ ഇനി സി.പി.എമ്മിലില്ല. പാര്‍ട്ടിയേയോ പാര്‍ട്ടി ഭരണഘടനയേയോ ആക്ഷേപിക്കാനില്ല. അമ്പലപ്പുഴയിലെ മത്സരം പാര്‍ട്ടിക്ക് എതിരല്ല. ആരുടേയും പിന്തുണ തേടില്ല. ഒരു മുന്നണിയിലും ചേരാനും ഉദ്ദേശിക്കുന്നില്ല. ഒരു പാര്‍ട്ടിയുമായും സംസാരിച്ചിട്ടില്ല. എന്നാല്‍ മറ്റ് കാര്യങ്ങളില്‍ സാഹചര്യം അനുസരിച്ചു തീരുമാനമെടുക്കും.' - പുന്നപ്ര പറവൂരിലെ വസതിയായ 'നവനീത'ത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജി. സുധാകരന്‍ പറഞ്ഞു. ജി. സുധാകരന് അമ്പലപ്പുഴയില്‍ യു.ഡി.എഫ്. പിന്തുണ നല്‍കിയേക്കുമെന്നാണു സൂചന. അതേ സമയം സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ സുധാകരനെതിരേ പരസ്യപ്രതിഷേധവുമായി സി.പി.എം. രംഗത്തെത്തി. പലയിടത്തും പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരേ പോസ്‌റ്റര്‍ പതിച്ചു.
വിദ്യാര്‍ഥിയായിരിക്കെ 1967 ലാണു ജി. സുധാകരന്‍ സി.പി.എമ്മില്‍ അംഗമാകുന്നത്. 1971 ല്‍ എസ്.എഫ്.ഐയുടെ ആദ്യ സംസ്‌ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായിരുന്ന സുധാകരന്‍ വി.എസ്. സര്‍ക്കാരിലും ഒന്നാം പിണറായി സര്‍ക്കാരിലും മന്ത്രിസഭാംഗമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു. അഴിമതിരഹിത പ്രതിച്‌ഛായയുള്ള ജി. സുധാകരന്‍ പാര്‍ട്ടി വിടുന്നതു തെരഞ്ഞെടുപ്പ് കാലത്തു സി.പി.എമ്മിനു തിരിച്ചടിയാകുമെന്നാണു വിലയിരുത്തല്‍.
പാര്‍ട്ടിയുമായി തനിക്കുള്ള ബന്ധവും പാര്‍ട്ടിയില്‍ തനിക്കെതിരേ നടന്ന നീക്കങ്ങളും വിശദീകരിച്ചുകൊണ്ടായിരുന്നു ജി. സുധാകരന്റെ വാര്‍ത്താസമ്മേളനം. അടിയന്തരാവസ്‌ഥക്കാലത്ത് അനുഭവിച്ച ക്രൂരമായ പോലീസ് മര്‍ദനങ്ങളെക്കുറിച്ചും വികാരാധീനനായി സംസാരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ എച്ച്. സലാമിനു ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരില്‍ തനിക്കെതിരേ അന്വേഷണം നടത്തിയ എളമരം കരീം കള്ള റിപ്പോര്‍ട്ടാണ് തയാറാക്കിയതെന്നും തന്നെ പുറത്താക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.