Tuesday, March 10, 2026 Last Updated 23 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.31 PM

ആ രഹസ്യം ഇപ്പോഴും ഗൂഢമായി സൂക്ഷിക്കുന്നു.

uploads/news/2026/02/826625/sun1.jpg

അടിയന്തരാവസ്‌ഥക്കാലത്ത്‌ പോലീസ്‌ ഉരുട്ടിക്കൊന്ന കോഴിക്കോട്‌ ചാത്തമംഗലം റീജിയണല്‍ എന്‍ജിനിയറിങ്‌ കോളജിലെ (ആര്‍.ഇ.സി ഇപ്പോള്‍ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി) അവസാന വര്‍ഷ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥി പി. രാജന്റെ മൃതദേഹം പോലീസ്‌ എന്തു ചെയ്‌തു? 50 വര്‍ഷം തികഞ്ഞിട്ടും ഒരു വലിയ സംഘം പോലീസുകാര്‍ ആ രഹസ്യം ഇപ്പോഴും ഗൂഢമായി സൂക്ഷിക്കുന്നു.
ഇന്ത്യയില്‍ 1975 ജൂണ്‍ 25 അര്‍ധരാത്രി മുതല്‍ 1977 മാര്‍ച്ച്‌ 21 വരെ തുടര്‍ന്ന കാളരാത്രികള്‍ ഓര്‍മകളില്‍ പോലും കൂട്ട നിലവിളി ഉയര്‍ത്തുന്നതാണ്‌. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്‌ഥ കേരളത്തില്‍ നടപ്പാക്കിയതിന്റെ ഉത്തരവാദി കെ. കരുണാകരന്‍ തന്നെയായിരുന്നു. സി. അച്യുതമേനോനായിരുന്നു അന്ന്‌ മുഖ്യമന്ത്രി; കെ.കരുണാകരന്‍ ആഭ്യന്തര മന്ത്രിയും. ഇന്ത്യയിലൊട്ടാകെ നടമാടിയ അടിയന്തരാവസ്‌ഥയുടെ ക്രൂരതകള്‍ കേരളത്തിലും ഒട്ടും കുറവായിരുന്നില്ല. നക്‌സലൈറ്റുകള്‍, ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍, പരിവര്‍ത്തനവാദികള്‍, എസ്‌ എഫ്‌.ഐ. പ്രവര്‍ത്തകര്‍ എന്നിവരെയായിരുന്നു പോലീസ്‌ വേട്ടയാടിയത്‌. ഉരുട്ടല്‍, ഗരുഡന്‍ തൂക്കം, കാവടിക്കെട്ട്‌, ഡബിള്‍ ആക്ഷന്‍, പട്ടിപ്പൂട്ട്‌, ഐസില്‍ കിടത്തല്‍ തുടങ്ങിയ മര്‍ദനമുറകളായിരുന്നു പോലീസ്‌ പ്രയോഗിച്ചത്‌. അടിയന്തരാവസ്‌ഥക്കാലത്ത്‌ പൗരന്മാര്‍ക്കുള്ള അവകാശങ്ങള്‍ റദ്ദാക്കപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന്‌ പൊതുവേ ഇന്ത്യയില്‍ പോലീസ്‌ രാജ്‌ നടപ്പാക്കുകയുണ്ടായി. നക്‌സലൈറ്റുകളെ പിടികൂടുക എന്ന പ്രധാന ഉദ്ദേശതോടെ രണ്ട്‌ പോലീസ്‌ ക്യാമ്പുകള്‍ അക്കാലത്ത്‌ കേരളത്തില്‍ തുറന്നിരുന്നു. കക്കയം, ശാസ്‌തമംഗലം എന്നിവിടങ്ങളിലായിരുന്നു അവ. കക്കയം ക്യാമ്പില്‍ മലബാര്‍ സ്‌പെഷല്‍ പോലീസിനെയായിരുന്നു പ്രധാനമായും വിന്യസിച്ചിരുന്നത്‌. അക്കാലത്ത്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ ആക്രമണം നടത്തിയിരുന്നത്‌ നക്‌സലൈറ്റുകളാണെന്നു വിശ്വസിച്ച പോലീസ്‌ അവരെ കണ്ടെത്താന്‍ പാഞ്ഞു നടന്നു.
1976 ഫെബ്രുവരി 29ന്‌ പുലര്‍ച്ചെ 6.30 നായിരുന്നു രാജനെ ൈക്രംബ്രാഞ്ച്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. രാജന്‍ ഗായകനും നടനും മിമിക്രി താരവും കോളജിലെ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്നു. കായണ്ണ പോലീസ്‌ സ്‌റ്റേഷനിലുണ്ടായ നക്‌സലൈറ്റ്‌ ആക്രമണത്തെ തുടര്‍ന്ന്‌ അതില്‍ പങ്കാളിയായ ഒരു രാജനെ തെരഞ്ഞു വന്ന പോലീസ്‌, ഫാറൂഖ്‌ കോളജില്‍ നടന്ന സര്‍വകലാശാല യൂത്ത്‌ ഫെസ്‌റ്റിവലില്‍ പങ്കെടുത്ത ശേഷം ഹോസ്‌റ്റലിലെത്തിയ രാജനെ പിടികൂടുകയായിരുന്നു. (കരുണാകരന്‍ സന്നിഹിതനായിരുന്ന ഒരു ചടങ്ങില്‍ കരുണാകരനെ അവഹേളിക്കുന്ന തരത്തില്‍ പാട്ടു പാടിയതിനായിരുന്നു രാജനെ കൊണ്ടുപോയതെന്നും പറയപ്പെട്ടിരുന്നു.)
രാജനോടൊപ്പം കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈല്‍ വ്യാപാര സ്‌ഥാപനമായ പോപ്പുലറിന്റെ പങ്കാളികളിലൊരാളായ പോള്‍ ചാലിയുടെ മകന്‍ ജോസഫ്‌ ചാലിയെയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു. ഇവരെ ആദ്യം കോഴിക്കോട്ടേക്കും പിന്നീട്‌ കായണ്ണ പോലീസ്‌ സ്‌റ്റേഷന്‍ ആക്രമണത്തിന്റെ അന്വേഷണത്തിനായി കക്കയത്ത്‌ സ്‌ഥാപിച്ച പീഡന ക്യാമ്പിലേക്കും കൊണ്ടുപോയി. ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ ഒരു താല്‍ക്കാലിക ഓഫീസായിരുന്നു ഷീറ്റ്‌ മേഞ്ഞ ആ ഷെഡ്‌. കക്കയം ഡാമിന്റെ നിര്‍മാണ വേളയില്‍ ജീവനക്കാര്‍ക്ക്‌ താമസിക്കാനായി ഉണ്ടാക്കിയതായിരുന്നു ആ ഷെഡ്‌.
കേരള പോലീസ്‌ ചരിത്രത്തില്‍ കിരാതമായ മര്‍ദനമുറകള്‍ക്ക്‌ നേതൃത്വം നല്‍കിയ ജയറാം പടിക്കല്‍ എന്ന ഐ.പി.എസുകാരനായിരുന്നു കൈം ബ്രാഞ്ച്‌ മേധാവി. ജയറാം പടിക്കല്‍, ടി.വി. മധുസൂദനന്‍, കെ. ലക്ഷ്‌മണ, പുലിക്കോടന്‍ നാരായണന്‍, മുരളീകൃഷ്‌ണദാസ്‌ തുടങ്ങി കേരളത്തിലെ പോലീസ്‌ സേനയില്‍ ഏറ്റവും ക്രൂരന്മാരെന്ന്‌ ആരോപിക്കപ്പെട്ടവരുടെ നേതൃത്വത്തിലായിരുന്നു കക്കയം ക്യാമ്പ്‌. നഗ്നരാക്കി കിടത്തി കാല്‍ മുട്ടിനുമുകളില്‍ തുടകളില്‍ ഉലക്ക വച്ച ശേഷം, രണ്ടു പോലീസുകാര്‍ ഉത്തരത്തില്‍ കെട്ടിയ കയറുകളില്‍ പിടിച്ചു നിന്ന്‌ ഉലക്ക ഉരുട്ടി മസിലുകള്‍ തകര്‍ക്കുക, കാലിന്റെ വെള്ളയില്‍ ചൂരല്‍ കൊണ്ട്‌ ആഞ്ഞടിക്കുക,കൈ നഖങ്ങളില്‍ മൊട്ടുസൂചി കേറ്റുക, ലിംഗത്തില്‍ പച്ച ഈര്‍ക്കില്‍ കയറ്റുക, കണ്ണുകളില്‍ മുളക്‌ പൊടി വിതറുക, വെള്ളം കൊടുക്കാതെ ദിവസങ്ങളോളം തളര്‍ത്തിക്കിടത്തുക തുടങ്ങിയവയായിരുന്നു കക്കയം ക്യാമ്പിലെ ക്രൂര മര്‍ദനങ്ങള്‍.
പോലീസ്‌ പിടിച്ചു കൊണ്ടുപോയ വിദ്യാര്‍ഥികളെ കാണാന്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ആയിരുന്ന കെ എം. ബഹാവുദ്ദീനും അധ്യാപകനായിരുന്ന കെ.കെ. അബ്‌ദുള്‍ ഗഫാറും കക്കയം ക്യാമ്പില്‍ പോയിരുന്നു. ജോസഫ്‌ ചാലിയെ ക്യാമ്പില്‍ കണ്ടെന്നും രാജനെ കണ്ടില്ലെന്നും രാജന്‍ ഓടിപ്പോയെന്ന്‌ ജയറാം പടിക്കല്‍ പറഞ്ഞെന്നും കെ.കെ. അബ്‌ദുള്‍ ഗഫാര്‍ പറഞ്ഞിട്ടുണ്ട്‌. പ്രിന്‍സിപ്പല്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ ജോസഫ്‌ ചാലിയെ കുഴപ്പമെന്നും സംഭവിക്കാതെ രക്ഷപ്പെടുത്താന്‍ പോള്‍ ചാലിക്കു കഴിഞ്ഞു.
സബ്‌ ഇന്‍സ്‌പക്‌ടര്‍ പുലിക്കോടന്‍ നാരായണന്റെ നേതൃത്വത്തില്‍ നടന്ന ക്രൂര മര്‍ദനത്തിലും ഉരുട്ടലിലുമാണ്‌ ഈച്ചരവാരിയരുടെ മകന്‍ രാജന്‍ കൊല്ലപ്പെട്ടതെന്ന്‌ അക്കാലത്ത്‌ ക്യാമ്പിലുണ്ടായിരുന്ന മറ്റുള്ളവര്‍ പറഞ്ഞിട്ടുണ്ട്‌. പുലിക്കോടനോടൊപ്പം വേലായുധന്‍, ജയരാജന്‍, ലോറന്‍സ്‌ എന്നീ പോലീസുകാരാണ്‌ രാജനെ ഉരുട്ടിക്കൊണ്ടിരുന്നതെന്നും ബീരാന്‍ എന്ന പോലീസുകാരന്‍ ശബ്‌ദം പുറത്തുവരാതിരിക്കാന്‍ വായ്‌ തുണി കൊണ്ട്‌ പൊത്തി പിടിച്ചിരുന്നുവെന്നും കുറെ സമയം ഉരുട്ടലിനു വിധേയമാക്കിയ രാജനെ വിട്ട്‌ ബീരാന്‍ എഴുന്നേറ്റെന്നും എന്തോ കുഴപ്പമുണ്ടെന്നു മനസിലാക്കിയ മറ്റുള്ളവര്‍ ഉരുട്ടല്‍ നിറുത്തിയെന്നും സഹതടവുകാരനായിരുന്ന, കോഴിക്കോട്‌ സര്‍വകലാശാലയില്‍ റിസര്‍ച്ച്‌ സ്‌കോളറായിരിക്കെ 1976 ഫെബ്രുവരി 29 ന്‌ കസ്‌റ്റഡിയിലെടുക്കപ്പെട്ട ഏബ്രഹാം ബെന്‍ഹര്‍ പറഞ്ഞിരുന്നു.
രാജന്റെ മൃതദേഹം പിന്നീട്‌ പോലീസ്‌ ജീപ്പിലിട്ട്‌ എങ്ങോട്ടോ കൊണ്ടുപോകുകയാണുണ്ടായത്‌. രാജന്റെ മൃതദേഹം നാളിതു വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിന്റെ വയര്‍ കീറി പുഴയിലിട്ടെന്നും, പഞ്ചസാര ഇട്ട്‌ പൂര്‍ണമായും കത്തിച്ചു കളഞ്ഞെന്നും അതല്ല, കുറ്റ്യാടിപ്പുഴയിലെ കക്കയം ഡാമിനടുത്ത്‌ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത്‌ കുഴിച്ചിട്ടെന്നും, പിന്നീട്‌ പുറത്തെടുത്ത്‌ പെട്രോളൊഴിച്ച്‌ കത്തിച്ച്‌ അവശിഷ്‌ടം ഉരക്കുഴി വെള്ളച്ചാട്ടത്തിലെറിഞ്ഞു തെളിവുകള്‍ നശിപ്പിക്കുകയും ചെയ്‌തെന്നും പറയപ്പെട്ടിരുന്നു.
എറണാകുളത്തു താമസിച്ചിരുന്ന രാജന്റെ പിതാവ്‌ പ്രഫ. ഈച്ചരവാരിയര്‍ കക്കയം ക്യാമ്പിലെത്തിയെങ്കിലും രാജനെ കണ്ടെത്താനായില്ല. അദ്ദേഹം സുഹൃത്തായ മുഖ്യമന്ത്രി സി. അച്യുതമേനോനെയും സമീപിച്ചു. എന്നാല്‍ മേനോന്‍ ഇക്കാര്യത്തില്‍ സഹായിച്ചില്ലെന്ന്‌ ഒരച്‌ഛന്റെ ഓര്‍മക്കുറുപ്പുകള്‍' എന്ന അദ്ദേഹത്തിന്റെ പുസ്‌തകത്തില്‍ പറഞ്ഞു. അടിയന്തരാവസ്‌ഥയ്‌ക്കു ശേഷം പ്രഫ. ഈച്ചരവാരിയര്‍ 1977 മാര്‍ച്ച്‌ 25ന്‌ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി ഫയല്‍ ചെയ്‌തു. കോഴിക്കോട്‌ പോലീസ്‌ സൂപ്രണ്ട്‌ ആയിരുന്ന ലക്ഷ്‌മണ, ഡി.ഐ.ജി. ജയറാം പടിക്കല്‍, ആഭ്യന്തര മന്ത്രി കെ. കരുണാകരന്‍, എസ്‌.ഐ. പുലിക്കോടന്‍ നാരായണന്‍ തുടങ്ങിയവരെല്ലാം കേസിന്റെ ഭാഗമായി.
കോളജ്‌ പ്രിന്‍സിപ്പലായിരുന്ന പ്രഫ.കെ.എം. ബഹാവുദീന്റെ മൊഴികളും നിലപാടുകളുമാണ്‌ രാജന്റെ കൊലപാതകം തെളിയാന്‍ കാരണമായത്‌. കക്കയത്ത്‌ പോലീസ്‌ ക്യാമ്പ്‌ പ്രവര്‍ത്തിച്ചിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദം പൊളിച്ചത്‌ പ്രിന്‍സിപ്പലായിരുന്നു. സ്വന്തം വിദ്യാര്‍ഥികളെ അന്വേഷിച്ചു തന്റെ ഔദ്യോഗിക കാറില്‍ കക്കയത്തുള്ള വൈദ്യുതി വകുപ്പ്‌ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ്‌ ക്യാമ്പില്‍ എത്തിയ പ്രിന്‍സിപ്പലിന്റെ സാക്ഷിമൊഴിയുടെ മുന്നില്‍ സര്‍ക്കാരിന്റെ വാദം കോടതി തള്ളിക്കളയുകയായിരുന്നു. വിദ്യാര്‍ഥികളെ പ്രിന്‍സിപ്പലിനെ അറിയിക്കാതെ കസ്‌റ്റഡിയിലെടുത്ത വിവരം പ്രിന്‍സിപ്പല്‍ മാനേജ്‌മെന്റിനെയും വിദ്യാഭ്യാസ വകുപ്പിനെയും രക്ഷകര്‍ത്താക്കളെയും അറിയിച്ചിട്ടുണ്ടായിരുന്നു എന്നതും തെളിവായി.
രാജനെ കസ്‌റ്റഡിയിലെടുത്തിട്ടില്ല എന്നു വാദിച്ച പ്രതികള്‍ തുടര്‍ന്ന്‌ മൊഴിമാറ്റി. രാജന്‍ മരിച്ചിട്ടില്ലെന്നാണ്‌ കരുണാകരന്‍ ആദ്യം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയത്‌. രാജനെ അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന്‌ നിയമസഭയില്‍ പറഞ്ഞു. രാജനടക്കമുള്ള നക്‌സലൈറ്റുകളെ ഒതുക്കിയെന്ന്‌ പിന്നീട്‌ തെരഞ്ഞെടുപ്പ്‌ വേളയില്‍ പറഞ്ഞു. പിന്നീട്‌ രാജന്‍ മരിച്ചെന്ന്‌ കോടതിയില്‍ പറഞ്ഞു. രാജന്റെ മരണം ഉറപ്പായി എങ്കിലും പ്രതികളുടെ മര്‍ദനമേറ്റാണ്‌ രാജന്‍ മരിച്ചതെന്ന്‌ തെളിയിക്കാന്‍ കഴിഞ്ഞില്ല. രാജന്റെ മൃതദേഹം ഇന്നേവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ പ്രതികള്‍ എല്ലാവരും കുറ്റവിമുക്‌തരാക്കപ്പെട്ടു. എങ്കിലും കരുണാകരന്‌ രാജി വയ്‌ക്കേണ്ടി വന്നു.
ഒടുവില്‍ പ്രഫ. ടി.വി. ഈച്ചരവാരിയര്‍ക്ക്‌ ആ സത്യം ബോധ്യമായി. കക്കയം ക്യാമ്പിലെ ക്രൂര പീഡനത്തില്‍ മകന്‍ കൊല്ലപ്പെട്ടു. ഉള്ളുപിടച്ചിലോടെ അദ്ദേഹം അതുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു. 2006 ഏപ്രില്‍ 13ന്‌ ഈച്ചരവാരിയര്‍ 85ാം വയസ്സില്‍ അന്തരിച്ചു. ഏക മകന്‍ രാജന്റെ ഭൗതികാവശിഷ്‌ടമെങ്കിലും ഏറ്റുവാങ്ങി അന്ത്യ കര്‍മങ്ങള്‍ നടത്താനുള്ള തന്റെ മോഹം അവശേഷിപ്പിച്ചാണ്‌ ആയിരം പൂര്‍ണ ചന്ദ്രന്മാരെ കണ്ട ആ കണ്ണുകള്‍ അടഞ്ഞത്‌.
(ഫോണ്‍: 9387918756)

Ads by Google
Saturday 21 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW