Friday, March 13, 2026 Last Updated 46 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.43 PM

കരിമലകയറ്റം കഠിനമെന്റയ്യപ്പാ

ചില്ലറ മോഷണം, മൈനര്‍ക്ഷേത്രങ്ങളിലെ ഭണ്ഡാരം പൊളിക്കല്‍ തുടങ്ങിയ ചില്ലറ മോഷ്‌ടാക്കളെ വെറുതെവിടാം. ഇവരെക്കുറിച്ചാണ്‌ 'വെറുമൊരു മോഷ്‌ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ'എന്ന്‌ അയ്യപ്പപ്പണിക്കര്‍ സരസമായി പറഞ്ഞത്‌. സാഹിത്യത്തിലും സിനിമയിലും രാഷ്‌ട്രീയത്തിലും മോഷണം ഒരു പരിധിവരെ വാര്‍ത്തയല്ല. അപ്പാടെ അടിച്ചുമാറ്റുന്ന 'ദീപയടി' ലാഭക്കച്ചവടമാണ്‌. നാടകാന്തം കവിത്വം എന്നത്‌ ശബരിമലയില്‍ സാര്‍ത്ഥകമായിരിക്കുന്നു. എല്ലാം നേരെയാക്കാന്‍ ഒരു കവിയെത്തന്നെ നിയോഗിച്ചത്‌ ബുദ്ധിയായി. മന്ത്രിയെ രക്ഷിക്കാന്‍ തന്ത്രിയെ അകത്താക്കി നോക്കി. ഇഷ്‌ടമില്ലാത്തവരെ ചുണ്ണാമ്പുതേച്ച്‌ ജയിലിലടയ്‌ക്കുക, സ്വന്തക്കാരെ ജാമ്യമോ പരോളോ നല്‍കി പുറത്തിറക്കുക. രണ്ടും സര്‍ക്കാര്‍ നടപടിക്രമംതന്നെ. വേണ്ടിവന്നാല്‍ അയ്യപ്പനും അറസ്‌റ്റു വന്നേക്കാം. മാളികപ്പുറത്തെ കസ്‌റ്റഡിയിലെടുക്കാന്‍ ചുണക്കുട്ടികളായ വനിതാ പോലീസിനെ ഒരുക്കിനിര്‍ത്തുന്നതു കൊള്ളാം. പോലീസ്‌ യൂണിഫോം അണിയിച്ച്‌ യുവതികളെ മലകയറ്റിയ ക്രിമിനല്‍ കുറ്റവും നിലവിലുണ്ട്‌. വിമാനത്താവളം കൊണ്ടുവന്ന്‌ പൂങ്കാവന വിശുദ്ധിയും മലകയറ്റ പ്രകൃത്യുപാസനയും തകര്‍ക്കാന്‍ നോക്കിയതും വിഫലമാക്കി. മുങ്ങുന്ന കപ്പലിലിരുന്നും അയ്യപ്പ കോണ്‍ക്ലേവ്‌ നടത്താമെന്ന്‌ തെളിയിച്ചു. കമഴ്‌ന്നുവീണാല്‍ കാപ്പണം കൂലി. പഴയിടത്തിന്റെ ലക്ഷക്കണക്കിന്‌ ഇഡ്‌ഡലി പമ്പാ സ്‌നാനം ചെയ്‌ത് പുണ്യം നേടിയത്‌ മാത്രം ഫലം! അരിവാള്‍ ചുറ്റികയ്‌ക്കു പകരം അരിവാള്‍ കത്രികയെന്നായിരുന്നു ഇപ്പോള്‍. പ്രശസ്‌ത അഭിഭാഷകന്‍ അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ളയുടെ കാഞ്ഞബുദ്ധി പ്രവര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍ തന്ത്രിക്ക്‌ വീറ്റോ പ്രയോഗിച്ച്‌ ആചാരലംഘന സമരത്തെ പതിനെട്ടാംപടിക്കു മുന്നില്‍ ആവിയാക്കാനാവുമായിരുന്നില്ല. മന്ത്രിയെ കള്ളനെന്ന്‌ വിളിക്കുമ്പോള്‍ തന്ത്രിയെ പെരുങ്കള്ളനെന്നു വിളിച്ചാല്‍ തീരുന്നതല്ല പ്രശ്‌നം. കളവു മുതല്‍ പങ്കിട്ടെടുത്തവര്‍ക്കൊക്കെ തെരഞ്ഞെടുപ്പു കയറ്റം കഠിനം; കഠിനം!

കുറ്റിപ്പുറം പാലം
ഇടശേരിയുടെ കുറ്റിപ്പുറം പാലത്തിന്‌ സച്ചിദാനന്ദന്റെ പിന്‍ഗാമി. കുരുവിയും പൊന്മയും കൊക്കുമെല്ലാം ഗരുഡനാവാന്‍ പറക്കുന്ന ആനുകാലിക കാവ്യപശ്‌ചാത്തലത്തില്‍ സച്ചിദാനന്ദന്റെ ഈ അനുഗാമി ഒരാശ്വാസമാണെന്നു പറയാം. കാവ്യാതീതമായ പേരുദോഷങ്ങള്‍ വേണ്ടത്ര വരുത്തിവച്ചിട്ടും കവിക്ക്‌ കാര്യമായ ഊനം തട്ടിയിട്ടില്ല. ഒറ്റ വായനയ്‌ക്ക് മനസിലാകാത്തതൊക്കെ പഴഞ്ചനാവുന്ന ഒരു വല്ലാത്തകാലം. കവിത എളുപ്പത്തില്‍ നുണഞ്ഞിറക്കാനും മുദ്രാവാക്യം വിളിക്കാനും അനുകരിച്ച്‌ മരിക്കാനും ഉള്ളതാണെന്ന്‌ വരുന്നു. പഠനം വിദേശത്തുതന്നെ വേണം. (എന്‍ മകനിങ്‌ഗ്ലീഷ്‌ പഠിക്കണം; അതിനാല്‍ ഭാര്യതന്‍ പേറങ്ങിങ്‌ഗ്ലണ്ടില്‍ തന്നെയാക്കി ഞാന്‍-കുഞ്ഞുണ്ണി), ഖനനം വനങ്ങള്‍ തന്നുള്ളില്‍ വേണം, പെറുക പത്തായമേ കുത്തുചക്കി, അതുവയ്‌ക്കുകമ്മേ, ഞാനുണ്ടിടട്ടേ...അന്തിമകാളന്‍ കുന്നു ചാഞ്ഞ്‌ ബംഗ്ലാവ്‌ പൊങ്ങി നിരന്നുനില്‍ക്കെ, കടകളിലെങ്ങുമേയന്യനാട്ടാര്‍, ചെവികളില്‍ വീഴുന്ന പരഭാഷ.'' എന്നിങ്ങനെ നേര്‍ക്കുനേര്‍ കൊമ്പുപിടിക്കുന്ന ഒരു രചന.

പി.കെ.വിയും
ആര്‍.എസ്‌.എസ്‌. ചിത്രകാരനും
മുഖ്യമന്ത്രി പി.കെ.വി. ബോംബെയിലുള്ള എം.പി. നാരായണപിള്ളയ്‌ക്ക് ഒരു ശിപാര്‍ശക്കത്ത്‌ അയയ്‌ക്കുന്നു(മറ്റു പല മുഖ്യമന്ത്രിമാരേയുംപോലെ വഴിവിട്ട്‌ ഒന്നും ചെയ്യുന്ന ആളായിരുന്നില്ല പി.കെ.വി). പെരുമ്പാവൂര്‍ക്കാരനും കടുത്ത ആര്‍.എസ്‌.എസുകാരനും ഛായാചിത്ര രചനാ വിദഗ്‌ധനുമായ സുകുമാരന്‌ ഒരു ജോലി സംഘടിപ്പിച്ചുകൊടുക്കണം. ഇയാളെ ബോംബെയ്‌ക്ക് അയയ്‌ക്കുന്നു. ഒരു കമ്യൂണിസ്‌റ്റ് മുഖ്യമന്ത്രി തൊഴില്‍രഹിതനെഴുതുന്ന ശിപാര്‍ശക്കത്ത്‌. അതും ആര്‍.എസ്‌.എസ്‌. ചിത്രകാരനുവേണ്ടി. സുകുമാരന്‍ ഉണ്ണിമേരിയുടെ ചിത്രവുമായിട്ടാണ്‌ നാണപ്പന്റെ വീട്ടിലെത്തുന്നത്‌. ഭാര്യാപിതാവിനെ വരയ്‌ക്കാനുള്ള പണിയാണ്‌ സുകുമാരന്‌ ആദ്യം കൊടുത്തത്‌. പിന്നെ അത്‌ മാട്ടുംഗയിലെ പട്ടന്മാര്‍വഴി ശങ്കരാചാര്യരിലേക്കെത്തി. ഒടുവില്‍ ശൃംഗേരി മഠത്തിലെ ആസ്‌ഥാനചിത്രകാരനായി. ജീവിതകാലം മുഴുവനും വരച്ചാല്‍ തീരാത്തത്ര ചിത്രരചനാ ലോകത്തേക്ക്‌ സുകുമാരന്‍ ചെന്നെത്തി. ഇക്കാലത്താണ്‌ പെരുമ്പാവൂരെ ബോംബെ സ്‌റ്റുഡിയോയില്‍വച്ച്‌ സുകുമാരനെ പരിചയപ്പെടുന്നത്‌. അസാധ്യ ചിത്രരചനാ ലോകത്തേക്ക്‌ സുകുമാരന്‍ ചെന്നെത്തി. ഇക്കാലത്താണ്‌ പെരുമ്പാവൂരെ ബോംബെ സ്‌റ്റുഡിയോയില്‍വച്ച്‌ സുകുമാരനെ പരിചയപ്പെടുന്നത്‌. അസാധ്യ ചിത്രരചനാ വൈഭവത്തിനുടമയായിരുന്നു സുകുമാരന്‍. ചിത്രകലയോടും ആര്‍.എസ്‌.എസിനോടും വിട്ടുവീഴ്‌ചയില്ലാത്ത ആസക്‌തി അന്നേ അയാളില്‍ പ്രകടമായിരുന്നു.

വീണ്ടും കേള്‍ക്കാവുന്ന
ഒരഭിമുഖം
ഉള്ളുപൊള്ളയായതെല്ലാം ലഘുവാണ്‌. പൂര്‍ണതയാണ്‌ ഗുരു. കാളിദാസന്റെ വാക്കുകളുടെ ദാര്‍ശനികതലം ഇതള്‍ വിടര്‍ത്തുകയാണ്‌ ഡോ. ലക്ഷ്‌മി ശങ്കര്‍. കഥകളിയും ചാക്യാര്‍ക്കൂത്തും പ്രസംഗവും വായനയും തിയേറ്ററും ഇന്ദ്രജാലവുമെല്ലാമായുള്ള ബാല്യകൗമാരങ്ങള്‍. എച്ച്‌.ആര്‍.എസ്‌. മേനോന്‍ എന്ന പരിണിത പ്രജ്‌ഞനും സഹൃദയനുമായ ഒരു പിതാവ്‌ സാംസ്‌കാരിക ജാഗ്രതയോടെ നട്ടുവളര്‍ത്തിയ കുട്ടി. ആദ്യപ്രസംഗം (മൂന്നോ നാലോ വയസില്‍) മാതാ അമൃതാനന്ദമയിക്കു മുന്നില്‍. ഇതിഹാസപുരാണങ്ങളുടേയും മഹദ്‌വ്യക്‌തികളുടേയും പ്രഭാഷകയാണ്‌ ലക്ഷ്‌മി. ഗുരുവായൂര്‍ ശ്രീകൃഷ്‌ണകോളജിലെ സംസ്‌കൃതം പ്ര?ഫസര്‍. ക്ഷേത്രാങ്കണങ്ങളെയും കലാലയങ്ങളെയും സാംസ്‌കാരിക സദസുകളുടെയും ആവേശഭരിതമാക്കാന്‍ പോന്ന വാഗ്മിത്വം. ലക്ഷ്‌മിയുടെ വ്യക്‌തിത്വഗരിമയെ നന്നായി ഉന്മൂലനം ചെയ്യുന്ന യതീഷയിലെ അഭിമുഖം, കടന്നാക്രമണങ്ങളോ ആധിപത്യ വ്യഗ്രതയോ പ്രകടിപ്പിക്കാതെ ശാന്തമായൊഴുകുന്ന പുഴപോലെ, ആവര്‍ത്തിച്ചുകേള്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഒരഭിമുഖം.

ഒപ്പം
കാലത്തിന്റെ ഗര്‍ഭപാത്രത്തില്‍ ഒരുമിച്ച്‌ കഴിയാനിടയായവരെക്കുറിച്ച്‌ സുഭാഷ്‌ചന്ദ്രന്‍. കാലംമാനിച്ച ഏതൊരാള്‍ക്കും ഒപ്പം അപരനോ, അപരയോ ഉണ്ടായിരുന്നു. വിമാനം കണ്ടുപിടിക്കാന്‍ ഒരമ്മയില്‍ കാലം രണ്ടുവിത്തുകള്‍ നട്ടുമുളപ്പിച്ചു. കുട്ടിക്കാലത്ത്‌ എം.എസ്‌. സുബ്ബലക്ഷ്‌മിയുടെ സംഗീതം കേള്‍ക്കുമ്പോള്‍ ഒരു രണ്ടാം തൊണ്ടകൂടി അനുഭവമാകുമായിരുന്നു. എം.എസിന്റെ ഭര്‍ത്താവ്‌ സദാശിവത്തിന്‌ ആദ്യഭാര്യയിലുണ്ടായ മകള്‍ രാധാ വിശ്വനാഥനായിരുന്നു 'ഒപ്പം' എന്നറിഞ്ഞ്‌ വിസ്‌മയിച്ചു. സ്വന്തം നിലയ്‌ക്കും കച്ചേരി നടത്താന്‍ശേഷിയുള്ള അവരോട്‌ അച്‌ഛന്‍ ഒറ്റയ്‌ക്ക് പാടരുതെന്ന്‌ നിഷ്‌കര്‍ഷിച്ചിരുന്നുവത്രെ!

കാണാനും അറിയാനും
'ശതീകം'
മുമ്പൊരിക്കല്‍ 'ഇന്ത്യാ ടുഡേ'യെക്കുറിച്ച്‌ എം.പി. നാരായണപിള്ള പറഞ്ഞതോര്‍മ്മ വരുന്നു. നല്ല മിനുസക്കടലാസില്‍ നിറപ്പകിട്ടോടെ ആദ്യമായി മലയാളത്തില്‍ ഇറക്കിയ ആ പ്രസിദ്ധീകരണം ബാര്‍ബര്‍ഷോപ്പിലെ മേശപ്പുറത്തിടാന്‍ കൊള്ളാമായിരുന്നു ആ നിശിത നിരീക്ഷണം. പല കോഫി ടേബിള്‍ ബുക്കുകളുടെയും തലയിലെഴുത്തും ഏറെക്കുറെ ഇതുതന്നെയാണ്‌. മറിച്ചുനോക്കാം; ചിത്രങ്ങള്‍ കണ്ടുപോകാം. വായന വഴിപിരിയുന്ന ഇക്കാലത്ത്‌ ഇതുതന്നെ വലിയകാര്യം. നൂറുവര്‍ഷം പിന്നിടുന്ന എറണാകുളത്തിന്റെ കൊടിയടയാളമായി മാറിയ എറണാകുളം കരയോഗത്തിന്റെ 'ശതീകം' അക്ഷരാര്‍ത്ഥത്തില്‍ കനപ്പെട്ടതും ആകര്‍ഷകവുമാണെന്നു പറയാം. മലയാളത്തിന്റെ കൊടിപ്പടം ഭാരതത്തിനു മുകളില്‍ പറത്തിയ മഹാകവി ജിയെ കാണാനില്ല. (ചുള്ളിക്കാട്‌ മുതല്‍ കുറ്റിക്കാടുവരെ ഉണ്ടെങ്കിലും!) എറണാകുളത്തിന്റെ ആദ്യകാല ഭരണാധികാരികളായിരുന്നു അഞ്ചിക്കൈമള്‍മാരും ഐതിഹ്യമാലയിലൂടെ പെരുമപ്പെട്ട ചേരാനല്ലൂര്‍ കര്‍ത്താക്കന്മാരും പരിധിക്കു പുറത്താണ്‌ എന്നിരിക്കിലും കരയോഗത്തിന്റെ നൂറ്റാണ്ടു പിന്നിടുന്ന സഫലയാത്രയെ അടയാളപ്പെടുത്തുവാന്‍ ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഈ ശ്രമം മികവുറ്റതായിരിക്കുന്നു.

ഒരു ആര്‍.പി.എഫ്‌. കൃത്യത
തിരുവനന്തപുരത്തെ ഒരു പുസ്‌തകപ്രകാശന ചടങ്ങിനായിട്ടുള്ള തീവണ്ടിയാത്ര കഴിഞ്ഞ്‌ റൂമില്‍ എത്തിയതേയുള്ളു. ഒരു ഫോണ്‍ ആര്‍.പി.എഫില്‍നിന്നും എന്തെങ്കിലും നഷ്‌ടപ്പെട്ടുവോ എന്നായിരുന്നു അന്വേഷണം. പാന്റിന്റെ പോക്കറ്റില്‍ താക്കോലും സ്വര്‍ണമാലയും ഇല്ല. തെളിവുമായി ചെല്ലാനാണ്‌ നിര്‍ദേശം. പിന്നെ വൈകിച്ചില്ല. കൊച്ചുവേളി ആര്‍.പി.എഫ്‌. ആഫീസിലേക്ക്‌. ചുമതലയുള്ള സജിലാല്‍, സൗമ്യ എന്നിവരുടെ ഹൃദ്യമായ പെരുമാറ്റം. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മാലയും താക്കോലും ലഭ്യമാക്കി. പതിവ്‌ പട്രോളിങ്ങിനിടയില്‍ ഇതു കണ്ടെത്തുകയും സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്‌ത വൈശാഖും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

എല്ലാവരും കാണുന്ന
യുദ്ധങ്ങള്‍
തങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പുസ്‌തകങ്ങളെ അതിരുവിട്ട്‌ പൊലിപ്പിച്ചു കാണിക്കുന്നത്‌ പാരമ്പര്യമുള്ള പ്രസിദ്ധീകരണ സ്‌ഥാപനത്തിന്‌ ചേര്‍ന്നതല്ല. ഷോറൂമില്‍ വന്നുപെടുന്നവരുടെ ഫോട്ടോയെടുത്ത്‌ വാര്‍ത്തയാക്കലും പതിവായിരിക്കുന്നു. എഴുത്തുകാരനേയും കൃതിയേയും തോളിലേറ്റിക്കൊണ്ടുള്ള 'റോഡ്‌' ഷോ വാരാന്ത്യപ്പതിപ്പും ഏറ്റെടുത്തിരിക്കുന്നു. ജോസ്‌ അന്നംകുട്ടിയാണ്‌ ഇക്കുറി ആനപ്പുറത്ത്‌. അഭിമുഖവും ആദ്യ അധ്യായവും വായിച്ചവര്‍ ഉപരിപ്ലവ സ്വഭാവം പതഞ്ഞുയരുന്ന ഈ കൃതിയെ ഒഴിഞ്ഞുപോകാനാണിട. ഇതാണ്‌ സാമ്പിള്‍ വെടിക്കെട്ടെങ്കില്‍ പ്രത്യാശയ്‌ക്കു വകയില്ലതന്നെ.

ശാസ്‌ത്രസാഹിത്യ
ദുരന്തങ്ങള്‍
ആരംഭകാലത്തെ നേതൃത്വഗരിമ പിന്നീടൊരിക്കലും ശാസ്‌ത്രസാഹിത്യ പരിഷത്തിന്‌ ലഭ്യമായില്ല. കക്ഷിരാഷ്‌ട്രീയത്തിന്റെ പിന്നാമ്പുറത്ത്‌ തളയ്‌ക്കപ്പെട്ട ആ പ്രസ്‌ഥാനം കോര്‍പ്പറേറ്റ്‌ സ്വഭാവത്തോടെ സാമ്പത്തികമായി വളര്‍ന്നെങ്കിലും ഉദ്ദേശ്യലക്ഷ്യങ്ങളില്‍നിന്ന്‌ അകന്നതായിട്ടാണനുഭവം. സ്‌കൂള്‍ പാഠപുസ്‌തക പരിഷ്‌കരണത്തില്‍ ഡി.പി.ഇ.പിക്കാലത്ത്‌ പരിഷത്ത്‌ നടത്തിയ മേല്‍ക്കോയ്‌മ പൊതുവിദ്യാഭ്യാസത്തിലുണ്ടാക്കിയ പരുക്കുകള്‍ ചെറുതല്ല. ശാസ്‌ത്രവും സാഹിത്യവും എങ്ങനെ ഇന്നത്തെ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പരാധീനതകളാകുന്നുവെന്ന്‌ വെളിവാക്കുന്നതാണ്‌ സാഹിത്യലോകത്തിന്റെ പുതിയ ലക്കം. എഴുത്തുകാര്‍ക്കും പത്രാധിപസമിതിക്കും വായിച്ച്‌ ആത്മഹര്‍ഷം കൊള്ളുവാനായി മാത്രം ഒരു പ്രസിദ്ധീകരണം. കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി!

Ads by Google
Saturday 07 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW