Friday, March 13, 2026 Last Updated 48 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.31 PM

ഇടംതിരിഞ്ഞ്‌; വലംതിരിഞ്ഞ്‌...

തിരഞ്ഞെടുപ്പിന്റെ തിരക്കോള്‌ ഉയര്‍ന്നതോടെ മലയാളത്തിലെ പുരോഗമന-വിപ്ലവ സാഹിത്യകാരന്മാരില്‍ കഴിഞ്ഞൊരു പതിറ്റാണ്ടായി മുരടിച്ചുനിന്ന പ്രതികരണശേഷി അല്‍പ്പാല്‍പ്പം നാമ്പിട്ടുതുടങ്ങി. ഒന്നും കാണാതെ സച്ചിദാനന്ദന്‍ ആദര്‍ശം പറയില്ലെന്ന്‌ അദ്ദേഹത്തിന്റെ പഴയ ട്രാക്ക്‌ റെക്കോഡു നോക്കിയാലറിയാം. അധികാരത്തിന്റെ ഇടനാഴിയില്‍ ദില്ലിയില്‍ ദീര്‍ഘകാലം വാണരുളിയ രാജകീയ ഓര്‍മ്മകള്‍ വിട്ടുപോകുന്നില്ല. സിംലയിലെ സുഖശീതളിമ ബി.ജെ.പി കനിഞ്ഞുനല്‍കിയതാണ്‌. ലക്ഷങ്ങള്‍ പ്രതിമാസ പ്രതിഫലം വാങ്ങിയ അക്കാലത്തും കേരളത്തില്‍ വന്നാല്‍ ഇടതുപക്ഷ പ്രീണനമായിരുന്നു രീതി. ദില്ലിയില്‍ ഭരണകക്ഷിയുടെ തോളിലും കേരളത്തില്‍ അവര്‍ക്കെതിരെ ഇടതുതോളിലും കൈയിട്ടായിരുന്നു ഈ ബുദ്ധിജീവിയുടെ ഉപജീവനം. തുടര്‍ഭരണം വന്നാല്‍ കേരളം ബംഗാളിലെ സ്‌ഥിതിയാവും എന്നു പറയാന്‍ കവിയുടേയും ബുദ്ധിജീവിയുടേയും ക്രാന്തദര്‍ശിത്വമൊന്നും വേണ്ട. പിണറായി സര്‍ക്കാരിന്റെ ഒന്നാം തുടര്‍ഭരണ വേളയിലാണ്‌ സച്ചിദാനന്ദന്‍ അക്കാദമി അദ്ധ്യക്ഷനായി അഭിഷിക്‌തനായത്‌. അക്കാദമി പ്രസിഡന്റ്‌ എന്ന നിലയിലും തുടര്‍ഭരണത്തിലാണദ്ദേഹം. കഴിഞ്ഞ അഞ്ചുവര്‍ഷവും തുടര്‍ഭരണ പ്രതിഷേധങ്ങളൊന്നുമുയര്‍ത്താത്ത കവിയുടെ പൂഴിക്കടകനില്‍ അത്ഭുതമില്ല. സാറാ ജോസഫ്‌ ചൂലെടുത്തതും ഒന്നും കാണാതെയല്ല. ഇവര്‍ക്കിടയില്‍ ന്യായീകരണ തൊഴിലാളി നേതാവായ അശോകന്‍ ചരുവിലിന്റെ കാര്യമാണ്‌ കഷ്‌ടം! ഇടംതിരിഞ്ഞ്‌, വലംതിരിഞ്ഞ്‌, ഓതിരംമറിഞ്ഞ്‌ ഉറുമി വീശുന്ന ഇവര്‍ക്കിടയില്‍ പരിക്കുപറ്റാതെ ഉപകാരസ്‌മരണ നിലനിര്‍ത്തുക ചില്ലറക്കാര്യമല്ലതന്നെ.
(മാതൃ. ഫെ. 10).

ഷോകേസ്‌ സാഹിത്യം

എവിടെ തിരിഞ്ഞുനോക്കിയാലും അവിടെല്ലാം സാഹിത്യോത്സവങ്ങള്‍ മാത്രം! ഇറങ്ങുമ്പോള്‍ത്തന്നെ നിരവധി പതിപ്പിറങ്ങുന്ന വിശ്വരൂപമാര്‍ന്ന ബെസ്‌റ്റ് സെല്ലറുകള്‍ പ്രസാധക സൃഷ്‌ടിയാണ്‌. വില്‍ക്കപ്പെടുന്ന പുസ്‌തകങ്ങള്‍ പോലും വായിക്കപ്പെടുന്നില്ല.വായനശാലകള്‍ ഇന്ന്‌ ഗ്രന്ഥശാലകള്‍ മാത്രമാണ്‌. പുസ്‌തകങ്ങള്‍ അലമാരകളില്‍ സുഖസുഷുപ്‌തിയിലാണ്‌. വീട്ടിലും ഷോകേസ്‌ നിറയെ പുസ്‌തകം അടുക്കിവയ്‌ക്കും. സാഹിത്യോത്സവ വേദികള്‍ കടല്‍ത്തീരത്തും കൊട്ടാരമുറ്റത്തുമൊക്കെ മാറിമാറി നടക്കുന്നുണ്ടെങ്കിലും അരങ്ങിലും സദസിലും ഏറെക്കുറെ ഒരേമുഖങ്ങള്‍ തന്നെ. വേദിയില്‍ മുഖാമുഖം ഇരുന്ന്‌ പ്രശംസയും പുറംചൊറിയലും മാത്രം. എകസ്വരതയും ഏകമുഖത്വവുമാണ്‌ ഇവയുടെ മുഖമുദ്ര. സെല്‍ഫികള്‍ അരങ്ങുവാഴുന്നു. സ്‌പോണ്‍സറാണ്‌ ദൈവം. അക്ഷരങ്ങള്‍ തിളങ്ങേണ്ടത്‌ ചിന്തകളിലാണ്‌ ക്യാമറാ ഫ്‌ളാഷുകളിലല്ല. ആഴത്തിലുള്ള സംവാദമോ ആശയവിനിമയോ സാഹിത്യോത്സവവേദികളില്‍ നടക്കുന്നില്ല. ആവെ വില്‍ക്കണ താരമാക്കണം എന്നൊക്കെ പ്രസാധകര്‍ തീരുമാനിക്കും. പ്രകൃതി വിധ്വംസകരും മനുഷ്യജീവനു വിലകല്‍പ്പിക്കാത്തവരും നടത്തുന്ന സാഹിത്യോത്സവത്തില്‍ പങ്കെടുക്കില്ലെന്ന്‌ അരുന്ധതീറോയി.
(പച്ചമലയാളം-ഫെ).

പത്തു കാവ്യാദ്യമങ്ങള്‍

മറ്റ്‌ അതിക്രമങ്ങള്‍ക്കൊന്നും മുതിരാതെ നിരന്തരം കവിതയെഴുതി നിരുപദ്രവകരമായി ഉപജീവനം കഴിക്കുന്ന പുരുഷ പുംഗവന്മാരേക്കാള്‍ എത്രഭേദമാണ്‌ കവിതയെഴുത്തുകാരികളില്‍ ചിലരെങ്കിലും എന്നു ബോധ്യപ്പെട്ടാല്‍ മാതൃ. ആഴ്‌ചപ്പതിപ്പിലെ പത്തു കാവ്യാദ്യമങ്ങള്‍ സഹായകമായി. വിജയലക്ഷ്‌മി, ഷീജ വക്കം, ലോപാമുദ്ര എന്നിവര്‍ പ്രത്യാശയുടെ വഴിയിലാണ്‌ ചരിക്കുന്നത്‌. സാവിത്രി രാജീവന്‍, സന്ധ്യ ഇ, രോഷ്‌നി സ്വപ്‌ന, ഗിരിജ പാതക്കര എന്നിവരെക്കുറിച്ച്‌ പ്രതീക്ഷ പുലര്‍ത്തുന്നതില്‍ കാര്യമില്ല. പതിവുപോലെ ബാലപംക്‌തി കവികളായ സനില്‍ വെണ്ടാര്‍, സ്‌നേഹ എന്‍.കെ. എന്നിവര്‍ പ്രത്യാശയുടെ ഹരിതാഭ വഹിക്കുന്നുണ്ട്‌. എഴുതിയെഴുതി മുതിരുമ്പോള്‍ കവിതാരസം ചോര്‍ന്നുപോകുന്നതാകുമോ? അതോ നിരന്തരം പ്രസിദ്ധീകരിക്കപ്പെട്ടില്ലെങ്കില്‍ തങ്ങള്‍ കാലഹരണപ്പെടുമെന്ന ഉള്‍ഭീതിയാല്‍ നയിക്കപ്പെടുന്നതോ? പ്രതാധിപ വാത്സല്യംകൊണ്ട്‌ പ്രശസ്‌തരായവരുണ്ടാവാം. കവിയായവര്‍ ഉണ്ടാവില്ലതന്നെ. (മാതൃ. ആഴ്‌ച. ഫെ. 15).

കവിതയില്‍ വിപ്ലവം ചുട്ടെടുക്കുന്നവര്‍

അതിഥിയായെത്തിയ കവി സുഹൃത്തിനോട്‌ രാത്രിയിലെ വെടിവട്ടത്തിനിടയില്‍ വി.ടി. ഭട്ടതിരിപ്പാട്‌ ചോദിച്ചു. 'രാത്രി പൊതുവഴിയില്‍ ഒരു പെണ്‍കുട്ടിയെ കുറേപ്പേര്‍ ചുറ്റും വളഞ്ഞുനിന്ന്‌ ഉപദ്രവിക്കുന്ന കണ്ടാല്‍ താങ്കള്‍ എന്തു ചെയ്യും?' ഒറ്റക്കേ ഉള്ളുവെങ്കില്‍ കണ്ടില്ലെന്നു നടിച്ച്‌ പോകാനാണ്‌ സാധ്യത. സുഹൃത്ത്‌ പറഞ്ഞു. ഉടനെ പോയി അതേക്കുറിച്ച്‌ കവിതയെഴുതുമല്ലേ? വി.ടിയോടു കവിത ക്ഷോഭിച്ചു. 'ധാര്‍മ്മികരോഷം പ്രകടിപ്പിച്ചുകഴിഞ്ഞാല്‍ ബാധ്യത തീര്‍ന്നുവല്ലോ? പിന്നെ സുഖമായുറങ്ങുകയും ചെയ്യാം.'' വി.ടി. തുറന്നടിച്ചു. അനീതിയെ വെറുക്കുന്നുണ്ടെങ്കിലും അതിനെതിരെ വിരലുയര്‍ത്താന്‍ മടിക്കുന്ന വ്യവസ്‌ഥയോടായിരുന്നു അച്‌ഛന്റെ രോഷമെന്ന്‌ വി.ടിയുടെ മകന്‍ വാസുദേവന്‍. വി.ടിയുടെ പൊള്ളുന്ന ചോദ്യം ചാരുകസേര വിപ്ലവക്കാരോടും കവിയരങ്ങ്‌ പരാക്രമികളോടുകൂടിയുള്ളതാണ്‌. എഴുതാനും പ്രസംഗിക്കാനുമുള്ളതാണ്‌ വിപ്ലവം എന്ന്‌ കരുതുന്നവരുടെ രാജവീഥികളെ വെടിഞ്ഞിടത്താണ്‌ വി.ടിയ്‌ക്ക് ചരിത്രം നല്‍കുന്ന സിംഹാസനം.
(മാതൃ. ഫെ. 8).

മലയാളിയുടെ ഭാവി

ചില കൈനോട്ടക്കാരും ജ്യോതിഷികളും അതിവേഗത്തില്‍ ഫലം പറഞ്ഞ്‌ ആശയക്കുഴപ്പമുണ്ടാക്കുന്നതിന്‌ സമാനമായി സക്കറിയയുടെ തുഞ്ചന്‍പറമ്പ്‌ പ്രഭാഷണം. മലയാളിയുടെ ചരിത്രവും സംസ്‌കാരവും സാമൂഹിക മാറ്റങ്ങളും വിശകലനം ചെയ്യുന്നു എന്ന മട്ടില്‍ അദ്ദേഹം പഴയ കാര്യങ്ങള്‍ സാമാന്യബുദ്ധിക്ക്‌ നിരക്കുന്നതോ ദഹിക്കുന്നതോ അല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒ.വി. വിജയനോ എം.ടിയോ എം.പി. നാരായണപിള്ളയോ ആനന്ദോ പറഞ്ഞാല്‍ ഇങ്ങനെ സങ്കീര്‍ണ്ണമായെന്നുവരില്ല. സക്കറിയയും ഇത്രത്തോളം ചുറ്റിത്തിരിഞ്ഞ്‌ മൂക്കുപിടിക്കുന്നത്‌ കണ്ടിട്ടില്ല. കാലക്രമത്തില്‍ ഏകസ്വരവൃം ഏകമുഖവുമായ കൊല്ലത്താലുള്ള താലപ്പൊലിയായി. എന്തും സഹിക്കാനും കവിത ചൊല്ലാനും വരുന്ന സദസ്‌ ഇത്രയൊക്കെ സഹിക്കാണ്‍ ബാധ്യസ്‌ഥമാണ്‌. (മാതൃ. ആഴ്‌ച. ഫെ.15).

ഹൈദരലി പാടുമ്പോള്‍

കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയും കലാമണ്ഡലം ഹൈദരാലിയും ചേര്‍ന്നുള്ള ആലാപന മാധുര്യത്തില്‍ ആറാടിയ കഥകളി രാവുകള്‍ പലതും ഓര്‍മ്മയില്‍ തെളിയുന്നു. ആഢ്യ കലകളുടെ ലോകത്ത്‌, ഹൈന്ദവ സംസ്‌കാരം തിടംവച്ചുനിന്ന നാളുകളില്‍ കലാമണ്ഡലത്തിന്റെ പടികടന്നെത്തിയ ഹൈദരലി ആത്മസമര്‍പ്പണവും കഠിനാദ്ധ്വാനവുംകൊണ്ട്‌ കഘകളി അരങ്ങുകളിലെ സൂപ്പര്‍സ്‌റ്റാറാവുകയായിരുന്നു. എച്ച്‌.കെ.കെ. നായരെ ദൈവമായി കണ്ടിരുന്നു ഹൈദരാലിയെന്ന്‌ മകന്‍ അഡ്വ. ഹരീഷ്‌ വി. ഹൈദരലി. ക്ഷേത്ര മതില്‍ക്കകത്ത്‌ കയറാനാവാത്ത ഹൈദരാലിക്കുവേണ്ടി മതില്‍ പൊളിച്ച്‌ കഥകളി നടത്തിയ അനുഭവം ഉണ്ട്‌. പുറത്ത്‌ ഹൈദരാലി പാടുന്നു. മതില്‍ക്കകത്ത്‌ ആട്ടം നടക്കുന്നു! കേരളത്തിന്റെ മതേതര മനസ്‌ ഹൈദരാലിയെ ഇന്നും കൊണ്ടാടുന്നു.

സംസ്‌കൃതി
ആര്‍ട്‌ഫെസ്‌റ്റിവല്‍

സംസ്‌കൃതി യുവപ്രതിഷ്‌ഠാന്‍ താനെയില്‍ നടത്തിയ പതിനൊന്നാമത്‌ വാര്‍ഷിക വിവിംഗ സംസ്‌കൃതി ആര്‍ട്‌ ഫെസ്‌റ്റിവലില്‍ മോഹിനിയാട്ടം അവതരിപ്പിച്ച ചിത്ര സുകുമാരന്‍ മികച്ചപ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. ചിലപ്പതികാരത്തില്‍നിന്നുള്ള അര്‍ദ്ധനാരീശ്വര സങ്കല്‌പഗമാണ്‌ ചിത്ര അവതരിപ്പിച്ചത്‌. കാവാലം നാരായണപ്പണിക്കര്‍ ഈണമിട്ട വരികള്‍. ദീപക്‌ മസുംദാര്‍, സുജാപാത്ര, സജിനി വല്ലഭാനേനി, തേജശ്രീ, ഭാഗ്യശ്രീ, രൂപാകിരണ്‍, സുധാചന്ദ്രന്‍ തുടങ്ങിയവരായിരുന്നു മറ്റ്‌ നര്‍ത്തകികള്‍. ചിത്രപ്രദര്‍ശനം, സംഗീതകച്ചേരികള്‍, തീയേറ്റര്‍ തുടങ്ങിയ വൈവിധ്യനിര്‍ഭരമായിരുന്നു സംസ്‌കൃതി ആര്‍ട്ട്‌ ഫെസ്‌റ്റിവല്‍.

കാളയും കാളനും ഇളയിടങ്ങളും

ഓണത്തിന്‌ കാളനാകാമെങ്കില്‍ കാളയുമാകാമെന്ന പ്രസ്‌താവനയിലൂടെ പു.ക.സയുടെ നടുവൊടിച്ച കെ.ഇ.എന്റെ കുത്തിത്തിരുപ്പുകള്‍ പ്രസിദ്ധമാണ്‌. ഓണത്തിന്റെ സൗഹൃദസ്വച്‌ഛതയെ ഒരു കുനുഷ്‌ടുപ്രയോഗംകൊണ്ട്‌ നെടുകെ പിളര്‍ന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിനുടമ. അതൊരു വലിയ മുറിപ്പാടായ്‌ ശേഷിക്കുന്നുവെന്ന്‌ വിനോദ്‌ ഇളകൊള്ളൂര്‍. ജാതിയും മതവും അയിത്തവും ഉള്‍പ്പെടെ പണ്ടുമൂടിവെച്ചതെല്ലാം മാന്തിയെടുത്ത്‌ മനുഷ്യരെ പലതായി വിഭജിക്കുന്ന ഇളയിടങ്ങളുടെ പ്രഭാഷണങ്ങളും സമൂഹത്തില്‍ വിതറിയ വിത്ത്‌ ചെറുതല്ല. കേരളത്തില്‍ ജാതിചിന്ത രൂഢമൂലമാക്കുവാന്‍ ഇവര്‍ ചെയ്‌ത സംഭാവനകള്‍ ചെറുതല്ല.
(പച്ച മലയാളം-ഫെ.)

ആധുനികശാസ്‌ത്രം ഋഷിമാര്‍ക്കു പുറകെ

ഇന്ത്യയിലെ സന്യാസിമാര്‍ കണ്ടെത്തിയ ശാസ്‌ത്രസത്യങ്ങള്‍ ശരിയാണോ എന്നറിയാനുള്ള പരീക്ഷയും പരീക്ഷണങ്ങളുമാണ്‌ ആധുനികശാസ്‌ത്രം ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന്‌ ആലങ്കാരികമായി പറയാമെന്ന്‌ ഐ.എസ്‌.ആര്‍.ഒ. മുന്‍ ഡയറക്‌ടര്‍ ഡോ. ജി. മാധവന്‍നായര്‍. പ്രപഞ്ച സൃഷ്‌ടിക്കു കാരണമായ ബിംഗ്‌ ബോംഗിന്റെ ശബ്‌ദമാണ്‌ 'ഓം'. സൂര്യന്റെ പ്രഭവകേന്ദ്രത്തില്‍നിന്നും രശ്‌മികള്‍ പുറപ്പെടുന്നത്‌ 'ഓം' എന്ന ഗുഹങ്കാരത്തോടെയാണെന്ന്‌ ശാസ്‌ത്രം കണ്ടെത്തിയിട്ടുണ്ട്‌. ഋഷിമാര്‍ കണ്ടെത്തിയ സൗരയൂഥ കണക്കുകളും ആധുനിക കമ്പ്യൂട്ടറുകളുടെ കണ്ടെത്തലും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ. ഇന്ത്യയിലെ ഋഷിമാരുടെ നവഗ്രഹങ്ങളില്‍നിന്നാണ്‌ ലോകരാജ്യങ്ങള്‍ ബഹിരാകാശ പഠനം ആരംഭിക്കുന്നതുതന്നെ. ചന്ദ്രനിലും ചൊവ്വയിലും ജലസാന്നിധ്യമുണ്ടെന്ന്‌ 3000 വര്‍ഷം മുമ്പ്‌ ഋഷിമാര്‍ പറഞ്ഞിട്ടുണ്ടെന്ന്‌ ഉല്ലാസ്‌ ശ്രീധറോട്‌ മാധവന്‍നായര്‍. (വാരാന്ത്യ കൗമുദി ഫെ.8)

സുഭാഷ്‌ചന്ദ്രബോസിന്റെ രാജിക്കത്ത്‌

1921-ല്‍ ഐ.സി.എസില്‍നിന്നും രാജിവച്ചുകൊണ്ടുള്ള സുഭാഷ്‌ചന്ദ്രബോസിന്റെ രാജിക്കത്ത്‌ ഇന്നും പ്രസക്‌തമാണ്‌. അലന്‍സായി താന്‍ കൈപ്പറ്റിയ 100 പൗണ്ട്‌ അദ്ദേഹം തിരിച്ചടയ്‌ക്കുന്നുണ്ട്‌. അധികാരഗര്‍വും ദുരയും മൂത്ത ഇന്നത്തെ ചില ഐ...എ..എസുകാര്‍ക്ക്‌ ഇതൊരു പാഠമാകേണ്ടതാണ്‌. സര്‍വീസുകാലം ആസ്വദിച്ച്‌ പെന്‍ഷനും വാങ്ങി കൂടുതല്‍ വലിയ അധികാരക്കസേര തേടി രാഷ്‌ട്രീയത്തിലിറങ്ങുന്ന ആദര്‍ശശാലികളുടെ കാലമാണല്ലോ ഇത്‌!

Ads by Google
Saturday 21 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW