-->
ദാമ്പത്യത്തിലും ബ്രണയ ബന്ധങ്ങളിലും വിശ്വാസവഞ്ചന കാണിക്കുന്നവരുടെ എണ്ണം ഇന്ന് വലിയ തോതില്‍ വര്‍ധിച്ചുവരുകയാണ്. പ്രണയിക്കുന്നവരും ഭാര്യഭര്‍ത്താക്കന്മാരുമെല്ലാം ഇത്തരത്തില്‍ വഞ്ചിക്കപ്പെടാറുണ്ട്. ഇവയില്‍ ഏറ്റവും ശ്രദ്ധേയം തങ്ങള്‍ വിവാഹിതരാണെന്ന സത്യം മറച്ചുവെച്ച് യുവതികളെ വഞ്ചിക്കാന്‍ എത്തുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നുഎന്നുള്ളതാണ്. എന്നാല്‍ ഇത്തരക്കാരെ കൈയോടെ പിടികൂടാന്‍ 'ഡിവോഴ്‌സ് ഡസ്റ്റ്' എന്നൊരു വിചിത്രമായ വിദ്യ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ പെണ്‍പട. കള്ളം പറഞ്ഞ് ഡേറ്റിംഗിന് എത്തുന്നവരെ അവരുടെ വീട്ടുകാര്‍ക്ക് മുന്നില്‍ തന്നെ കുടുക്കുക എന്നതാണ് ഈ ഗ്ലിറ്റര്‍ തന്ത്രത്തിന്റെ ലക്ഷ്യം.
ഡേറ്റിംഗിന് പോകുന്നതിന് മുന്‍പ് യുവതികള്‍ തങ്ങളുടെ ശരീരത്തിലോ വസ്ത്രത്തിലോ തിളങ്ങുന്ന ഗ്ലിറ്റര്‍ പൊടികള്‍ പുരട്ടുന്നതാണ് ഈ രീതിയുടെ പ്രധാന ഘട്ടം. ഒരിക്കല്‍ ശരീരത്തിലോ വസ്ത്രത്തിലോ പറ്റിപ്പിടിച്ചാല്‍ അത്ര പെട്ടെന്ന് പോകാത്തവയാണ് ഇത്തരം ഗ്ലിറ്ററുകള്‍. ഡേറ്റിംഗിനിടെ ഒപ്പമുള്ള പുരുഷന്റെ വസ്ത്രത്തിലോ കാറിലോ ഈ പൊടികള്‍ പടരുകയും ചെയ്യും. വിവാഹിതനായ യുവാവാണ് ഡേറ്റിംഗിന് വന്നതെങ്കില്‍, അയാള്‍ തിരിച്ച് വീട്ടിലെത്തുമ്പോള്‍ ഈ ഗ്ലിറ്റര്‍ ഭാര്യയുടെ ശ്രദ്ധയില്‍പ്പെടുകയും അയാളുടെ കള്ളത്തരങ്ങള്‍ വെളിച്ചത്താവുകയും ചെയ്യും.
'മാരീഡ് മാന്‍ റിപ്പല്ലന്റ്' എന്നും വിളിക്കപ്പെടുന്ന ഈ ഗ്ലിറ്റര്‍ വിദ്യയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. വഞ്ചിക്കപ്പെടാതിരിക്കാന്‍ സ്ത്രീകള്‍ ഇത്തരം മുന്‍കരുതല്‍ എടുക്കുന്നത് നല്ലതാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍, പരസ്പര വിശ്വാസത്തിലൂന്നിയാകണം ബന്ധങ്ങള്‍ മുന്നോട്ട് പോകേണ്ടതെന്നും ഇത്തരം പരീക്ഷണങ്ങള്‍ സംശയം വര്‍ദ്ധിപ്പിക്കുമെന്നുമാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. എന്തായാലും കള്ളം പറയുന്നവരെ കുടുക്കാന്‍ ഈ 'തിളങ്ങുന്ന പൊടി' വിദ്യ ഇപ്പോള്‍ ലോകമെമ്പാടും ചര്‍ച്ചയായിരിക്കുകയാണ്.