-->
കൊച്ചി: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി സ്‌ഥാനത്തുനിന്നു വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി. വെള്ളാപ്പള്ളിക്കു പുറമേ യോഗം പ്രസിഡന്റ് എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവരടക്കം നിലവിലെ മുഴുവന്‍ ഭാരവാഹികളെയും അയോഗ്യരാക്കി ജസ്‌റ്റിസ് ടി.ആര്‍. രവിയുടേതാണ് ഉത്തരവ്.
പ്രഫ. എം.കെ. സാനു ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി. എസ്.എന്‍.ഡി.പി. യോഗത്തിനു പുതിയ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിനെ നിയമിക്കാനും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിലുണ്ട്. കമ്പനി നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനി ആക്‌ട് പ്രകാരമാണു നടപടി. ഇതോടെ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഭാരവാഹികളായി തുടരാന്‍ നിയമപരമായി യോഗ്യതയില്ലാത്ത സാഹചര്യമായി.
കമ്പനി ആക്‌ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എസ്.എന്‍.ഡി.പി. യോഗമെന്നാണു പറയുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. 2013 മുതല്‍ തുടര്‍ച്ചയായ മൂന്നുവര്‍ഷം വാര്‍ഷിക കണക്കുകളും റിട്ടേണുകളും സമര്‍പ്പിക്കുന്നതില്‍ ഭരണസമിതി വീഴ്‌ച വരുത്തി. ഇതു കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നു നിരീക്ഷിച്ച കോടതി, രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണു ഭാരവാഹികള്‍ക്കെതിരേ വിധി പുറപ്പെടുവിച്ചത്.
പതിറ്റാണ്ടുകളായി സംഘടനയുടെ നിയന്ത്രണം കൈവശം വച്ചിരുന്ന വെള്ളാപ്പള്ളി നടേശനേറ്റ നിയമപരമായ വന്‍ തിരിച്ചടിയാണിത്. നിലവിലെ ഭരണസമിതി അയോഗ്യരായതോടെ എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ പുതിയ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിനെ നിശ്‌ചയിക്കേണ്ടി വരും.