Wednesday, March 11, 2026 Last Updated 37 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.32 PM

പുതിയ 15 ശതമാനം നികുതിയുമായി ട്രംപ്‌

വാഷിങ്‌ടണ്‍: മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച അധിക തീരുവ സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെ 10-15% പുതിയ ആഗോള താരിഫ്‌ ഏര്‍പ്പെടുത്തി യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. വൈറ്റ്‌ഹൗസ്‌ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച താരിഫുകളില്‍ ഭൂരിഭാഗവും ജഡ്‌ജിമാര്‍ നിരോധിച്ചതിനു പിന്നാലെയാണ്‌ പ്രസിഡന്റിന്റെ പുതിയ പദ്ധതി.
വ്യാപാരനയം നിരസിച്ച കോടതിവിധിയെ ഭയാനകമെന്നു വിശേഷിപ്പിച്ച ട്രംപ്‌, ജഡ്‌ജിമാരെ വിഡ്‌ഢികളെന്നു പറഞ്ഞ്‌ ആക്ഷേപിക്കുകയും ചെയ്‌തു. രാജ്യത്തെ നിക്ഷേപവും ഉത്‌പാദനവും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തന്റെ താരിഫ്‌ നയങ്ങളുമായി മുന്നോട്ടു പോകാന്‍ മറ്റു നിയമനടപടികളിലേക്കു തിരിയുമെന്ന്‌ പ്രസിഡന്റ്‌ അറിയിച്ചു. നിയമപോരാട്ടമല്ലാതെ വേറെ മാര്‍ഗമില്ല. കേസ്‌ വര്‍ഷങ്ങളോളം കോടതിയില്‍ കെട്ടിക്കിടന്നേക്കാമെന്നുമുള്ള സൂചനയും അദ്ദേഹം നല്‍കി. ഇതിനിടയിലും താരിഫ്‌ നയത്തില്‍നിന്നു പിന്നാക്കം പോകാതിരിക്കാനാണു ട്രംപിന്റെ പുതിയ നീക്കം. ഇതുപ്രകാരമുള്ള 10-15 ശതമാനം താരിഫ്‌ ഇന്ത്യ നല്‍കേണ്ടി വരുമോയെന്ന ചോദ്യത്തോട്‌ മറ്റൊരു തീരുമാനമുണ്ടാകും വരെ അതു വേണ്ടിവരുമെന്ന്‌ വൈറ്റ്‌ ഹൗസ്‌ ഉദ്യോഗസ്‌ഥന്‍ പ്രതികരിച്ചു. അതേസമയം, ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ത്തന്നെ ട്രംപ്‌ ഉറച്ചുനില്‍ക്കുകയാണ്‌. ഒന്നും മാറുന്നില്ലെന്നും ന്യൂഡല്‍ഹി താരിഫ്‌ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വാഷിങ്‌ടണ്‍ അങ്ങോട്ടു താരിഫ്‌ നല്‍കില്ലെന്നും ട്രംപ്‌ കൂട്ടിച്ചേര്‍ത്തു.
''പ്രധാനമന്ത്രി മോദി തികഞ്ഞ മാന്യനും മികച്ച മനുഷ്യനുമാണെന്നു കരുതുന്നു. പക്ഷേ അമേരിക്കയുടെ കാര്യത്തില്‍ അദ്ദേഹം വളരെ മിടുക്കനായിരുന്നു. അദ്ദേഹം ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു. അതുകൊണ്ട്‌ ഇന്ത്യയുമായി ഞങ്ങളൊരു കരാറുണ്ടാക്കി. അത്‌ ന്യായമായ ഒരു കരാറാണ്‌. ഞങ്ങള്‍ അവര്‍ക്കു താരിഫ്‌ നല്‍കുന്നില്ല, അവര്‍ താരിഫ്‌ അടയ്‌ക്കുന്നു.'' ട്രംപ്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഇന്ത്യയുമായുമായുള്ള കരാര്‍ ആരംഭിച്ചുകഴിഞ്ഞെന്നും വ്യത്യസ്‌തമായ രീതിയില്‍ അതു നടപ്പാക്കാന്‍ പോകുന്നതായും വൈറ്റ്‌ഹൗസില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 21 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW