Friday, March 13, 2026 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 12 Mar 2026 11.32 PM

വിറപ്പിച്ച്‌ ജി. സുധാകരന്‍; വീഴാതിരിക്കാന്‍ ചടുലനീക്കങ്ങളുമായി സി.പി.എം.; വ്യക്‌തിയുടെ 'ഈഗോ'യ്‌ക്കുമുന്നില്‍ പാര്‍ട്ടി മുട്ടുമടക്കില്ലെന്ന്‌ അണികളെ ബോധ്യപ്പെടുത്തും

സുധാകരന്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വസ്‌തുതയില്ലെന്നും പാര്‍ട്ടിവിരുദ്ധ ശക്‌തികളുടെ കൈയിലെ ആയുധമായി അദ്ദേഹം മാറിയെന്നും അണികളെ വിശ്വസിപ്പിക്കാന്‍ ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെ നടത്തും.
uploads/news/2026/03/829917/G.-Sudhakaran-4.jpg

തിരുവനന്തപുരം: ഇടതുകോട്ടകളെ ഞെട്ടിച്ച്‌ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍ പടിയിറങ്ങുമ്പോള്‍, പതറാതെ പിടിച്ചുനില്‍ക്കാന്‍ സി.പി.എം. ആലപ്പുഴയിലെ അണികള്‍ സുധാകരനൊപ്പം പോകില്ലെന്ന്‌ ഉറപ്പിക്കാന്‍ ചടുലനീക്കങ്ങളുമായി പാര്‍ട്ടി നേതൃത്വം.

നിയമസഭാ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ നില്‍ക്കെ സുധാകരന്റെ പടിയിറക്കം വോട്ടായി മാറുന്നതു തടയാന്‍ പ്രത്യേക കര്‍മപദ്ധതി തയാറാക്കും. ആലപ്പുഴയിലെ പ്രാദേശിക നേതാക്കളുമായുള്ള വ്യക്‌തിപരമായ തര്‍ക്കങ്ങളാണ്‌ അദ്ദേഹത്തെ അകറ്റിയതെന്നാണ്‌ പാര്‍ട്ടിലൈന്‍.

വ്യക്‌തിയുടെ 'ഈഗോ'യ്‌ക്കുമുന്നില്‍ പാര്‍ട്ടി മുട്ടുമടക്കില്ലെന്ന്‌ ലോക്കല്‍ കമ്മിറ്റികള്‍ വഴി അണികളെ ബോധ്യപ്പെടുത്തും. സുധാകരന്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വസ്‌തുതയില്ലെന്നും പാര്‍ട്ടിവിരുദ്ധ ശക്‌തികളുടെ കൈയിലെ ആയുധമായി അദ്ദേഹം മാറിയെന്നും അണികളെ വിശ്വസിപ്പിക്കാന്‍ ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെ നടത്തും. സുധാകരന്‌ പാര്‍ട്ടി എല്ലാവിധ പരിഗണനയും നല്‍കിയിരുന്നു. പക്ഷേ, എച്ച്‌. സലാമിനോടും മന്ത്രി സജി ചെറിയാനോടുമുള്ള 'ഈഗോ' സുധാകരന്റെ പടിയിറക്കത്തിനു വഴിവച്ചെന്നും ധരിപ്പിക്കും.

പതിറ്റാണ്ടുകളായി സുധാകരന്റെ നിഴലായിരുന്ന ആലപ്പുഴയിലെ ഉറച്ച കമ്യൂണിസ്‌റ്റുകള്‍ അദ്ദേഹത്തോടൊപ്പം പോകുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്‌. സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ സാധ്യതയുള്ള അമ്പലപ്പുഴയില്‍ ശക്‌തനായ സ്‌ഥാനാര്‍ഥിയെത്തന്നെ ഇറക്കും. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ സുധാകരന്റെ വിടവ്‌ നികത്താന്‍ സംസ്‌ഥാന നേതാക്കള്‍ ആലപ്പുഴയില്‍ തമ്പടിക്കും.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ വരുംദിവസങ്ങളില്‍ ആലപ്പുഴയിലെ ഓരോ വാര്‍ഡിലും ശ്രദ്ധ കേന്ദ്രീകരിക്കും. സുധാകരന്റെ വ്യക്‌തിപ്രഭാവത്തേക്കാള്‍ ഉപരി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തി വോട്ടുറപ്പിക്കാനാണ്‌ ആലപ്പുഴയില്‍ സി.പി.എം. നീക്കം.

Ads by Google
സ്വന്തം ലേഖകന്‍
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW