-->
ന്യൂയോര്‍ക്ക് സിറ്റി: ഏകപക്ഷീയമായി നിരവധി രാജ്യങ്ങള്‍ക്ക് താരിഫ് പ്രഹരം ഏര്‍പ്പെടുത്തിയതിലൂടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫെഡറല്‍ നിയമം അട്ടിമറിച്ചതായി അമേരിക്കന്‍ സുപ്രീം കോടതി വിധി. രാജ്യാന്തര സമ്പദ്‌വ്യവസ്‌ഥയെ ബാധിക്കുന്ന ട്രംപിന്റെ ആക്രമണാത്മക വ്യാപാര നയങ്ങള്‍ക്കേറ്റ വലിയ തിരിച്ചടിയാണ് വിധി.
ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കം നിയമവിരുദ്ധമെന്നു വിലയിരുത്തിയ സുപ്രീം കോടതി അത്തരമൊരു നിയമം നടപ്പാക്കാനുള്ള അടിയന്തര സാഹചര്യം രാജ്യത്ത് ഇപ്പോഴില്ലെന്നും നിലപാടെടുത്തു. തുടര്‍ന്നായിരുന്നു ഭൂരിപക്ഷ വിധി.
ട്രംപിന്റെ നടപടിക്കെതിരേ നികുതി വര്‍ധനയുടെ പ്രഹരമേറ്റ പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്‌ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ വിദേശരാജ്യങ്ങള്‍ക്കു താരിഫ് വര്‍ധന ഏര്‍പ്പെടുത്താന്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്‌ട് (ഐ.ഇ.ഇ.പി.എ ) പ്രസിഡന്റിന് അധികാരം നല്‍കുന്നുണ്ടോ എന്ന ചോദ്യമുയര്‍ത്തി രണ്ടു കേസുകളാണ് സുപ്രീം കോടതിയുടെ പരിഗണനയ്‌ക്കു വന്നത്.
ഒമ്പതംഗ ബെഞ്ചില്‍ ആറുപേര്‍ താരിഫ് വര്‍ധനയോടു വിയോജിച്ചപ്പോള്‍ മൂന്നുപേര്‍ അനുകൂലിച്ചു. തുടര്‍ന്ന് ചീഫ് ജസ്‌റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ഭൂരിപക്ഷവിധി എഴുതി. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് 1977 ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്‌ട് ഉപയോഗിച്ചത് അധികാരപരിധി ലംഘിച്ചാണെന്ന കീഴ്‌ക്കോടതിയുടെ തീരുമാനം ജഡ്‌ജിമാര്‍ ശരിവച്ചു. നിലവിലെ നിയമങ്ങള്‍ അട്ടിമറിക്കുന്നതായി കോടതി വിലയിരുത്തി.
ഒരു പരിധിയുമില്ലാതെ, ദീര്‍ഘകാലത്തേക്ക് താരിഫുകള്‍ ഏകപക്ഷീയമായി വര്‍ധിപ്പിച്ചു പ്രസിഡന്റ് താന്‍പോരിമ കാട്ടിയതായി റോബര്‍ട്ട്‌സ് വിധിന്യായത്തില്‍ കുറിച്ചു. അങ്ങനെയൊരു അധികാരം പ്രയോഗിക്കണമെങ്കില്‍ യു.എസ്. കോണ്‍ഗ്രസിന്റെ അനുമതി വേണമെന്ന കാര്യം പ്രസിഡന്റ് തിരിച്ചറിയണമെന്നും ഭൂരിപക്ഷ വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.