-->
മഞ്ഞുവീണ ന്യൂയോര്‍ക്കിന്റെ തെരുവുകളില്‍ 1908-ലെ ആ തണുപ്പുള്ള പ്രഭാതം ഉണര്‍ന്നത് ചരിത്രത്തിന്റെ ഗതിമാറ്റാനുറച്ച കാല്‍പെരുമാറ്റങ്ങള്‍ കേട്ടുകൊണ്ടായിരുന്നു. ചുണ്ടുകളില്‍ മുദ്രാവാക്യങ്ങളും ഉള്ളില്‍ നീറുന്ന പ്രതിഷേധവുമായി പതിനയ്യായിരത്തോളം സ്‌ത്രീകള്‍ വരിവരിയായി തെരുവിലേക്കിറങ്ങി. അവര്‍ തുന്നിക്കൊണ്ടിരുന്ന തുണികളേക്കാള്‍ ബലമുള്ളതായിരുന്നു അവരുടെ നിശ്‌ചയദാര്‍ഢ്യം.
അന്നത്തെ ന്യൂയോര്‍ക്കിലെ വസ്‌ത്രവ്യാപാരശാലകള്‍ പരിമിതമായ സൗകര്യങ്ങളും അമിതമായ തൊഴില്‍ഭാരവും മൂലം സ്‌ത്രീകളെ വീര്‍പ്പുമുട്ടിച്ചിരുന്ന ഇടങ്ങളായിരുന്നു. സൂര്യപ്രകാശം കടക്കാത്ത ഇടുങ്ങിയ മുറികളില്‍ പത്തും പന്ത്രണ്ടും മണിക്കൂര്‍ നീളുന്ന കഠിനമായ ജോലി. എന്നിട്ടും ലഭിച്ചിരുന്നതാകട്ടെ തുച്‌ഛമായ വേതനം മാത്രം. പുരുഷന്മാരേക്കാള്‍ കൂടുതല്‍ ജോലി ചെയ്‌തിട്ടും പകുതി പോലും ശമ്പളം ലഭിക്കാത്ത ആ നീതികേടിനെതിരെയാണ് ആ തുന്നല്‍ തൊഴിലാളികള്‍ ഒന്നിച്ചുനിന്നത്.
'ഭക്ഷണവും സമാധാനവും മാത്രമല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും വേണം' എന്നതായിരുന്നു ആ സമരത്തിന്റെ അന്തസ്സത്ത. അവര്‍ ആ തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു.
ന്യൂയോര്‍ക്കിന്റെ ആകാശത്ത് അന്ന് ഉയര്‍ന്നു കേട്ടത് വരാനിരിക്കുന്ന വലിയൊരു മാറ്റത്തിന്റെ കാഹളമായിരുന്നു. തുന്നല്‍ യന്ത്രങ്ങളുടെ താളത്തില്‍ ഒതുങ്ങിക്കൂടിയിരുന്ന പെണ്‍കരുത്ത് ലോകത്തോട് വിളിച്ചുപറഞ്ഞത് തങ്ങള്‍ അര്‍ഹിക്കുന്ന അവകാശങ്ങളെക്കുറിച്ചായിരുന്നു. ഇന്നു ലോകം ആചരിക്കുന്ന രാജ്യാന്തര വനിതാ ദിനമെന്ന ആശയത്തിന്റെ അടിത്തറ പാകിയത് വിയര്‍പ്പും രക്‌തവും കലര്‍ന്ന ആ തുന്നല്‍ തൊഴിലാളികളുടെ പോരാട്ടവീര്യമാണ്. ആ ചുവടുവയ്‌പ്പുകളില്‍ നിന്നാണ് സ്‌ത്രീസമത്വത്തിന്റെ പുതിയ ലോകം പിറവിയെടുത്തത്.
ആ പ്രതിഷേധാഗ്നി വെറുമൊരു ഒരു ദിവസത്തെ പ്രകടനത്തില്‍ ഒടുങ്ങിയില്ല. ആ മുറവിളി അമേരിക്കയിലെമ്പാടുമുള്ള സ്‌ത്രീമനസ്സുകളില്‍ വലിയൊരു മാറ്റത്തിന്റെ വിത്തുപാകിയിരുന്നു. കൃത്യം ഒരു വര്‍ഷത്തിനുശേഷം, 1909 ഫെബ്രുവരി 28-ന് ആ പോരാട്ടവീര്യം ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി രേഖപ്പെടുത്തി ആദ്യത്തെ ദേശീയ വനിതാ ദിനം.
അമേരിക്കയിലെ സോഷ്യലിസ്‌റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലാണ് ഈ ദിനാചരണം സംഘടിപ്പിക്കപ്പെട്ടത്. തലേവര്‍ഷം ന്യൂയോര്‍ക്കിലെ തുന്നല്‍ തൊഴിലാളികള്‍ നടത്തിയ ആ ഐതിഹാസിക സമരത്തിന്റെ ഒന്നാം വാര്‍ഷികം സ്‌മരിക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. അത് സ്‌ത്രീകളുടെ രാഷ്‌ട്രീയവും സാമൂഹികവുമായ അവകാശങ്ങള്‍ക്കായുള്ള സംഘടിതമായ ഒരു മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു.
ന്യൂയോര്‍ക്കിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും തെരുവുകളില്‍ അന്ന് പതിനായിരങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നു. സ്‌ത്രീകള്‍ക്ക് സാമ്പത്തികവും രാഷ്‌ട്രീയവുമായ തുല്യത ഉറപ്പാക്കാനുള്ള ഒരു ദിനമായി ആ ഫെബ്രുവരി 28 മാറി.
അമേരിക്കയുടെ മണ്ണില്‍ രൂപംകൊണ്ട ആ ആവേശം പതുക്കെ കടല്‍ കടന്ന് യൂറോപ്പിലേക്കും വ്യാപിച്ചു. 1910-ല്‍ ഡെന്മാര്‍ക്കിന്റെ തലസ്‌ഥാനമായ കോപ്പന്‍ഹേഗനില്‍ നടന്ന 'രണ്ടാം രാജ്യാന്തര സോഷ്യലിസ്‌റ്റ് വര്‍ക്കിങ് വുമണ്‍ കോണ്‍ഫറന്‍സ്' ഈ പോരാട്ടചരിത്രത്തിലെ സുവര്‍ണ അധ്യായമായി മാറി. 17 രാജ്യങ്ങളില്‍ നിന്നായി നൂറോളം വനിതാ പ്രതിനിധികള്‍ പങ്കെടുത്ത ആ സമ്മേളനത്തിലാണ് ജര്‍മന്‍ സോഷ്യലിസ്‌റ്റ് നേതാവായക്ല ാര സെട്‌കിന്‍, സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കായി ലോകമെമ്പാടും ഒരേ ദിവസം ഒരേ സ്വരത്തില്‍ സംസാരിക്കാന്‍ ഒരു 'രാജ്യാന്തര വനിതാ ദിനം' വേണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ആ ആശയത്തെ സമ്മേളനത്തിലുണ്ടായിരുന്ന എല്ലാ വനിതകളും ഏകകണ്‌ഠമായി പിന്തുണച്ചു. ആ നിമിഷം മുതല്‍ വനിതാ ദിനം എന്നത് ഒരു രാജ്യത്തിന്റെ മാത്രം അതിരുകളില്‍ ഒതുങ്ങാതെ ആഗോളതലത്തിലുള്ള ഒരു പോരാട്ട പ്രതീകമായി മാറി.
കൃത്യം ഒരു വര്‍ഷത്തിനുശേഷം, 1911-ല്‍ അത് ലോകചരിത്രത്തിലെ ആദ്യത്തെ 'രാജ്യാന്തര വനിതാ ദിനമായി' പരിണമിച്ചു.
1911 മാര്‍ച്ച് 19-നായിരുന്നു ആ ചരിത്രമുഹൂര്‍ത്തം. ഓസ്‌ട്രിയ, ഡെന്മാര്‍ക്ക്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പത്തുലക്ഷത്തിലധികം സ്‌ത്രീകളും പുരുഷന്മാരും ഒരേ സ്വരത്തില്‍ തുല്യാവകാശങ്ങള്‍ക്കായി തെരുവിലിറങ്ങി.
ആദ്യത്തെ രാജ്യാന്തര വനിതാ ദിനം ലോകത്തിന് നല്‍കിയ സന്ദേശം വ്യക്‌തമായിരുന്നു: സ്‌ത്രീകളുടെ അവകാശങ്ങള്‍ മനുഷ്യാവകാശങ്ങള്‍ തന്നെയാണ്. മാര്‍ച്ച് 19-ന് തുടങ്ങിയ ആ ജൈത്രയാത്ര പിന്നീട് ചരിത്രപരമായ പല മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ചുകൊണ്ട് മാര്‍ച്ച് എട്ട് എന്ന തീയതിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. അതിനു പിന്നില്‍ റഷ്യന്‍ ചരിത്രത്തിലെ വിപ്ലവാത്മകമായ ഒരു അധ്യായമുണ്ട്.
1917-ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ തീക്ഷ്‌ണമായ നാളുകളില്‍, റഷ്യ പട്ടിണിയുടെയും യുദ്ധക്കെടുതികളുടെയും നടുവിലായിരുന്നു. ലക്ഷക്കണക്കിന് പുരുഷന്മാര്‍ യുദ്ധമുഖത്ത് മരിച്ചുവീഴുമ്പോള്‍, നാട്ടില്‍ ജീവിതം വഴിമുട്ടിയ സ്‌ത്രീകള്‍ ഒടുവില്‍ തെരുവിലിറങ്ങാന്‍ തീരുമാനിച്ചു. 'ഭക്ഷണവും സമാധാനവും' എന്ന മുദ്രാവാക്യമുയര്‍ത്തി അവര്‍ നടത്തിയ ആ സമരം ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ചു.
റഷ്യയില്‍ അന്ന് നിലവിലുണ്ടായിരുന്ന ജൂലിയന്‍ കലണ്ടര്‍ പ്രകാരം ആ സമരം തുടങ്ങിയത് ഫെബ്രുവരി 23-നായിരുന്നു. എന്നാല്‍, ബാക്കി ലോകം പിന്തുടര്‍ന്നിരുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ആ ദിവസം മാര്‍ച്ച് എട്ട് ആയിരുന്നു. സ്‌ത്രീകളുടെ ഈ ഐതിഹാസിക മുന്നേറ്റത്തിന് മുന്നില്‍ റഷ്യന്‍ ചക്രവര്‍ത്തിക്ക് അധികാരം ഒഴിയേണ്ടി വന്നു. താല്‍കാലികമായി അധികാരമേറ്റ സര്‍ക്കാര്‍ സ്‌ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുകയും ചെയ്‌തു. ആഗോള ചരിത്രത്തിലെ സ്‌ത്രീകളുടെ ഈ വന്‍വിജയത്തിന്റെ ഓര്‍മയ്‌ക്കായാണ് മാര്‍ച്ച് എട്ട് എന്ന തീയതി രാജ്യാന്തര വനിതാ ദിനമായി ഉറപ്പിക്കപ്പെട്ടത്.
പ്രാദേശികമായ പ്രതിഷേധങ്ങളില്‍ നിന്നും തൊഴിലാളി പ്രസ്‌ഥാനങ്ങളില്‍ നിന്നും വളര്‍ന്നുവന്ന ഈ മുന്നേറ്റത്തിന് ആഗോളതലത്തില്‍ ഏറ്റവും വലിയ അംഗീകാരം ലഭിക്കുന്നത് 1975-ലാണ്. ആ വര്‍ഷം ഐക്യരാഷ്‌ട്രസഭ , മാര്‍ച്ച് എട്ട് ഔദ്യോഗികമായി രാജ്യാന്തര വനിതാ ദിനമായി അംഗീകരിച്ചു. 1977 മുതല്‍ യു.എന്നിന്റെ നേതൃത്വത്തില്‍ ദിനാചരണം തുടങ്ങി.
എം.എസ്. ജീജോ