Wednesday, March 11, 2026 Last Updated 58 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.33 PM

13,300 കോടി ഡോളര്‍ എന്തുചെയ്യും; അമേരിക്ക റീഫണ്ട്‌ നല്‍കുമോ?

uploads/news/2026/02/826635/int1.jpg

വാഷിംഗ്‌ടണ്‍: മറ്റു രാജ്യങ്ങളില്‍നിന്ന്‌ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ഡോണള്‍ഡ്‌ ട്രംപ്‌ ഭരണകൂടം ചുമത്തിയ അധിക തീരുവ സുപ്രീംകോടതി റദ്ദാക്കിയതോടെ, ട്രംപിന്റെ പ്രഖ്യാപനം അനുസരിച്ച്‌ ഈടാക്കിയ ഉയര്‍ന്ന തീരുവ സംബന്ധിച്ച്‌ ആശയക്കുഴപ്പം.
ഇറക്കുമതി തീരുവയായി 13,300 കോടി ഡോളറാണ്‌ ഇതിനകം ട്രംപ്‌ ഭരണകൂടം പിരിച്ചെടുത്തത്‌. ഇത്‌ കമ്പനികള്‍ക്ക്‌ തിരിച്ചുനല്‍കേണ്ടിവരുമോ എന്നും നഷ്‌ടപരിഹാരം എത്രയായിരിക്കും എന്നതു സംബന്ധിച്ചുമാണ്‌ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്‌.
നിരവധി കമ്പനികള്‍ ഇതിനകംതന്നെ അധിക തീരുവ തിരിച്ചുവേണമെന്ന ആവശ്യവുമായി യു.എസ്‌. സര്‍ക്കാരിനെ സമീപിച്ചതായാണ്‌ വിവരം. എന്നാല്‍, പണം തിരികെ നല്‍കുന്ന നടപടി സങ്കീര്‍ണമാകാമെന്നു നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറക്കുമതിക്കാര്‍ക്ക്‌ ഉയര്‍ന്ന തീരുവ പണമായി തിരികെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ്‌ അഭിഭാഷകര്‍ പറയുന്നത്‌. എന്നാല്‍, നടപടിക്രമം കുറച്ചുകാലത്തേക്ക്‌ സങ്കീര്‍ണതകള്‍ സൃഷ്‌ടിച്ചേക്കാമെന്ന്‌ വിന്‍സണ്‍ ആന്‍ഡ്‌ എല്‍കിന്‍സ്‌ നിയമ സ്‌ഥാപനത്തിലെ പങ്കാളിയായ അഭിഭാഷകന്‍ ജോയ്‌സ്‌ അഡെറ്റുട്ടു ചൂണ്ടിക്കാട്ടി.
1977 ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക്‌ പവേഴ്‌സ്‌ ആക്‌ട്‌ നടപ്പിലാക്കി, ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങള്‍ക്കുമേലും ട്രംപ്‌ ചുമത്തിയ ഇരട്ട അക്ക തീരുവയാണ്‌ പ്രശ്‌നം. ഇറക്കുമതിക്ക്‌ നികുതി ചുമത്താന്‍ യു.എസ്‌. കോണ്‍ഗ്രസിനാണ്‌ അധികാരം. പ്രസിഡന്റിന്‌ നിയമം ഈ അധികാരം നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ അധിക തീരുവ സുപ്രീംകോടതി റദ്ദാക്കിയത്‌. റിപ്പബ്ലിക്കന്‍ പ്രസിഡന്റ്‌ 1977 ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക്‌ പവേഴ്‌സ്‌ ആക്‌ട്‌ ഉപയോഗിച്ചത്‌ അധികാരപരിധി ലംഘിച്ചാണെന്ന കീഴ്‌ക്കോടതിയുടെ തീരുമാനം ജഡ്‌ജിമാര്‍ ശരിവച്ചു. നിലവിലെ നിയമങ്ങള്‍ അട്ടിമറിക്കുന്നതായും കോടതി വിലയിരുത്തി.
ഡിസംബര്‍ പകുതിയോടെ യു.എസ്‌. കസ്‌റ്റംസ്‌ ഏജന്‍സി 13300 കോടി ഡോളറാണ്‌ ഇറക്കുമതി തീരുവമായി പിരിച്ചെടുത്തത്‌. എന്നാല്‍, ഉപഭോക്‌താക്കള്‍ക്ക്‌ റീഫണ്ട്‌ ലഭിക്കാന്‍ സാധ്യത കുറവാണ്‌. ഉയര്‍ന്ന താരിഫ്‌ നല്‍കിയ കമ്പനികള്‍ക്ക്‌ നഷ്‌ടപരിഹാരം ലഭിക്കാനാണു സാധ്യത കൂടുതല്‍. ഉയര്‍ന്ന വില കൊടുത്ത്‌ സാധനം വാങ്ങിയ ഉപഭോക്‌താക്കള്‍ക്ക്‌ റീഫണ്ടിന്‌ സാധ്യതയില്ലെന്നാണു നിയമവിദഗ്‌ധര്‍ പറയുന്നത്‌. റീഫണ്ടുകള്‍ നടപ്പിലാക്കാന്‍ 12 മുതല്‍ 18 മാസം വരെ സമയമെടുത്തേക്കാമെന്നും നിയമവിദ്‌ഗധര്‍ പറയുന്നു.
ഏകപക്ഷീയമായി നിരവധി രാജ്യങ്ങള്‍ക്ക്‌ താരിഫ്‌ പ്രഹരം ഏര്‍പ്പെടുത്തിയതിലൂടെ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഫെഡറല്‍ നിയമം അട്ടിമറിച്ചതായി വിധിയില്‍ അമേരിക്കന്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ട്രംപ്‌ കൊണ്ടുവന്ന പകരച്ചുങ്കം നിയമവിരുദ്ധമെന്നു വിലയിരുത്തിയ സുപ്രീം കോടതി, അത്തരമൊരു നിയമം നടപ്പാക്കാനുള്ള അടിയന്തര സാഹചര്യം രാജ്യത്ത്‌ ഇപ്പോഴില്ലെന്നും നിലപാടെടുത്തു. തുടര്‍ന്നായിരുന്നു ഭൂരിപക്ഷ വിധി. ട്രംപിന്റെ നടപടിക്കെതിരേ നികുതി വര്‍ധനയുടെ പ്രഹരമേറ്റ പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഭരിക്കുന്ന 12 സംസ്‌ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ്‌ സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്‌. എക്‌സിക്യൂട്ടീവ്‌ ഉത്തരവിലൂടെ വിദേശരാജ്യങ്ങള്‍ക്കു താരിഫ്‌ വര്‍ധന ഏര്‍പ്പെടുത്താന്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക്‌ പവേഴ്‌സ്‌ ആക്‌ട്‌ (ഐ.ഇ.ഇ.പി.എ ) പ്രസിഡന്റിന്‌ അധികാരം നല്‍കുന്നുണ്ടോ എന്ന ചോദ്യമുയര്‍ത്തി രണ്ടു കേസുകളാണ്‌ സുപ്രീം കോടതിയുടെ പരിഗണനയ്‌ക്കു വന്നത്‌.
ഒമ്പതംഗ ബെഞ്ചില്‍ ആറുപേര്‍ താരിഫ്‌ വര്‍ധനയോടു വിയോജിച്ചപ്പോള്‍ മൂന്നുപേര്‍ അനുകൂലിച്ചു. തുടര്‍ന്നാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ജോണ്‍ റോബര്‍ട്ട്‌സ്‌ ഭൂരിപക്ഷവിധി എഴുതിയത്‌.

Ads by Google
Saturday 21 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW