Wednesday, March 11, 2026 Last Updated 9 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.30 PM

മാധവനും ലിറ്റി ചാക്കോയ്‌ക്കും തമ്മിലെന്ത്‌?

ഒ.വി. വിജയന്റെ 'ഇരിങ്ങാലക്കുട' എന്ന കഥയില്‍നിന്നു വിപ്ലവനേതാവ്‌ വീണ്ടും ഇരിങ്ങാലക്കുടയില്‍ ചെന്നിട്ട്‌ ജനങ്ങളോട്‌ ചോദിച്ചു. 'ഇതാണോ ഇരിങ്ങാലക്കുട?' 'അതേ, ഇതാണ്‌ ഇരിങ്ങാലക്കുട' ആളുകള്‍ സംശയലേശമില്ലാതെ പറഞ്ഞു. എനിക്കങ്ങനെ തോന്നുന്നില്ലല്ലോ?' നേതാവ്‌ വീണ്ടും ശങ്കിച്ചു. ഗണിതശാസ്‌ത്രലോകം ഇന്ന്‌ വിസ്‌മയപൂര്‍വം ഇരിങ്ങാലക്കുടയിലെ ഇരിങ്ങാടപ്പിള്ളി മനയെ അന്വേഷിക്കുന്നു. അവിടത്തെ ശ്രീകൃഷ്‌ണക്ഷേത്ര മുറ്റത്തെ കരിങ്കല്ലില്‍ മലര്‍ന്നുകിടന്ന്‌ പൈയുടെ വില കണ്ടെത്തിയ, അപരിമിത ശ്രേണി കണ്ടുപിടിച്ച, വാനനിരീക്ഷണം നടത്തിയ സംഗമഗ്രാമം മാധവനെ, മാധവ ന്യൂട്ടണ്‍ സീരിസ്‌, മാധവ-ഗ്രിഗറി സീരിസ്‌ എന്നുപറഞ്ഞ്‌ പുനര്‍നാമകരണം ചെയ്‌ത് ആദരിക്കുന്നു. ന്യൂട്ടനും ഗ്രിഗറിയും മുന്നൂറുകൊല്ലം മുമ്പേ ഈ ഇരിങ്ങാലക്കുടക്കാരന്‍ ഈ വിസ്‌മയ കണ്ടുപിടിത്തങ്ങള്‍ സാധിക്കുകയും കൃതികള്‍ രചിക്കുകയും ചെയ്‌തു. എന്നാല്‍ മാധവന്റെ വേണ്വാരോഹം തുടങ്ങിയ കൃതികള്‍ കണ്ടെത്താനും കഴിഞ്ഞ ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌ കോളജിലെ മലയാളം പ്ര?ഫസറായ ലിറ്റി ചാക്കോയിലാണ്‌ ഇന്ന്‌ മാധവനെ തിരയുന്നവരുടെ കണ്ണ്‌. ചരിത്രാന്വേഷിയായ മനു എസ്‌. പിള്ള ലിറ്റിയുമായി നടത്തിയ അഭിമുഖം വൈറലായിരിക്കുന്നു. കേരളത്തിലെ സര്‍വകലാശാലകളും പാഠപുസ്‌തകങ്ങളും ഗണിതശാസ്‌ത്രജ്‌ഞരും മാധവനെ കൈയൊഴിഞ്ഞിട്ടും ലോകം ഈ പ്രതിഭയെ തോളിലേറ്റി. അമ്മിക്കല്ലില്‍ തലവച്ചുകിടന്ന്‌ വാനനിരീക്ഷണം നടത്തുന്ന ഒരത്ഭുത മനുഷ്യന്റെ കഥ ഇരിങ്ങാലക്കുടയിലെ കുട്ടികള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ ലിറ്റി ചാക്കോ ആ കഥയുടെ വാതില്‍ തുറന്ന്‌ ഐതിഹ്യങ്ങളുടെ പുകമഞ്ഞ്‌ വകഞ്ഞുമാറ്റി, മാന്ത്രികപ്പൂട്ടുകള്‍ തുറന്നതിന്റെ ചാതിതാര്‍ത്ഥ്യത്തിലാണ്‌ ഇന്ന്‌ ലിറ്റി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 2026-ലെ ദേവി അവാര്‍ഡിന്‌ ലിറ്റി ചാക്കോ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കപില വേണു (ഇരിങ്ങാലക്കുട), നളിനി ചന്ദ്രന്‍ (തൃശൂര്‍) എന്നിവരും ഈ പുരസ്‌കാരത്തിന്‌ അര്‍ഹരായിരിക്കുന്നു. സംഗമഗ്രാമ മാധവന്റെ രണ്ടു കൃതികള്‍ എന്ന പുസ്‌തകവും ലിറ്റി ചാക്കോ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌(എന്‍.ബി.റ്റി). നിഷ്‌ഫല ഗവേഷണ വ്യായാമങ്ങളില്‍ മുഴുകുന്ന സര്‍വകലാശാലകള്‍ക്കും അന്നന്നത്തെ അങ്ങാടി നിലവാരത്തില്‍ പുളയ്‌ക്കുന്ന, ഉപരിപ്ലവതയില്‍ രമിക്കുന്ന മാധ്യമങ്ങള്‍ക്കും ലിറ്റി ചാക്കോ അകലെയാകുന്നതില്‍ അത്ഭുതമില്ല.

പ്രണയദിന ദുരന്തം
പ്രശസ്‌തനായ ഒരെഴുത്തുകാരന്റെ മോശപ്പെട്ട ഒരു രചന അതിപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുവരുന്നു. അതും പ്രണയദിനത്തില്‍. പ്രണയസരോവര തീരമെന്ന്‌ കടമെടുത്ത ശീര്‍ഷകമൊഴിച്ചാല്‍ സന്തോഷ്‌ എച്ചിക്കാനത്തിന്റെ രചന വായനക്കാരനെ തെല്ലും ആഹ്‌ളാദിപ്പിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാനിടയില്ല. അത്ര വിരസവും അനാകര്‍ഷകവുമായ ഒരനുഭവതന്തുവും ആഖ്യാനവുമാണ്‌ ആവിഷ്‌കരിക്കുന്നത്‌. ബേക്കല്‍ക്കോട്ടയിലേക്കൊരു യാത്രയും മദ്യപാനവും പ്രണയനൈരാശ്യവും ക്ലിഷേകളുടെ സംഗമം. ഒന്നോ രണ്ടോ നല്ല കഥയെഴുതി അതിന്റെ പലിശവാങ്ങി ശിഷ്‌ടകാലം ഉപജീവനം നടത്തുന്ന ഇത്തരക്കാരെ ഉപജീവിക്കുകയും അനര്‍ഹമായ ഇടം നല്‍കി സന്തോഷിപ്പിക്കുകയും ചെയ്യുന്നവരെ വേണം പറയാന്‍! സന്തോഷം രചയിതാവിനു മാത്രം! വായനക്കാര്‍ക്ക്‌ ധനനഷ്‌ടം, സമയനഷ്‌ടം. പ്രണയദിന ദുരന്തം!

സ്വന്തം പ്രതിമ
പണിയുന്നവര്‍
മലയാളത്തിലെ ജീവചരിത്രങ്ങള്‍ ഭൂരിഭാഗവും വിവരസമാഹരണമോ, റിപ്പോര്‍ട്ടിങ്ങോ ആണെന്ന്‌ കാണാം. ആത്മകഥകളാകട്ടെ സ്വന്തം സ്‌മാരകം (പ്രതിമ) സ്വയം നിര്‍മിക്കുന്ന ജീര്‍ണതയിലേക്കും ആത്മപ്രശംസാപരമായ മലീമസതയിലേക്കും വഴുതിയിറങ്ങുന്ന അവസ്‌ഥയാണെന്ന്‌ ഡോ. രാജീവ്‌ പുലിയൂര്‍. പി. കുഞ്ഞിരാമന്‍നായരുടെയും മാധവിക്കുട്ടിയുടെയും ആത്മകഥകള്‍ ഇതില്‍നിന്നു വിടുതല്‍ നേടുന്നുണ്ട്‌. അനുഭവങ്ങളുടെ ആന്തരിക സത്യത്തിലൂടെയുള്ള പുനര്‍നിര്‍മാണം എന്ന അര്‍ത്ഥത്തിലാണ്‌ മാധവിക്കുട്ടിയുടെ ആത്മകഥയില്‍ ഫാന്റസി എന്ന്‌ പറയുന്നത്‌. പി. കുഞ്ഞിരാമന്‍നായരുടെ കവിയുടെ കാല്‌പാടുകളിലും എന്നെത്തിരയുന്ന ഞാനിലും ഇത്തരം ഒരു സര്‍ഗാത്മക സമീപനം കാണാം.

പ്രായത്തിന്റെ കളി
കൗതുക വിഷയങ്ങള്‍ കണ്ടെത്തി അവയെ ഓര്‍മച്ചെപ്പില്‍നിന്നുമെടുത്ത്‌ കോര്‍ത്തിണക്കി അവതരിപ്പിക്കാന്‍ കഥക്കൂട്ടില്‍ തോമസ്‌ ജേക്കബ്‌ പ്രകടിപ്പിക്കുന്ന വൈഭവം ചെറുതല്ല. റോമന്‍ പോളന്‍സ്‌കി എണ്‍പതാം വയസിലെടുത്ത വീനസ്‌ ഇന്‍ഫറിന്റെ ആദ്യ ഷോ കാന്‍ ഫിലിം ഫെസ്‌റ്റിവലായിരുന്നു. പോളിഷ്‌ ചലച്ചിത്രകാരനായ ആന്ദ്രേ വൈദയുടെ വലേസ മാന്‍ ഓഫ്‌ ഹോപ്പ്‌ എടുത്തത്‌ 87-ാം വയസില്‍. വെനീസ്‌ മേളയുടെ പ്രഥമ ചിത്രമായിരുന്നു അത്‌. അകിര കുറസോവ 'മടാടയാ' നിര്‍മിച്ചത്‌ 83-ാം വയസില്‍. മൈക്കലാഞ്ചലോ സാന്റാമരിയാ പള്ളി രൂപകല്‌പന ചെയ്‌തത്‌ 88 ല്‍ ആണെങ്കില്‍ പിക്കാസോ 90 ലും ചിത്രം വരയ്‌ക്കുമായിരുന്നു. 85-ാം വയസില്‍ മമ്മൂട്ടിയെ നായകനാക്കി 'പദയാത്ര' സംവിധാനം ചെയ്‌തുകൊണ്ടിരിക്കുന്ന നമ്മുടെ അഭിമാനമായ അടൂര്‍ ഗോപാലകൃഷ്‌ണനെക്കൂടി ഇതോട്‌ ചേര്‍ത്ത്‌ ഓര്‍മിക്കാം(മനോ. ആഴ്‌ച. ഫെ. 21).

അന്ധതയ്‌ക്ക് മേല്‍
അന്ധത
അന്ധനും പുത്രസ്‌നേഹത്താല്‍ അന്ധതയ്‌ക്കുമേല്‍ അന്ധത ബാധിച്ചവനുമായ വ്യാസപുത്രന്‍ ധൃതരാഷ്‌ട്രരെക്കുറിച്ച്‌ രതിനാരായണന്‍. സഹസ്രാബ്‌ദങ്ങള്‍ക്കിപ്പുറവും മക്കളോടുള്ള അമിതവൈകാരികതകൊണ്ട്‌ അന്ധരായ ധൃതരാഷ്‌ട്രന്മാരെ ഇന്നും നമുക്കു ചുറ്റും കാണാനാവും. വികാരങ്ങളുടെ അടിമയാകാതെ കാര്യങ്ങള്‍ വിവേകപൂര്‍വം കാണാനാവാത്ത ഇത്തരക്കാര്‍ എന്നും പരാജയപ്പെട്ടുപോകുന്നു. അങ്ങനെ ഇക്കാലത്തും ധൃതരാഷ്‌ട്രര്‍ അപ്രസക്‌തനാവാതെ നിലകൊള്ളുന്നു.

പണിമുടക്കിനെ
പടികടത്തിയവര്‍
ഭാരത്‌ ബന്ദ്‌ കേരളം ഹര്‍ത്താലായി ആഘോഷിക്കുമ്പോള്‍ ചില പ്രദേശങ്ങള്‍ അതില്‍നിന്നു വിട്ടുനിന്ന്‌ മാതൃകയാകുന്നു. എറണാകുളം ജില്ലയിലെ പുല്ലുവഴി, പെരിങ്ങാല, പള്ളിക്കര എന്നീ ദേശങ്ങളാണ്‌ പണിമുടക്കിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയവര്‍. മധ്യകേരളത്തിലെ കമ്യൂണിസ്‌റ്റ് ഗ്രാമമായിരുന്നു പുല്ലുവഴി ഇന്നാകെ മാറി. ഒരു ബന്ദും അവിടെ നടപ്പാകില്ല. സാധാരണക്കാരുടെ അന്നം മുടക്കുന്ന ഈ കലാപരിപാടി വേണ്ടെന്ന്‌ ഇവര്‍ പണ്ടേ തീരുമാനിച്ചു. ഇളമരം കരിം ചക്കമുറിച്ചോട്ടെ; പുല്ലുവഴിയിലെ ചക്കക്കുരു മുറിയില്ല. മുന്‍ മുഖ്യമന്ത്രി പി.കെ.വി., കമ്യൂണിസ്‌റ്റ് താത്വികന്‍, പി. ഗോവിന്ദപ്പിള്ള, കഥാകൃത്ത്‌ എം.പി. നാരായണപിള്ള, നാടകകൃത്ത്‌ കാലടി ഗോപി എന്നിവരൊക്കെ പുല്ലുവഴിക്കാരാണ്‌. കമ്യൂണിസ്‌റ്റുകാരുടെ തറവാട്ടുവക ഏക സ്‌കൂളായ ജയകേരളവും പുല്ലുവഴിയില്‍ത്തന്നെ.

ശിഷ്യ പ്രശംസ
ഗുരുവിനെ നിലവിട്ട്‌ പ്രശംസിക്കുന്ന ശിഷ്യരെ കണ്ടിട്ടുണ്ട്‌. ഉപകാരസ്‌മരണയായി തന്റെ ഗൈഡിന്‌ അവാര്‍ഡ്‌ കൊടുത്ത സാഹിത്യ അക്കാദമി ഭരണസമിതി അംഗത്തേയും ഓര്‍മ വരുന്നു. എന്നാല്‍ ശിഷ്യനെ അതിരുകടന്ന്‌ പ്രശംസിക്കുന്ന ഗുരുവിനേയും ഇപ്പോള്‍ കാണാനായി. ഡോ. എച്ച്‌.എം. ബഷീറാണ്‌ തന്റെ അരുമശിഷ്യന്‌ പ്രശംസാ കിരീടം ചാര്‍ത്തി സ്വയം നിന്ദിതനാകുന്നത്‌. തനിക്കെതിരേ സമൂഹം തെറിവിളിക്കുമ്പോഴൊക്കെ ശിഷ്യര്‍ കെ.ഇ.എന്‍. ഒപ്പമുണ്ടെന്ന്‌ പറയുന്നതാണ്‌ കേമത്തമായി ഗുരു കണക്കാക്കുന്നത്‌. ഒരോണക്കാലത്തെ കാളയും കാളനുമായി നെടുകെ പിളര്‍ന്ന്‌, വര്‍ഗീയ വിഷം കലക്കിയ ഈ ശിഷ്യനെ മഹാമനുഷ്യസ്‌നേഹിയായി എം.എം. ബഷീര്‍ വിശേഷിപ്പിക്കുന്നതില്‍ അരോചകമായ ചിലത്‌ മണക്കുന്നുണ്ട്‌.

സാമന്തരാജ്യത്തിന്റെ
സാഷ്‌ടാംഗ പ്രണാമം
അമേരിക്ക ലോക പോലീസ്‌ ചമയുന്നത്‌ ആദ്യമായിട്ടല്ല. യുദ്ധത്തില്‍ തോല്‌പിച്ച രാജ്യത്തോട്‌ കപ്പം വാങ്ങുന്ന മട്ടില്‍ ഇന്ത്യക്കുമേല്‍ തീരുവ ഉയര്‍ത്തിയും താഴ്‌ത്തിയും ഭീഷണിയും അനുനയവുമായി അമേരിക്ക പരോക്ഷ അധിനിവേശത്തിന്‌ കോപ്പുകൂട്ടുകയാണ്‌. അതുകൊണ്ടാണ്‌ ഭാരതമാതാവിനെ വിറ്റു എന്ന്‌ രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞത്‌. അടിക്കടി നിലപാടുമാറ്റുന്ന അമേരിക്കയെ പിന്തുടര്‍ന്ന്‌ കാലുവേവിച്ച ചരിത്രം ലോകമെമ്പാടും ഏറെയുണ്ടെന്ന്‌ മനോജ്‌ മേനോന്‍.

ഹൗഡിനിയുടെ
പരാജയങ്ങള്‍
ചൈന വന്‍മതിലിനേയും സ്‌റ്റാച്യു ഓഫ്‌ ലിബര്‍ട്ടിയേയും താജ്‌മഹലിനേയും അപ്രത്യക്ഷമാക്കിയ മാന്ത്രികന്‍ ഹൗഡിനിയെക്കുറിച്ച്‌ മുതുകാട്‌. ഏതുതരം ബന്ധനങ്ങളെയും അതിജീവിക്കുന്ന ഹൗഡിനിയെ ഒരിക്കല്‍ ഒരു ജയിലറയ്‌ക്കുള്ളിലെ പെട്ടിയിലിട്ട്‌ പൂട്ടി. പുറത്ത്‌ ആയിരക്കണക്കിന്‌ ജനം സാക്ഷി. ചങ്ങലകള്‍ അഴിച്ച്‌ പെട്ടിക്കുള്ളില്‍നിന്ന്‌ ഹൗഡിനി പുറത്തുവന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും ജയിലിന്റെ വാതില്‍ തുറന്ന്‌ പുറത്തുകടക്കാനാവുന്നില്ല. ഒടുവില്‍ പരാജയം സമ്മതിച്ചു. ആ ജയിലിന്റെ വാതില്‍ പൂട്ടിയിട്ടില്ലായിരുന്നു! ഹൗഡിനി മാന്ത്രിക ജീവിതത്തിന്‌ മാത്രമായി സമര്‍പ്പിക്കുകയായിരുന്നു. ഗോപിനാഥ്‌ മുതുകാടാവട്ടെ മാന്ത്രികതയ്‌ക്കപ്പുറത്തുള്ള പ്രലോഭനങ്ങള്‍ക്ക്‌ പുറകേ പോകുന്നതാണ്‌ നമ്മള്‍ കണ്ടത്‌. ഒന്നുകൊണ്ടും തൃപ്‌തിയാകാത്തവര്‍ക്ക്‌ ഒന്നിലും വിജയിക്കാനാവില്ല.(മാതൃ. വാരാന്ത്യം ഫെ. 15).

കടുശര്‍ക്കരയോഗം
ശ്രീപത്മനാഭസ്വാമി, വിശ്വക്‌സേനന്‍, തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ഉള്‍പ്പെടെ ചുരുക്കം ചില ദേവവിഗ്രഹങ്ങള്‍ക്ക്‌ മാത്രമാണ്‌ കടുശര്‍ക്കര യോഗത്തില്‍ തീര്‍ത്തിട്ടുള്ളത്‌. പ്ലാവിന്‍പശ, കൂവളപ്പശ, തിരുവട്ടപ്പശ, കോഴിപ്പരല്‍, ചാഞ്ചല്യം, ഗംഗയിലേതുള്‍പ്പെടെ പുണ്യനദികളിലെ മണ്ണ്‌, നെല്ലിക്ക, കടുക്ക, കോലരക്ക്‌, നാല്‌പാമരത്തോല്‍, ഗോരോചനം, കസ്‌തൂരി, ചന്ദനം, രക്‌തചന്ദനം, പാല്‍, തൈര്‌, നെയ്യ്‌, ശ,ഖ്‌, ആനകുത്തിയ മണ്ണ്‌, പുറ്റുമണ്ണ്‌, കലപ്പമണ്ണ്‌, ഞണ്ടുമണ്ണ്‌, ത്രിഫല, കരിങ്ങാലി, ഇളനീര്‍ തുടങ്ങിയവ ചേര്‍ത്തുള്ള ആയുര്‍വേദ കൂട്ടാണ്‌ ഉപയോഗിക്കുന്നത്‌. മനുഷ്യശരീരത്തിലെന്നപോലെ കരിങ്ങാലികൊണ്ട്‌ അസ്‌ഥികളും ചകിരിനാരു പിരിച്ച്‌ ഞരമ്പുകളും ഉണ്ടാക്കും(മനോ. ഫെ. 17).

കെ.ജി.എസ്‌.
കാവ്യദ്യുതി പരത്തുന്ന കവനങ്ങള്‍ കാര്യമായിട്ടൊന്നും രചിക്കാതെയും മലയാളത്തില്‍ മഹാകവിയായി വിലസാനിടമുണ്ട്‌. ദീര്‍ഘദീര്‍ഘമായി എഴുതിത്തള്ളുന്ന വിരസഗദ്യം ഉണങ്ങിയ വിറകുകൊള്ളികള്‍ അടുക്കിവയ്‌ക്കുംപോലെ നിരത്തും. പഴയ ചാരുകസേര വിപ്ലവത്തിന്റെ തഴമ്പ്‌ ഇടയ്‌ക്കിടെ തടവും. കവികുല ഗുരുവായി പ്രീണിപ്പിക്കാന്‍ ശിഷ്യവൃന്ദം അപദാനങ്ങള്‍ പാടിനടന്നെന്നും വരും. കെ.ജി.എസിന്റെ ദീര്‍ഘവും വിരസവുമായ 'സി മര്‍ഗ്‌' എന്ന രചന അവനവന്‍ കടമ്പയായി മാറുന്നു. ഷെറീഫിന്റെ ചിത്രം ആസ്വദിക്കാം; അധികം ക്ലേശിക്കാതെ!

Ads by Google
Saturday 28 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW