-->
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത സീരിയലുകളിൽ ഒന്നാണ് കൗമുദി ടിവിയിൽ സംപ്രേക്ഷണ ചെയ്തുവരുന്ന 'അളിയൻസ്'. മഞ്ജു പത്രോസ്, അനീഷ് രവി, റിയാസ് നർമകല, സൗമ്യ ഭാഗ്യനാഥൻ എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അളിയൻസിൽ തന്റെ നാത്തൂനായി അഭിനയിക്കുന്ന സൗമ്യ ഭാഗ്യനാഥന് ജന്മദിനാശംസകൾ നേർന്ന് മഞ്ജു പത്രോസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
‘ഈശ്വരൻ ചില മനുഷ്യരെ നമുക്ക് അരികിൽ എത്തിക്കും. അവർക്ക് ചില നിയോഗങ്ങൾ ഉണ്ടാകും. അങ്ങനെ എന്റെ അടുത്ത് ഈശ്വരനായിട്ട് അയച്ചതാണ് ഇവളെ... ഒരുപാട് ചിരിച്ചും കരഞ്ഞും സങ്കടങ്ങൾ പങ്കിട്ടും ഞങ്ങൾ കൂട്ടുകൂടാൻ തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞു. ജീവിക്കാൻ പേടിക്കണ്ട എന്ന് കാണിച്ചു തന്നത് ഒരു പരിധി വരെ ഇവളാണ്. ചേച്ചി വണ്ടി വാങ്ങണം എന്ന് ആദ്യം പറഞ്ഞത് ഇവളാണ്. അങ്ങനെ ജീവിതത്തിൽ പലഘട്ടങ്ങളിലും മുന്നോട്ടു പ്രേരിപ്പിച്ചത് ഇവളാണ്. ജീവിതത്തിൽ നിന്നും ഒരിക്കലും പൊഴിഞ്ഞു പോകരുതെന്ന് മനസ്സിൽ ആഗ്രഹിക്കുന്ന ബന്ധങ്ങളിൽ ഒന്നാണ് ഇത്. എന്റെ സിങ്കപ്പെണ്ണിന് എല്ലാ നന്മകളും ജീവിതത്തിൽ ഉണ്ടാകട്ടെ,’ മഞ്ജു പത്രോസ് കുറിച്ചു.
രണ്ടു അളിയൻമാർ തമ്മിലുള്ള തീരാവഴക്കുകളുടെയും നർമ്മമുഹൂർത്തങ്ങളുടെയും കഥപറയുന്ന 'അളിയൻസി'ന് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുണ്ട്. 2020 ഫെബ്രുവരി 24 നാണ് 'അളിയൻസ്' സംപ്രേക്ഷണം ആരംഭിച്ചത്.