Wednesday, March 11, 2026 Last Updated 48 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.33 PM

വില്ലി കൊളോണ്‍ അന്തരിച്ചു

വാഷിങ്‌ടണ്‍: സാല്‍സ സംഗീതത്തിലെ അതികായന്‍ വില്ലി കൊളോണ്‍(75) അന്തരിച്ചു. എല്‍ മാലോ, ക്യൂയേ സെറ, ടാലെന്റോ ഡി ടെലിവിഷന്‍, ഗിറ്റാന തുടങ്ങിയ ഗാനങ്ങളിലൂടെയാണ്‌ അദ്ദേഹം ശ്രദ്ധേയനായത്‌. മരണകാരണം വ്യക്‌തമായിട്ടില്ല. പ്യൂര്‍ട്ടോറിക്കന്‍ വംശജനായ അദ്ദേഹം ബില്‍ബോര്‍ഡ്‌ മാസികയുടെ ഏറ്റവും സ്വാധീനിച്ച ലാറ്റിന്‍ കലാകാരന്മാരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു.
വില്ലി കൊളോണ്‍ ട്രോംബോണിസ്‌റ്റ്‌ എന്നതിലുപരി സംഗീത സംവിധായകനും നിര്‍മ്മാതാവുമായിരുന്നു. പ്യൂര്‍ട്ടോറിക്കോയുടെ ഭവനവുമായുള്ള ബന്ധവും യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സുമായുള്ള ബന്ധവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ സംഗീതത്തില്‍ പ്രതിഫലിച്ചിരുന്നു.
യു.എസില്‍ ഒരു പ്യൂര്‍ട്ടോറിക്കന്‍ എന്ന നിലയിലുള്ള ജീവിതാനുഭവങ്ങളും പ്യൂര്‍ട്ടോറിക്കന്‍ സംസ്‌കാരം നല്‍കുന്ന സംഭാവനകളും അദ്ദേഹം തന്റെ ഗാനങ്ങളിലൂടെ ചിത്രീകരിച്ചു. ലാറ്റിന്‍ മൈഗ്രേഷന്‍, തെരുവ്‌ ജീവിതം, കരീബിയന്‍ സംഗീതം എന്നിവ നിറഞ്ഞ ന്യൂയോര്‍ക്കിലാണ്‌ അദ്ദേഹം വളര്‍ന്നത്‌. 1960കളില്‍ അമേരിക്കയില്‍ സാലസ സംഗീതം രൂപംകൊണ്ടപ്പോള്‍ ജാസ്‌, മാംബോ, ജിബാര, ചച്ചാ തുടങ്ങിയ സംഗീത രൂപങ്ങളെ അദ്ദേഹം സമന്വയിപ്പിച്ചു.
1950 ഏപ്രില്‍ 28 ന്‌ ന്യൂയോര്‍ക്കിലെ സൗത്ത്‌ ബ്രോണ്‍ക്‌സില്‍ പ്യൂര്‍ട്ടോറിക്കന്‍ മാതാപിതാക്കള്‍ക്ക്‌ ജനിച്ച വില്യം ആന്റണി കൊളോണ്‍ റോമന്‍, തന്റെ മുത്തശി അന്റോണിയയില്‍നിന്ന്‌ സ്‌പാനിഷ്‌ ഭാഷ പഠിക്കുകയും പ്യൂര്‍ട്ടോറിക്കന്‍ സംസ്‌കാരത്തിലെ പ്രധാന ഘടകങ്ങളെക്കുറിച്ച്‌ മനസിലാക്കുകയും ചെയ്‌തു. ചെറുപ്പത്തില്‍ തന്നെ സംഗീതം ആരംഭിച്ച അദ്ദേഹം 12ാം വയസില്‍ ട്രംപെറ്റ്‌ വായിക്കാന്‍ തുടങ്ങി, പിന്നീട്‌ തന്റെ പ്രശസ്‌തമായ ട്രോംബോണിലേക്ക്‌ മാറി, അയല്‍പക്കത്തെ തെരുവ്‌ കോണുകളില്‍ അദ്ദേഹം സംഗീതം അവതരിപ്പിച്ചു.
1967ല്‍, 16ാം വയസില്‍, ഹെക്‌ടര്‍ ലാവോയ്‌ക്കൊപ്പം എല്‍ മാലോ എന്ന തന്റെ ആദ്യ ആല്‍ബം പുറത്തിറക്കി. പിന്നീട്‌ അവര്‍ മികച്ച സാലസ ജോഡികളായി മാറി. അദ്ദേഹത്തിന്റെ സംഗീത സൃഷ്‌ടികകളുടെ മൂന്ന്‌ കോടി കോപ്പികള്‍ വിറ്റഴിച്ചു. 15 ഗോള്‍ഡ്‌ റെക്കോഡുകള്‍, 5 പ്ലാറ്റിനം റെക്കോഡുകള്‍, 10 ഗ്രാമി നോമിനേഷനുകള്‍ എന്നിവ അദ്ദേഹം നേടി.

Ads by Google
Sunday 22 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW