-->
ലണ്ടന്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ ബ്രിട്ടനിലെ മുന്‍ രാജകുമാരനായ ആന്‍ഡ്രൂ അറസ്‌റ്റില്‍. സാന്‍ഡ്‌റിങ്‌ഹാം എസ്‌റ്റേറ്റിലെ താല്‍ക്കാലിക വസതിയില്‍നിന്നാണ് അദ്ദേഹത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ആന്‍ഡ്രൂവിന്റെ അറസ്‌റ്റ് തംസ് വാലി പോലീസ് പുറത്തുവിട്ടിട്ടില്ല. അറുപതിനോട് അടുത്ത പ്രായമുള്ള ഒരാളെ അറസ്‌റ്റ് ചെയ്‌തതെന്നാണു പോലീസ് ഭാഷ്യം. 'ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് അറസ്‌റ്റിലായ വ്യക്‌തിയുടെ പേര് ഞങ്ങള്‍ വെളിപ്പെടുത്തുന്നില്ല'- പോലീസ് അറിയിച്ചു. വിശദമായ വിലയിരുത്തലിന് ശേഷമാണ് അറസ്‌റ്റെന്നു പോലീസ് വ്യക്‌തമാക്കി.
ലൈംഗിക പീഡനക്കേസുകളുടെ പേരിലാണു യു.എസില്‍ ജെഫ്രി എപ്‌സ്‌റ്റീന്‍ അറസ്‌റ്റിലായത്. അന്വേഷണത്തിലാണു എപ്‌സ്‌റ്റീനുമായി ആന്‍ഡ്രൂവിനു ബന്ധമുണ്ടെന്നു വ്യക്‌തമായത്. യു.എസില്‍നിന്നു ലഭിച്ച തെളിവുകളുടെ അടിസ്‌ഥാനത്തിലാണു ബ്രിട്ടീഷ് പോലീസിന്റെ നീക്കം.
പ്രാദേശിക സമയം, ഇന്നലെ രാവിലെ ആറിനാണ് ബോര്‍ഡുകളില്ലാത്ത പോലീസ് വാഹനങ്ങളും എട്ട് യൂണിഫോം ധരിക്കാത്ത ഉദ്യോഗസ്‌ഥരും സാന്‍ഡ്‌റിങ്‌ഹാം എസ്‌റ്റേറ്റിലെ ആന്‍ഡ്രൂവിന്റെ വസതിയിലെത്തിയത്. ജന്മദിനാഘോഷങ്ങളുടെ തിരക്ക് ഒഴിഞ്ഞതിനു പിന്നാലെയായിരുന്നു അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. ബുധനാഴ്‌ചയായിരുന്നു ആന്‍ഡ്രുവിന്റെ 66-ാം ജന്മദിനം.
അദ്ദേഹത്തിന്റെ അറസ്‌റ്റിലൂടെ ഡിജിറ്റല്‍ തെളിവുകള്‍, ഫയലുകള്‍, ഫോട്ടോകള്‍, മറ്റ് തെളിവുകള്‍ എന്നിവ ലഭ്യമാകുമെന്നാണു പോലീസിന്റെ പ്രതീക്ഷ. ആന്‍ഡ്രൂവിനു ബന്ധമുള്ള മറ്റ് ഇടങ്ങളില്‍ പരിശോധന നടത്താനും പോലീസിനാകും. ആരും നിയമത്തിന് അതീതരല്ലെന്നായിരുന്നു അറസ്‌റ്റിനെക്കുറിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ര്‍ സ്‌റ്റാര്‍മറുടെ പ്രതികരണം. 'നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. ഇത് എല്ലാ തലങ്ങളിലും പ്രായോഗികമാക്കേണ്ടത് വളരെ പ്രധാനമാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എസ്. നീതിന്യായ വകുപ്പാണു എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിട്ടത്. ഇമെയിലുകള്‍, രേഖകള്‍, ചിത്രങ്ങള്‍ എന്നിവ അടക്കം 30 ലക്ഷം രേഖകളാണു പുറത്തുവന്നത്. ഈ രേഖകളില്‍ മുന്‍ രാജകുമാരനും എപ്‌സ്‌റ്റീനും തമ്മിലുള്ള ബന്ധം വ്യക്‌തമാണ്.
ആന്‍ഡ്രൂവിനെ പ്രതിരോധത്തിലാക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. 2010ലും 2011ലും ഒരു വ്യാപാര പ്രതിനിധിയായി നടത്തിയ ഔദ്യോഗിക ചര്‍ച്ച ആന്‍ഡ്രൂ എപ്‌സ്‌റ്റീനുമായി പങ്കുവച്ചെന്നും വ്യക്‌തമായി. എപ്‌സ്‌റ്റീന്‍ ഫയലുകളുടെ പുതിയ പട്ടികയില്‍ സിംഗപ്പുര്‍, ഹോങ്കോങ്, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആന്‍ഡ്രൂ കൈമാറിയതായി വ്യക്‌തമായി. നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും അദ്ദേഹം പങ്കുവച്ചു.
ജെഫ്രി എപ്‌സ്‌റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ ആന്‍ഡ്രൂവിന്റെ ഔദ്യോഗിക പദവികള്‍ സഹോദരനും ബ്രിട്ടനിലെ രാജാവുമായ ചാള്‍സ് മൂന്നാമന്‍ കഴിഞ്ഞ വര്‍ഷം നീക്കം ചെയ്‌തിരുന്നു.
എപ്‌സ്‌റ്റീന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ വിര്‍ജീനിയ ഗിഫ്രെ, തനിക്ക് 17 വയസുള്ളപ്പോള്‍ ആന്‍ഡ്രൂ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു. ഗിഫ്രെയുടെ പുസ്‌തകം പ്രസിദ്ധീകരിച്ച് ആഴ്‌ചകള്‍ക്കുള്ളില്‍ ആന്‍ഡ്രൂവില്‍നിന്നു ശേഷിക്കുന്ന പദവികള്‍ ചാള്‍സ് മൂന്നാമന്‍ നീക്കം ചെയ്യുകയും അദ്ദേഹത്തെ രാജകീയ വസതിയില്‍നിന്ന് പുറത്താക്കുകയും ചെയ്‌തു.
ഗിഫ്രെയുടെ ആരോപണങ്ങള്‍ ആന്‍ഡ്രൂ ദീര്‍ഘകാലമായി നിഷേധിക്കുന്നുണ്ടെങ്കിലും, 2019 നവംബറിനു ശേഷം അദ്ദേഹം രാജകീയ ചുമതലകളില്‍നിന്നു പിന്മാറി.
2022ല്‍ ന്യൂയോര്‍ക്കില്‍ ഗിഫ്രെ സിവില്‍ കേസ് ഫയല്‍ ചെയ്‌തതിനെത്തുടര്‍ന്ന് അദ്ദേഹം കോടിക്കണക്കിനു രൂപയുടെ ഉടമ്പടിക്ക് സമ്മതിച്ചു. കുറ്റം സമ്മതിച്ചില്ലെങ്കിലും, ലൈംഗിക കടത്തലിന് ഇരയായ വ്യക്‌തിയാണ് ഗിഫ്രെ എന്ന് അദ്ദേഹം സമ്മതിച്ചു.