-->
വാഷിങ്‌ടണ്‍: ഐ.എസ്. കുടുംബങ്ങളെ പാര്‍പ്പിച്ചിരുന്ന സിറിയയിലെ അല്‍ ഹോള്‍ ക്യാമ്പില്‍നിന്ന് പതിനായിരങ്ങള്‍ 'മുങ്ങി'യതായി റിപ്പോര്‍ട്ട്. യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്കനുസരിച്ച് 15,000 മുതല്‍ 20,000 പേരെ വരെ ഇത്തരത്തില്‍ കാണാതായിട്ടുണ്ട്. ഒരുകാലത്ത് ആയിരക്കണക്കിന് ഐ.എസ്. കുടുംബങ്ങള്‍ താമസിച്ചിരുന്ന ക്യാമ്പിന്റെ നിയന്ത്രണം സിറിയന്‍ സൈന്യം ഏറ്റെടുത്തതോടെ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ന്നതായി 'ദ് വാള്‍സ്‌ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്‌തു. 2019 ലെ ഐ.എസ്. ഖിലാഫത്തിന്റെ തകര്‍ച്ചയ്‌ക്കുശേഷം അല്‍-ഹോള്‍ ക്യാമ്പില്‍ 70,000-ത്തിലധികം ആളുകള്‍ താമസിച്ചിരുന്നു. 2025 ഡിസംബറോടെ ഇത് 23,000 ആയി ചുരുങ്ങിയെന്ന് യു.എസ് പ്രതിരോധവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. യു.എസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സി(എസ്.ഡി.എഫ്) നായിരുന്നു അല്‍-ഹോളിന്റെ സുരക്ഷാ ചുമതല. അടുത്തിടെ എസ്.ഡി.എഫിനെ സിറിയന്‍ സൈന്യം പരാജയപ്പെടുത്തിയതോടെ കിഴക്കന്‍ മരുഭൂമിയില്‍ സ്‌ഥിതി ചെയ്യുന്ന ക്യാമ്പിലെ സുരക്ഷ തകര്‍ന്നു. രാജ്യാന്തര തലത്തില്‍ ഉണ്ടായ നിസംഗതയും പുനര്‍വിന്യാസ ആവശ്യങ്ങളും കാരണം അല്‍-ഹോളില്‍നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായതായി എസ്.ഡി.എഫ് നേതൃത്വം അറിയിച്ചു. ഇത് ക്യാമ്പിനെ ദുര്‍ബലമാക്കുകയും രക്ഷപ്പെടലിന് കാരണമാവുകയും ചെയ്‌തുവെന്ന് സി.എന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അല്‍-ഹോളില്‍ ഐ.എസ്. ഭാര്യമാര്‍ അടുത്ത തലമുറയിലെ ഭീകരരെ വളര്‍ത്തിയെടുക്കുകയാണെന്ന് സുരക്ഷാ വിദഗ്‌ധര്‍ വളരെക്കാലമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിരവധി പേര്‍ അല്‍-ഹോള്‍ ക്യാമ്പ് വിട്ടുപോയതായി മുന്‍ ജിഹാദിയായ അഹമ്മദ് അല്‍-ഷറയുടെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാര്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഭീകരബന്ധമുള്ളവരെ നിരീക്ഷിക്കാനും മറ്റുള്ളവരെ സമൂഹത്തില്‍ പുനരധിവസിപ്പിക്കാനും പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്ന് സിറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. സിറിയന്‍ സൈനിക ഉദ്യോഗസ്‌ഥര്‍ക്കെതിരെ അടുത്തിടെ നടന്ന നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐ.എസ്. പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇവയെ പ്രവര്‍ത്തനങ്ങളുടെ 'പുതിയ ഘട്ട'ത്തിന്റെ ഭാഗമാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു.