Tuesday, March 10, 2026 Last Updated 16 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.30 PM

മതിലുകള്‍ക്കപ്പുറം ഉള്ളിലെ സ്വാതന്ത്ര്യം

uploads/news/2026/02/827795/sun1.jpg

ഒരിക്കല്‍ ഞങ്ങളുടെ പാടത്ത്‌ ഒരു കലഹമുണ്ടായി. കര്‍ഷക സമരത്തോടു ബന്ധപ്പെട്ട കലഹം. ആ കലാപത്തില്‍ മൂന്നു പുരുഷന്മാര്‍ മരിച്ചു. പതിനൊന്നു സ്‌ത്രീകള്‍ക്കു കുത്തേറ്റു. മൂന്നു പ്രതികള്‍ എന്റെ കുടുംബതതില്‍പ്പെട്ടവരായിരുന്നു. അവര്‍ കോട്ടയം ജില്ലാ ജയിലില്‍ കിടന്ന നാളുകളില്‍ ഞാന്‍ ജയില്‍ സന്ദര്‍ശിച്ചു. പിന്നീട്‌ അവരെ വെറുതെവിട്ടു. സ്വരക്ഷാ വാദത്തിന്റെ ബലത്തില്‍.
എന്റെ അയല്‍ക്കാരും എന്റെ ബന്ധുക്കളുമായ അവരോട്‌ ഞാനീ സംഘട്ടനകാര്യത്തെക്കുറിച്ച്‌ പലവട്ടം സംസാരിച്ചിട്ടുണ്ട്‌. മനപ്പൂര്‍വമല്ല, കരുതിക്കൂട്ടിയല്ല, അതങ്ങനെ ഓര്‍ക്കാപ്പുറത്തു സംഭവിച്ചുപോയതാണ്‌. സമരത്തെക്കുറിച്ചോ കലാപത്തെക്കുറിച്ചോ ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. കുറേപ്പേര്‍ കൂട്ടമായി വന്നു വഴക്കുണ്ടാക്കുകയായിരുന്നു. അവര്‍ കൊണ്ടുവന്ന ആയുധം പിടിച്ചുവാങ്ങി അവരെ വെട്ടുകയായിരുന്നു എന്നൊക്കെ പറഞ്ഞു. ഒട്ടുമിക്ക കുറ്റകൃത്യങ്ങളും യാദൃച്‌ഛികമായി നിനച്ചിരിക്കാതെ സംഭവിക്കുന്നതാണ്‌. ആ സംഭവത്തിനാവശ്യമായ സാഹചര്യങ്ങള്‍ താനേ രൂപപ്പെടുകയാണ്‌. അപകടങ്ങള്‍ സംഭവിക്കുന്നതും അതേപോലെയാണല്ലോ? ആരെങ്കിലും മനപൂര്‍വം അപകടം വരുത്തിവയ്‌ക്കുമോ? തടവറകളില്‍ എത്തുന്ന പലരും ഓര്‍ക്കാപ്പുറത്തു ചില സാഹചര്യങ്ങളില്‍ കുറ്റം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതാണ്‌്.
ഒരു മനുഷ്യന്‍ എത്ര മാന്യനായി പുറത്തു കാണാന്‍ ആഗ്രഹിക്കുന്നുവോ, അയാള്‍ അത്രമാത്രം ഉള്ളില്‍ മാന്യനായിരിക്കണമെന്നില്ല. സാഹചര്യം ഒത്തുവന്നാല്‍ അയാള്‍ക്കുള്ളിലെ പൈശാചികത പുറത്തെത്തും. നല്ലതുപോലെ അഭിനയിക്കാനറിയുന്നവന്‍, പുറമേ നല്ല മാന്യനാണ്‌. ഞാന്‍ മാന്യനാണ്‌ എന്ന്‌ അറിയിക്കാനുള്ള അഭിനയമാണ്‌ നാമെല്ലാം കാഴ്‌ചവയ്‌ക്കുന്നത്‌. വിശക്കുന്ന വയറ്‌, കാലിയായ പോക്കറ്റ്‌, തകര്‍ന്ന ഹൃദയം ഇതൊക്കെ ചിലപ്പോള്‍ നമ്മെ ദുര്‍മാര്‍ഗങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകും.
സമൂഹജീവിയായ മനുഷ്യന്റെ ജീവിതത്തിലെ ഇടപാടുകള്‍ക്കും ഇടപെടലുകള്‍ക്കും ഭരണഘടനകളും മതപ്രമാണങ്ങളും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സമൂഹ ജീവിതത്തിന്റെ സുഗമമായ പ്രയാണത്തിനു ചില മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. അച്ചടക്കം, ജീവിതയാത്രയ്‌ക്ക് ആവശ്യമാണ്‌. ഉദാഹരണത്തിന്‌ ഡ്രൈവിങ്‌. ഡ്രൈവ്‌ ചെയ്യുമ്പോള്‍ നമ്മള്‍ കര്‍ശനമായി നിയമങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാണ്‌. പാലിച്ചില്ലെങ്കിലോ യാത്ര അപകടമാവും. സുഗമമായ, അപകടരഹിതമായ നല്ല യാത്രയ്‌ക്കുവേണ്ടിയാണ്‌ റോഡു നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്‌. റോഡു നിയമങ്ങള്‍ തെറ്റിക്കുമ്പോള്‍, നാം തെറ്റിക്കുന്നത്‌ നമ്മുടെ നല്ല യാത്രയെത്തന്നെയാണ്‌. അപ്പോള്‍ നാം നിയമങ്ങള്‍ പാലിക്കണം. ഇതുതന്നെയാണ്‌ മനുഷ്യന്റെ, സമൂഹത്തിന്റെ ജീവിതയാത്രയ്‌ക്കു വേണ്ടതും.
എല്ലാ മതങ്ങള്‍ക്കും സഭകള്‍ക്കും സമുദായങ്ങള്‍ക്കും പ്രമാണങ്ങളുണ്ട്‌. ബൈബിളില്‍ പത്തു പ്രമാണങ്ങളുണ്ട്‌. കൊല്ലരുത്‌, മോഷ്‌ടിക്കരുത്‌, അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുത്‌ എന്നൊക്കെ. കൊല്ലാനും മോഷടിക്കാനും വ്യഭിചരിക്കാനുമൊക്കെയുള്ള ആഗ്രഹം ഓരോ മനുഷ്യന്റെ ഉള്ളിലുമുണ്ട്‌. അതാരും പ്രാവര്‍ത്തികമാക്കുന്നില്ല. അതു നടപ്പിലാക്കുമ്പോഴാണ്‌ കുറ്റമാകുന്നത്‌. കുറ്റവാളികള്‍ക്കുള്ള ശിക്ഷയാണ്‌ ജയില്‍വാസം. അവര്‍ക്കു ചുറ്റും മതിലുകള്‍ ഉയര്‍ന്നുനില്‍ക്കുന്നു. ഈ മതില്‍ ചുറ്റിനില്‍ക്കുമ്പോള്‍, സ്വതന്ത്ര സഞ്ചാരങ്ങളെ നിയന്ത്രിക്കുമ്പോള്‍ അവര്‍ക്കു തോന്നും മതില്‍ ചാടണമെന്ന്‌. സമൂഹം പണിതിട്ട മതിലുകള്‍ ചാടിയതുകൊണ്ടാണ്‌ അവരീ മതില്‍ക്കെട്ടില്‍പ്പെട്ടുപോയത്‌.
മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷനായിരുന്ന മാര്‍ ക്രിസോസ്‌റ്റം ഒരിക്കല്‍ പത്തനംതിട്ട ജ്യുവനല്‍ ഹോമില്‍ സന്ദര്‍ശനത്തിനു ചെന്നപ്പോള്‍ അവിടെയുള്ളവരോടു പറയുകയുണ്ടായി. 'നിങ്ങള്‍ക്കു കക്കാനറിയാം പക്ഷേ നില്‍ക്കാനറിയില്ല. പുറത്തുള്ള ഞങ്ങള്‍ക്കു കക്കാനുമറിയാം നിക്കാനുമറിയാം. ഇതു രണ്ടുമറിയാവുന്നതുകൊണ്ടാണ്‌ ഞങ്ങളിവിടെ കിടക്കാത്തത്‌.' ഇതിലൊരു സത്യമുണ്ട്‌. ചെയ്‌ത കുറ്റം പിടിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ പുറത്തുകൂടി വിലസുന്നവരില്‍ കുറേ ഏറെപ്പേരും ജയിലില്‍ കിടക്കേണ്ടവരാണ്‌. അവരിവിടെ കിടക്കുന്നില്ലെങ്കിലും അവരില്‍ കുറേപ്പേരെങ്കിലും ചെയ്‌ത കുറ്റത്തിന്‌ ആന്തരികമായി അവരുടെതന്നെ ഉള്ളറകളിലെ തടവറകളിലാണ്‌. പുറത്തു സ്വതന്ത്രരായി നടക്കുന്ന ചിലര്‍ക്കെങ്കിലും ഈ ഭൂമി, ജീവിതം, വീട്‌ ഒക്കെ തടവറയായി അനുഭവപ്പെടുന്നുണ്ട്‌. അതുകൊണ്ടാണ്‌ പണ്ട്‌ വയലാര്‍ ഈ പാട്ടെഴുതിയത്‌.
'കറുത്ത ചക്രവാളമതിലുകള്‍ ചൂഴും
കാരാഗൃഹമാണു ഭൂമി'.
ആന്തരികമായി കടുത്ത മനോവേദനകള്‍ അനുഭവിക്കുന്നവര്‍ക്ക്‌ ഭൂമിതന്നെ ഒരു കാരാഗൃഹമായി അനുഭവപ്പെടും.
കുറെ വര്‍ഷങ്ങള്‍ സൈബീരിയയിലെ തണുത്തുറഞ്ഞ ഏകാന്ത തടവറയില്‍ കഴിഞ്ഞ ഒരു കുറ്റവാളിയാണ്‌ റഷ്യന്‍ എഴുത്തുകാരനായ മഹാനായ ദസ്‌തോവിസ്‌കി. രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടു വധശിക്ഷയ്‌ക്കു മുമ്പില്‍ നില്‍ക്കുമ്പോഴാണ്‌ ഏതോ നിയോഗംപോലെ സര്‍ ചക്രവര്‍ത്തിയുടെ കല്‍പന വരുന്നത്‌. കൊല്ലേണ്ട, സൈബീരിയയിലേക്കു നാടുകടത്തുക. അതൊരു മഹാഭാഗ്യമായി; സൈബീരിയന്‍ ശിക്ഷ കഴിഞ്ഞു വനന ദസ്‌തോവിസ്‌കി രണ്ടു മഹത്തായ നോവലുകള്‍ എഴുതി. അതില്‍ ഒന്നാണ്‌ 'കുറ്റവും ശിക്ഷയും'.
യേശുവിന്റെ മുമ്പില്‍ പാപിനിയായ ഒരു സ്‌ത്രീയെ ഒരുപറ്റം ആള്‍ക്കാര്‍ കല്ലെറിഞ്ഞുകൊല്ലാന്‍ കൊണ്ടുവരുന്നുണ്ട്‌. അന്നത്തെ നിയമം നടപ്പാക്കാന്‍ ആള്‍ക്കൂട്ടത്തിനു കഴിയും. അപ്പോള്‍ യേശു അവളുടെ രക്ഷകനാവുകയാണ്‌. 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയുക'. എന്തൊരു വേദവാക്യമാണത്‌. ജനം പിരിഞ്ഞുപോയി. യേശു അവളോടു പറഞ്ഞു: 'മകളേ നിന്നെ വിധിക്കാന്‍ ഞാനാര്‌'.
എന്തൊരു വിധിപറച്ചിലാണത്‌. സമൂഹനിയമത്തെ യേശു ലംഘിക്കുകയാണ്‌. കരുണയുടെ വിധി പ്രഖ്യാപിക്കുകയാണ്‌.
കുമാരനാശാന്റെ 'കരുണ' എന്ന കാവ്യത്തില്‍ ബുദ്ധന്റെ ശിഷ്യനായ ഉപഗുപ്‌തന്‍, കരചരണാദികള്‍ ഛേദിക്കപ്പെട്ടു ചൂടുകാട്ടില്‍ കിടക്കുന്ന വാസവദത്തയുടെ അടുക്കല്‍ കരുണയുടെ സന്ദേശവുമായി വരുന്നു. പക്ഷേ, അവള്‍ നടത്തിയ കൊലപാതകത്തിന്‌ അവളെ ഭരണകൂടം ശിക്ഷിച്ചു. ആ ശിക്ഷയാണ്‌ അവളിപ്പോള്‍ ചുടുകാട്ടില്‍കിടന്ന്‌ അനുഭവിക്കുന്നത്‌. ഉപഗുപ്‌തന്‍ വരുന്നത്‌ അവളെ രക്ഷിക്കാനാണ്‌, ഉപദേശിച്ചു മോക്ഷം നല്‍കാനാണ്‌. മാനുഷിക മാര്‍ഗം കുറ്റത്തിനു ശിക്ഷയാണ്‌ ദൈവികമാര്‍ഗം കുറ്റത്തിനു ക്ഷമയാണ്‌, കരുണയാണ്‌.
ബുദ്ധനോടു ബന്ധപ്പെട്ടു ഒരു പുരാവൃത്തമുണ്ട്‌. അംഗുലീമാലന്‍ മഹാദുഷ്‌ടനും കൊലപാതകിയുമായ കൊള്ളക്കാരനായിരുന്നു. ആയിരം ആളുകളെ കൊന്നു കൈവിരലുകള്‍ മുറിച്ചെടുത്ത്‌ അവയുടെ അസ്‌ഥികള്‍ക്കൊണ്ടു മാലയുണ്ടാക്കി തന്റെ ഇഷ്‌ടദേവതയ്‌ക്കു ചാര്‍ത്താമെന്ന്‌ അവന്‍ നോറ്റിരുന്നു. 999 ആളുകളെ കൊന്നുവിരലുകളുടെ അസ്‌ഥികള്‍ സമ്പാദിച്ചു. ഒടുവില്‍ ബുദ്ധനെ വധിച്ച്‌ അദ്ദേഹത്തിന്റെ അസ്‌ഥികള്‍ കൂട്ടിച്ചേര്‍ത്തു നേര്‍ച്ച പൂര്‍ത്തിയാക്കുവാനായി അവന്‍ ബുദ്ധന്റെ അടുക്കല്‍ ചെന്നു. അദ്ദേഹം അവനെ ധര്‍മോപദേശം ചെയതു ശിഷ്യനാക്കി മാറ്റി.
ഇതൊരു ദൈവികമായ ശിക്ഷാവിധിയാണ്‌. കുറ്റങ്ങള്‍ ക്ഷമിച്ചു, പാപങ്ങള്‍ പൊറുത്തു ഒരുവനെ ദൈവപുത്രനാക്കുക എന്നത്‌. വിക്‌ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന മഹാനോവലില്‍, വിശപ്പുസഹിക്കാതെ റൊട്ടി മോഷ്‌ടിക്കുന്ന ഒരു പാവത്തിനെ ശിക്ഷിക്കുന്നുണ്ട്‌. ശിക്ഷാകാലം കഴിഞ്ഞു വന്നവന്‍ അരമനയില്‍ കയറി ബിഷപ്പിന്റെ വെള്ളികൊണ്ടുള്ള മെഴുകുതിരിക്കാലുകള്‍ മോഷ്‌ടിച്ചു. തൊണ്ടി മുതലുമായി പോലീസുകാര്‍ അരമനയിലെത്തി. ബിഷപ്പിനോടു ചോദിച്ചു ഇതു അങ്ങേയുടെതാണോ. അതേ എന്ന്‌ ഉത്തരം. ബിഷപ്‌ തുടര്‍ന്നു 'ഞാനിവ ഇവനു കൊടുത്തതാണ്‌.'
'ഇവനു കൊടുക്കാന്‍ ഇവന്‍ അങ്ങയുടെ ആരാ?'
'ഇവന്‍ എന്റെ സഹോദരന്‍' എന്നു ബിഷപ്പിന്റെ ഉത്തരം. ഈ ഉത്തരത്തിലാണ്‌ ക്രിസ്‌തുസഭയുടെ കാതല്‍. പക്ഷേ, ഈ കരുതല്‍ സമൂഹനിയമത്തിനു ചേരില്ല.
ദസ്‌തോവിസ്‌കി അവസാനം എഴുതിയ, ഭൂമിയിലെതന്നെ ഏറ്റവും മഹത്തായ ഗംഭീര നോവലാണ്‌ ബ്രദേഴ്‌സ് കാരമസോവ്‌. അതിലൊരു മകന്‍ നീചനായ തന്റെ പിതാവിനെ കൊല്ലുന്നുണ്ട്‌. ഇതൊരു ഭയങ്കര നോവലാണ്‌. ഈ നോവലിന്റെ അവസാന പേജില്‍ ഇളയമകന്‍ അലോഷ്യ, ഇലൂഷ എന്നീ കുട്ടിയുടെ കുഴിമാടത്തിന്നരികില്‍ നിന്നു മരിച്ച കുട്ടിയുടെ കൂട്ടുകാരായ കുട്ടികളോടു പറയുന്നുണ്ട്‌, മക്കളേ, ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ മനസില്‍ സൂക്ഷിക്കേണ്ട ഒരു പ്രധാനകാര്യം ഈ പ്രായത്തില്‍ നിങ്ങള്‍ ഉള്ളില്‍ ഏറ്റുവാങ്ങുന്ന മധുരോദാരമായ സ്‌മരണകള്‍ മരണംവരെ സ്‌മരിക്കുക എന്നതാണ്‌. ഒരു കണ്ണീര്‍ കണം, ഒരു പുഞ്ചിരി മതി, ആ ഓര്‍മ മതി ജീവിത ദുഃഖ സാഗരങ്ങളെ മറികടക്കാന്‍.
തടവുപുള്ളികളില്‍ ബാല്യകൗമാരങ്ങളില്‍ വീടും പള്ളിക്കൂടവും ചിലപ്പോള്‍ മധുരമായ ഓര്‍മകളൊന്നും തന്നിട്ടുണ്ടാവില്ല. അവരുടെ കുട്ടിക്കാലം ചിലപ്പോള്‍ നരകതുല്യമായിരിക്കാം. ആ ദുരിത പശ്‌ചാത്തലമാവാം അവരെ ജയിലില്‍ എത്തിച്ചത്‌. ശരിതന്നെ. എങ്കിലും ജീവിതം മുഴുവനും നരകത്തില്‍ കിടക്കണമോ.
'നമുക്കു നാമേ പണിവതു നാകം
നരകവുമതുപോലെ' എന്ന്‌ ഉള്ളൂര്‍ പാടിയിട്ടുണ്ടല്ലോ. അതായതു നാംതന്നെയാണ്‌ നമ്മുടെ നരകം സൃഷ്‌ടിക്കുന്നത്‌. നാംതന്നെയാണ്‌ നമ്മുടെ സ്വര്‍ഗവും പണിയുന്നത്‌.
വൈക്കം മുഹമ്മദ്‌ ബഷീര്‍ കുറച്ചുകാലം ജയിലില്‍ കിടന്നു. ജയിലില്‍ അദ്ദേഹമൊരു പൂന്തോട്ടമുണ്ടാക്കി. അതില്‍ നിറയെ പനിനീര്‍പ്പൂക്കള്‍ വിടര്‍ന്നു. അദ്ദേഹം അവയുടെ സൗന്ദര്യം ആസ്വദിച്ചു. സുഗന്ധം ശ്വസിച്ചു. ഒരു ദിവസം ആ പൂന്തോപ്പില്‍ നില്‍ക്കുമ്പോള്‍ മതില്‍ക്കെട്ടിനു തൊട്ടപ്പുറത്തുനിന്നൊരു സ്‌ത്രീ ശബ്‌ദം. അതൊരു വനിതാ ജയിലായിരുന്നു. അവള്‍ക്കു തന്റെ സാന്നിധ്യത്തിന്റെ അടയാളമായി അദ്ദേഹം റോസാപ്പൂക്കള്‍ എറിഞ്ഞു. നാരായണി എന്നു അവളുടെ പേര്‌. അവര്‍ പരസ്‌പരം കാണാതെ കേട്ടു സ്‌നേഹിച്ചു. ആ ജയില്‍ സ്‌നേഹത്തിന്റെയും സ്വപ്‌നങ്ങളുടെയും പൂങ്കാവനമായി.
ഒരു ദിവസം, ജയില്‍ അധികാരി ബഷീറിനെ ഓഫീസില്‍ വിളിച്ചുവരുത്തി പറഞ്ഞു: നിങ്ങളെ മോചിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ക്കു പോകാം.
സന്തോഷംകൊണ്ടു പൊട്ടിച്ചിരിക്കുമെന്നു വിചാരിച്ചു ഓഫീസര്‍ നില്‍ക്കെ, സ്വതന്ത്രനായ ബഷീര്‍ സങ്കടത്തോടെ പറഞ്ഞു:
ഹൂ വാണ്ട്‌സ് ഫ്രീഡം
ആര്‍ക്കു വേണം സ്വാതന്ത്ര്യം...
സ്വാതന്ത്ര്യം എന്നതു ഭൗതികലോകമല്ല. അതൊരു ആന്തരിക ലോകമാണ്‌. സ്‌നേഹാദ്രമായ, പ്രണയാര്‍ദ്രമായ ബന്ധങ്ങളുടെ ആനന്ദമാണത്‌. ജയിലില്‍ ഈ ആനന്ദം അനുഭവിക്കാന്‍ മനസിനു കഴിയുന്നുവെങ്കില്‍ അതൊരു തടവറയല്ല, അതൊരു സ്വതന്ത്രലോകമാണ്‌.

(കോട്ടയം ജില്ലാ ജയിലിലെ തടവു പുള്ളികളോട്‌ പ്രസംഗിച്ചതിനെ അടിസ്‌ഥാനമാക്കി എഴുതിയത്‌.)

Ads by Google
Saturday 28 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW