-->
ഒന്ന്
എപ്പോള്‍ കണ്ടാലും ഗൗരവത്തിന്‍ മുഖം കാട്ടി പോകുമായിരുന്ന സ്‌ത്രീ ഇപ്പോളെന്നെ കണ്ട് ചിരിക്കുന്നു. കുശലാന്വേഷണം നടത്തുന്നു. ഈസ്‌ത്രീക്കെന്താണ് സംഭവിച്ചതെന്ന് ആശ്‌ചര്യപ്പെടുമ്പോള്‍ ഒരു സുഹൃത്താണ് പറഞ്ഞത്. വരുന്ന തെരഞ്ഞെടുപ്പില്‍ ആ സ്‌ത്രീയുമൊരു സ്‌ഥാനാര്‍ത്ഥിയായ് മത്സരിക്കുന്നുണ്ടെന്ന്...
രണ്ട്
കണ്ണിനൊരു കാഴ്‌ചാ ദോഷവുമില്ലാത്ത കൊച്ചുണ്ണി ഇപ്പോള്‍ കണ്ണട വച്ചാണ് നടക്കുന്നത്. എന്നിട്ട് കാണുന്നവരോടൊക്കെ കണ്ണട ചൂണ്ടിയോ കണ്ണട കൈയ്യിലെടുത്തോ അയാള്‍ പറയുന്നു. അപ്പോ നമ്മുടെ ചിഹ്നം മറക്കരുതെന്ന്...
മൂന്ന്
ധീരാ ധീരാ നേതാവേ, ധീരതയോടെ നയിച്ചോളു ലക്ഷം ലക്ഷം പിന്നാലെ എന്ന മുദ്രാവാക്യം കേട്ട് നേതാവ് തിരിഞ്ഞ് നോക്കുമ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം പിന്നില്‍...
മുദ്രാവാക്യത്തിലെ അപമാനത്തെ ഭയന്ന് നേതാവ് പിന്നെ ജാഥയില്‍ ഉണ്ടായിരുന്നില്ല.
നാല്
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്‌ഥാനാര്‍ത്ഥികളൊക്കെ കാഴ്‌ചാഭംഗം ഉള്ളവരാണെന്ന് തോന്നുന്നു. അത് കൊണ്ടാകുമല്ലോ നാട്ടിന്‍പുറ വഴികളില്‍ പതിച്ച പോസ്‌റ്ററുകളിലൊക്കെ ആണ്‍ പെണ്‍ ഭേദമില്ലാതവര്‍ കണ്ണട ധരിച്ചിരിക്കുന്നത്.
സമദ് പനയപ്പിള്ളി