Wednesday, March 11, 2026 Last Updated 48 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.46 AM

ട്രംപിനു തിരിച്ചടിയായ വിധി: എന്താണ്‌ ഐ.ഇ.ഇ.പി.എ?

uploads/news/2026/02/826522/1.jpg

ന്യൂയോര്‍ക്ക്‌ സിറ്റി: 1977-ല്‍ നടപ്പിലാക്കിയ യു.എസ്‌. ഫെഡറല്‍ നിയമമാണ്‌ ഐ.ഇ.ഇ.പി.എ. ദേശീയ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കുമ്പോള്‍ വിദേശ സ്‌ഥാപനങ്ങളുമായുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പ്രസിഡന്റിന്‌ വിശാലമായ അധികാരം നല്‍കുന്നതാണിത്‌.
ഇടപാടുകള്‍ തടയാനും ആസ്‌തികള്‍ മരവിപ്പിക്കാനും വ്യാപാരം നിയന്ത്രിക്കാനും അസാധാരണമായ ഭീഷണികള്‍ ഉണ്ടാകുമ്പോള്‍ മറ്റ്‌ നടപടികള്‍ സ്വീകരിക്കാനും ഈ നിയമം പ്രസിഡന്റിനെ അനുവദിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അധികാരമേറ്റശേഷം വ്യാപാരക്കമ്മി, നിയമവിരുദ്ധ കുടിയേറ്റം, മയക്കുമരുന്നു കടത്ത്‌ എന്നിവയുമായി ബന്ധപ്പെട്ടു ദേശീയ അടിയന്തരാവസ്‌ഥകള്‍ പ്രഖ്യാപിച്ചാണ്‌ ട്രംപ്‌ അഭൂതപൂര്‍വമായ രീതിയില്‍ ഐ.ഇ.ഇ.പി.എ. നടപ്പാക്കിയത്‌. യു.എസ്‌. സമ്പദ്‌വ്യവസ്‌ഥയെ 'പുനരുജ്‌ജീവിപ്പിക്കാന്‍' എന്ന പേരില്‍ ഇന്ത്യയുള്‍പ്പെടെ നിരവധി വ്യാപാര പങ്കാളികള്‍ക്കുമേലാണു താരിഫ്‌ പ്രഹരം അടിച്ചേല്‍പ്പിച്ചതും.

ഇന്ത്യക്ക്‌
ചുമത്തിയത്‌
50%

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വരിഞ്ഞുമുറുക്കുന്നതായിരുന്നു ട്രംപിന്റെ തീരുവപ്രഹരം. 25 ശതമാനം പകരച്ചുങ്കവും 25 ശതമാനം പിഴച്ചുങ്കവുമായി മൊത്തം 50 ശതമാനം താരിഫ്‌ വര്‍ധനയാണ്‌ ട്രംപ്‌ ഇന്ത്യക്കു മേല്‍ അടിച്ചേല്‍പ്പിച്ചത്‌. പിന്നീട്‌ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന്‌ ഉറപ്പുനല്‍കിയെന്ന്‌ അവകാശപ്പെട്ട്‌ 25 ശതമാനംപിഴച്ചുങ്കം ഒഴിവാക്കി. ഇന്ത്യയും യു.എസും ഒപ്പുവച്ച വ്യാപാര കരാറിലൂടെ വാഷിങ്‌ടണ്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ പരസ്‌പര താരിഫ്‌ നിലവിലുള്ള 25 ശതമാനത്തില്‍ നിന്ന്‌ 18 ശതമാനമായി കുറയ്‌ക്കുമെന്നും പിന്നീട്‌ ട്രംപ്‌ ഭരണകൂടം വ്യക്‌തമാക്കിയിരുന്നു. താരിഫ്‌ വര്‍ധന വിവിധ രാജ്യങ്ങളില്‍നിന്ന്‌ യു.എസ്‌. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ വില കൂട്ടി. മാത്രമല്ല, രാജ്യാന്തര വ്യാപാരത്തെയും ഉഭയകക്ഷി ബന്ധങ്ങളെയും ഇത്‌ നേരിട്ട്‌ ബാധിക്കുകയും ചെയ്‌തു. ഇന്ത്യ-പാകിസ്‌താന്‍ ഏറ്റുമുട്ടല്‍ അടക്കം താരിഫ്‌ ഭീഷണിയിലൂടെയാണ്‌ താന്‍ തടഞ്ഞതെന്ന്‌ കഴിഞ്ഞ ദിവസവും ട്രംപ്‌ അവകാശപ്പെട്ടിരുന്നു.
'യുദ്ധം നിര്‍ത്തിയില്ലെങ്കില്‍, നിങ്ങളുമായി വ്യാപാര ഇടപാടുകള്‍ നടത്തില്ല. 200% താരിഫ്‌ ചുമത്തും' എന്നും മുന്നറിയിപ്പ്‌ നല്‍കിയിരുന്നു എന്നാണ്‌ പറഞ്ഞത്‌.
പണത്തിന്റെ കാര്യം വരുമ്പോള്‍ അവര്‍ യുദ്ധം വേണ്ടെന്ന്‌ തീരുമാനിച്ചു. അങ്ങനെ ഞാന്‍ സംഘര്‍ഷം നിര്‍ത്തി. ഇല്ലെങ്കില്‍ 25 ദശലക്ഷം ആളുകള്‍ക്ക്‌ അപകടമുണ്ടായേനെ എന്നുമായിരുന്നു ട്രംപിന്റെ വാക്കുകള്‍.

Ads by Google
Saturday 21 Feb 2026 09.46 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW