-->
സോള്‍: സൈനികഭരണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന് ജീവപര്യന്തം തടവ്. ഭരണഘടന അട്ടിമറിക്കാന്‍ 2024 ഡിസംബര്‍ 3 ന് യൂന്‍ ശ്രമിച്ചതായി വിധി പ്രസ്‌താവിച്ച സോള്‍ കോടതി കണ്ടെത്തി.
ദേശീയ അസംബ്ലി അടച്ചുപൂട്ടാന്‍ സൈനികരെ വിന്യസിച്ചും രാഷ്‌ട്രീയക്കാരെ അറസ്‌റ്റ് ചെയ്യാന്‍ ഉത്തരവിട്ടുമാണ് അദ്ദേഹം അട്ടിമറിക്കു ശ്രമിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. യൂന്‍ സുക് യോളിന്റെ പ്രവര്‍ത്തനങ്ങള്‍ ദക്ഷിണ കൊറിയയുടെ ജനാധിപത്യ പ്രകിയയെ അടിസ്‌ഥാനപരമായി തകര്‍ത്തയായും കഠിനമായ ശിക്ഷ അദ്ദേഹം അര്‍ഹിക്കുന്നതായും പ്രിസൈഡിങ് ജഡ്‌ജി ജിഗ്വി യോണ്‍ വ്യക്‌തമാക്കി. പ്രോസിക്യൂട്ടര്‍മാര്‍ യൂനിന് വധശിക്ഷയാണ് ആവശ്യപ്പെട്ടിരുന്നത്.
ഹ്രസ്വകാലത്തേക്കായിരുന്നെങ്കിലും യൂനിന്റെ പട്ടാളനിയമ ഉത്തരവ് രാജ്യത്തെ കൂടുതല്‍ ധ്രുവീകരിച്ചതായാണു വിലയിരുത്തല്‍. ശിക്ഷാവിധി നടപ്പാക്കുമ്പോള്‍ രാജ്യത്ത് ഈ ഭിന്നതകള്‍ പ്രകടമാകുകയും ചെയ്‌തു. വിചാരണ നടക്കുന്നതിനു മണിക്കൂറുകള്‍ മുമ്പ് കോടതിക്കുപുറത്ത് യൂനിന്റെ അനുയായികള്‍ തടിച്ചുകൂടി. വീണ്ടും യൂന്‍ എന്നെഴുതിയ ബാനറുകള്‍ ജനക്കുട്ടം ഉയര്‍ത്തിപ്പിടിച്ചിരുന്നു. വിധി പുറത്തുവന്നപ്പോള്‍ അവരില്‍ പലരും കണ്ണുനീര്‍ വാര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, യൂനിനു വധശിക്ഷ വിധിക്കണമെന്നാവശ്യപ്പെട്ട് റാലി നടത്തിയ യൂണ്‍ വിരുദ്ധ പ്രതിഷേധക്കാരും തെരുവിലുണ്ടായിരുന്നു. വിധിക്കെതിരേ ഇരുവിഭാഗവും അപ്പീല്‍ നല്‍കിയാല്‍ കേസ് സുപ്രീം കോടതിയിലേക്കു പോകും. അങ്ങനെയെങ്കില്‍ അന്തിമ ഉത്തരവിന് മാസങ്ങള്‍ എടുത്തേക്കാം.