-->
ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സഹോദരനായ ആന്‍ഡ്രുവിനെ അറസ്‌റ്റ് ചെയ്‌തത് 'പൊതുപദവി ദുരുപയോഗ'ത്തിന്റെ പേരില്‍.
ബ്രിട്ടീഷ് നിയമപ്രകാരം, അറസ്‌റ്റ് ചെയ്‌ത വ്യക്‌തിയുടെ പേര് പോലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 'പൊതുപദവി ദുരുപയോഗം' എന്ന കുറ്റം ആന്‍ഡ്രുവുമായി ബന്ധപ്പെട്ടതാണെന്നു വ്യക്‌തമാക്കി. ബ്രിട്ടനില്‍ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണു പൊതുപദവി ദുരുപയോഗം.
'ശ്രദ്ധാപൂര്‍വമായ വിലയിരുത്തലിനു ശേഷം, പൊതുപദവി ദുരുപയോഗം സംബന്ധിച്ച ആരോപണത്തില്‍ ഞങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്'- തംസ് വാലി പോലീസിലെ അസിസ്‌റ്റന്റ് ചീഫ് കോണ്‍സ്‌റ്റബിള്‍ ഒലിവര്‍ റൈറ്റ് പറഞ്ഞു.
'കുറ്റാന്വേഷണത്തിന്റെ സമഗ്രതയും നിഷ്‌പക്ഷതയും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഈ കേസില്‍ പൊതുജനങ്ങള്‍ക്ക് വലിയ താല്‌പര്യമുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കുന്നു, ശരിയായ സമയത്ത് ഞങ്ങള്‍ വിവരങ്ങള്‍ പങ്കുവയ്‌ക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് നിയമപ്രകാരം, അറസ്‌റ്റിനു കുറ്റം ചെയ്‌തെന്നു സംശയിക്കാന്‍ മതിയായ കാരണങ്ങളും ആ വ്യക്‌തിയെ അറസ്‌റ്റ് ചെയ്യേണ്ടത് ആവശ്യമാണെന്ന് സംശയിക്കാന്‍ മതിയായ കാരണങ്ങളും പോലീസിന് ഉണ്ടാകണം.
2013ല്‍ വന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ പോലീസിന് കുറ്റം ചുമത്തുന്നതുവരെ അറസ്‌റ്റ് ചെയ്‌തവരുടെ പേര് വെളിപ്പെടുത്താന്‍ പാടില്ല. ജീവനു ഭീഷണിയുണ്ടാവുക പോലുള്ള 'വ്യക്‌തമായി തിരിച്ചറിയാന്‍ കഴിയുന്ന സാഹചര്യങ്ങളില്‍' മാത്രമേ അതില്‍നിന്ന് ഇളവ് ലഭിക്കൂ.
2011ല്‍ ടാബേ്ലായിഡ് പത്രമായ 'ന്യൂസ് ഓഫ് ദ് വേള്‍ഡ്' ഉള്‍പ്പെട്ടതായി സംശയിക്കപ്പെടുന്ന വിവാദത്തില്‍നിന്നാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെട്ടത്. ഈ പത്രത്തിലെ ലേഖകര്‍ സെലിബ്രിറ്റികള്‍, രാഷ്‌ട്രീയക്കാര്‍ എന്നിവരുടെ ആശയവിനിമയങ്ങള്‍ ഹാക്ക് ചെയ്‌തതായി ആരോപണമുയര്‍ന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണ്‍, ഈ വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്‌റ്റിസ് ലെവന്‍സണിനെ നിയമിച്ചു. കുറ്റം ചുമത്തുന്നതുവരെ പ്രതിയുടെ പേര് വെളിപ്പെടുത്തരുതെന്ന മാര്‍ഗനിര്‍ദേശം അന്നാണു വന്നത്.
പേരുകള്‍ മറച്ചുവയ്‌ക്കുന്നതിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളുമുണ്ട്. പേര് വെളിപ്പെടുത്തുന്നത് പോലീസിനെ സമീപിച്ച് തെളിവുകള്‍ നല്‍കാന്‍ ഇരകള്‍ക്ക് പ്രോത്സാഹനമാകുമെന്ന് അവര്‍ പറയുന്നു.
എന്നാല്‍, പ്രതികള്‍ക്ക് അജ്‌ഞാതരായി തുടരാനായാല്‍, ഇരകള്‍ക്ക് അവരുടെ കേസിനെക്കുറിച്ച് അറിയാന്‍ പ്രയാസമായിരിക്കുമെന്നും പോലീസെന്താണ് ചെയ്യുന്നതെന്ന് കണ്ടെത്താന്‍ പത്രങ്ങള്‍ക്ക് കഴിയില്ലെന്നും അവര്‍ വാദിക്കുന്നു.