-->
കാബൂള്‍/ഇസ്ലാമാബാദ്: അഫ്‌ഗാനിസ്‌ഥാനു നേരെയുണ്ടായ പാക് ആക്രമണത്തില്‍ നിരവധി മരണം. അഫ്‌ഗാനിസ്‌ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഏഴ് ഭീകര ക്യാമ്പുകളും ഒളിത്താവളങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണമെന്നു പാകിസ്‌താന്‍ അറിയിച്ചു. പാകിസ്‌താനിലുണ്ടായ ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കു തിരിച്ചടിയായിട്ടാണ് ആക്രമണം.
സാധാരണക്കാരുടെ വീടുകളെയും മതപാഠശാലകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അഫ്‌ഗാനിസ്‌ഥാന്‍ പ്രതികരിച്ചു. കഴിഞ്ഞ ഒക്‌ടോബറില്‍ ഇരുരാജ്യങ്ങളും താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. അതിനുശേഷം സംഘര്‍ഷങ്ങള്‍ തുടര്‍ന്നിരുന്നു.
നങ്കര്‍ഹാര്‍, പക്‌തിക പ്രവിശ്യകളിലെ സാധാരണ ജനവാസ കേന്ദ്രങ്ങളെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് താലിബാന്റെ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
നങ്കര്‍ഹാറിലെ ഷഹാബുദ്ദീന്‍ എന്നയാളുടെ വീട് ആക്രമണത്തില്‍ തകര്‍ന്നെന്നും, സ്‌ത്രീകളും കുട്ടികളുമടക്കം ഏകദേശം 20 പേര്‍ കൊല്ലപ്പെട്ടെന്നും താലിബാന്‍ അറിയിച്ചു. 'ഏഴ് ഭീകര ക്യാമ്പുകളും ഒളിത്താവളങ്ങളും തെരഞ്ഞെടുത്ത് ലക്ഷ്യമിട്ടു'- പാകിസ്‌താന്‍ അറിയിച്ചു.
ഭീകര ഗ്രൂപ്പുകള്‍ നടത്തിയ ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കുള്ള പ്രതികാരമായാണ് ആക്രമണങ്ങളെന്ന് പാകിസ്‌താന്‍ അറിയിച്ചു. ഈമാസം ആദ്യം ഇസ്ലാമാബാദിലെ ഷിയാ പള്ളിക്കു നേരെയുണ്ടായ ആക്രമണവും, റംസാന്‍ മാസം ആരംഭിച്ചതിന് ശേഷം വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്‌തൂണ്‍ക്വ പ്രവിശ്യയിലുണ്ടായ മറ്റ് ആക്രമണങ്ങള്‍ക്കും മറുപടിയായിട്ടാണത്രേ പാക് ആക്രമണം. ഭീകരര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ അഫ്‌ഗാന്‍ പരാജയപ്പെട്ടെന്നും, താലിബാന്‍ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും പാകിസ്‌താന്‍ ആരോപിച്ചു.
പാകിസ്‌താനും അഫ്‌ഗാനിസ്‌ഥാനും തമ്മില്‍ ഏകദേശം 2,574 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയാണുള്ളത്.