Friday, March 13, 2026 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.43 PM

പുരോ+ഗമനം

തൂക്കാതിരിക്കാന്‍
നമുക്കാവതില്ലേ!
ശുചീവാരമല്ലേ..
പുരോഗമിച്ചുള്ളോര്‍
നയിക്കുന്നക്ല ബ്ബിന്റെ
നേതാക്കളല്ലേ...!

നാളെശ്ശുചീവാര-
മുദ്‌ഘാടനത്തിന്ന്‌
സ്‌റ്റാറെത്തിടുമ്പോള്‍
സമ്മര്‍ജ്‌ജനീ ഹസ്‌ത
സന്തുഷ്‌ടരായ്‌ നാം
നിരക്കേണമേറ്റം
തലപ്പത്തിരിപ്പോര്‍
തിരക്കുന്ന ചാനല്‍
പ്രലോഭനത്തിങ്കല്‍
പ്രിയം തീരെയില്ലെന്ന
വ്യാജേന ഫ്രയിമി
ന്നകത്തായ്‌ നിറഞ്ഞ-
ങ്ങമേരിക്കനാക്‌സ-
ന്റുരച്ചൂ 'മലാലം'
കൊഴുപ്പിച്ചിടേണം!

അടുത്തതായ്‌ സെക്ര-
ട്ടറിക്കും പണപ്പെട്ടി കാക്കും
ഖജാന്‍ജിക്കുമായ്‌ നേര-
മല്‌പം പകുത്തേകി
മൈക്കിന്ന്‌ സാഫല്യ -
സയൂജ്യമേകി-
ച്ചിരിക്കുന്ന പോസ്സുകള്‍
പത്രത്തിനേകി-
ത്തകര്‍ക്കണം! പട്ടണം
ഞെട്ടണം നാളെ!

അതുക്കിന്ന്‌ വാങ്ങണം
ചൂല്‌ നൂറെണ്ണം
അടിക്കാന്‍ പഠിക്കാന്‍
മറക്കണ്ട തെല്ലും
ഗസ്‌റ്റിന്നു ചൂലൊ-
ന്നലങ്കരിച്ചേകാം
ഹോസ്‌റ്റിന്റതിന്മേലെ
തോരണം തൂക്കാം!

ഇതൊക്കേയുമോക്കെ!
നമുക്കുള്ള പ്രശ്‌നം
മറിച്ചൊന്നതല്ലോ
അതിന്നെന്തുമാര്‍ഗം?

തലപ്പത്തിരിപ്പോര്‍
ഗണത്തില്‍ പെരുത്തോര്‍
അവര്‍ക്കൊട്ടു ചേരില്ല
ചൂലുമൊറ്റാലും...!

എടുക്കുന്ന കാര്യം
നിനയ്‌ക്കുമ്പോഴേക്കും
ഒരോക്കാന മുള്ളില്‍
കനപ്പെട്ടിടുന്നു!

ലക്ഷങ്ങള്‍ ഭക്ഷിച്ച
കാറീന്നിറങ്ങീട്ടു
ലക്ഷ്യം നടത്താന്‍
മനസ്‌താപമോടെ...
ഭരണാധിപന്‍മാര്‍
വഴി പാര്‍ത്തു വാഴ്‌കെ
പറയുന്നു മെംബേര്‍സ്‌
കട്ടായമൊന്നായ്‌...

ലീഡേഴ്‌സ് മുന്നിലായ്‌
ചൂലെടുത്താലേ
ഫോളോവര്‍സ്‌
പിന്നില്‍ നിലയുറപ്പിക്കൂ..
ചൂലിനോടുള്ളോ -
രറപ്പാല്‍ ചെയര്‍മാന്‍
വേലയിമ്മട്ടൊന്നു
വേണ്ടെന്നു വയ്‌ക്കേ!
കേറിത്തടഞ്ഞോതി
വീസി,യിമ്മട്ടില്‍...
'നാട്ടിലെല്ലാരും
ശുചീവാരമേറ്റം
ആക്‌റ്റീവ്‌ മോഡില്‍
തകര്‍ത്താടിടുമ്പോള്‍'

ഏറ്റം പുരോഗമി-
ച്ചുള്ളവര്‍ തന്റെ
കൂട്ടായ്‌മയാം നമ്മള്‍
മാറിനില്‍ക്കാനോ!
മാറിനില്‍ക്കില്ല
മരിച്ചാലുമില്ല!
നാളത്തെ സ്‌റ്റാറുകള്‍
നാം തന്നെ തീര്‍ച്ച!

ഏറെപ്പുകഞ്ഞുല്‌പ-
തിഷ്‌ണുത്വമൊന്നായ്‌...
വീറുറ്റൊരാശയം
വച്ചു മുമ്പോട്ട്‌
ഡോണ്‍ട്വറി ഡോണ്ട്വറി
ചൂലെടുത്തീടാന്‍
നാം 'ഭാര്യ'മാരെ
നിരത്തുന്നു നാളെ...!

തൂപ്പും തുടപ്പും
പണി വീട്ടില്‍ ജോലി
ക്കാരാണു ചെയ്യുന്ന
തെങ്കിലും പബ്ലിക്‌
പ്ലേസില്‍ തിളങ്ങുന്ന
കാമറാ ഫ്‌ലാഷില്‍
തൂക്കാതിരിക്കാന്‍
അവര്‍ക്കാവതില്ലേ...!

ജോഡിക്കടുത്തായ്‌
നിലയുറപ്പിച്ചും
ചാനലിന്‍ മൗത്തില്‍
സ്വകാര്യം പറഞ്ഞും
നാമും നിറയുന്നു
വാര്‍ത്തയില്‍ നാളെ!
നാടോടിടുമ്പോള്‍
നടുക്കല്ലി വേണ്ടൂ!

കേട്ടതില്‍ പാതിക്കു
കയ്യടിച്ചാര്‍ത്തൂ
കൂട്ടായ്‌ പുരോഗമനം
ചമയ്‌ക്കുന്നോര്‍!

ധര്‍മദാരങ്ങള്‍ക്കു
ചൂല്‍ വാങ്ങി, തൊങ്ങല്‍
തുന്നിപ്പിടിപ്പിക്കുവാ -
നോട്ടമായാര്‍ ...!

ചൂലേറ്റു വാങ്ങി
കൃതര്‍ത്ഥരായ്‌ പത്നീ-
ജാലം വിളങ്ങി
നിറഞ്ഞ പത്രത്തില്‍...
ജോഡിയോടൊപ്പം
പല പോസില്‍ നിന്നൂ
പ്രോഗ്രസ്സീവ്‌ മൂവ്‌മെന്റ്‌
നേതാക്കളെല്ലാം!

ജയശ്രീ പള്ളിക്കല്‍

Ads by Google
Saturday 07 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW