-->
ഇസ്ലാമാബാദ്: പാകിസ്‌താനിലെ കറാച്ചിയില്‍ ജനവാസകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ 16 പേര്‍ മരിച്ചു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണു സ്‌ഫോടനമുണ്ടായതെന്നാണു നിഗമനം. 14 പേര്‍ക്കു പരുക്കേറ്റു.
ഗുല്‍ റാണ കോളനിയിലെ അഗ ഖാന്‍ സ്‌കൂളിനു സമീപം അഞ്ചാം നമ്പര്‍ സ്‌ട്രീറ്റിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തിന്റെ ഒന്നാം നിലയില്‍ ഇന്നലെ പുലര്‍ച്ചെ 4:00-നും 4:15-നും ഇടയിലാണു സ്‌ഫോടനം നടന്നത്. റമദാന്‍ മാസത്തിലെ പ്രഭാതഭക്ഷണമായ 'സെഹ്‌റി' തയാറാക്കുന്നതിനിടെയാണു പൊട്ടിത്തെറിയുണ്ടായത്. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്ന് 16 മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ടു വയസുള്ള കുട്ടിയും സ്‌ഫോടനത്തി ല്‍ മരിച്ചു.
പാകിസ്‌താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് തുടങ്ങിയവര്‍ അനുശോചിച്ചു. പരുക്കേറ്റവര്‍ക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കാന്‍ പാക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.