-->
കൊച്ചി: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ കെ.ബാബു എംഎല്‍എ. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും തന്റെ തീരുമാനങ്ങള്‍ കേന്ദ്ര സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബാബു വ്യക്തമാക്കി.
വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ എല്ലാ നേതാക്കന്മാരും തന്റെ അരികില്‍ എത്തിയിരുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. നേതൃത്വത്തെ തീരുമാനം അറിയിച്ചതായും അദ്ദേഹം എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ നിയമസഭാ സാമാജികരില്‍ പ്രവര്‍ത്തിപരിചയവും ദീര്‍ഘകാലത്തെ അനുഭവസമ്പത്തുമുള്ളയാളാണ് കെ.ബാബു. ഇത്തവണ ജയിച്ചാല്‍ മന്ത്രിയാകുമെന്ന് ഉറപ്പായിരിക്കുമ്പോഴാണ് തീരുമാനം.
പാര്‍ലമെന്ററി രംഗത്ത് ചരിത്രമെഴുതിയാണ് കെ.ബാബു വിരമിക്കുന്നത്. ഏഴില്‍ ആറു തവണയും അദ്ദേഹം ജയിച്ചുകയറിയിരുന്നു. തൃപ്പൂണിത്തുറയില്‍ 2016 ല്‍ പരാജയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഒരേയൊരു തോല്‍വി. 1989 ല്‍ അങ്കമാലി നഗരസഭയില്‍ പ്രഥമ ചെയര്‍മാനായി അരങ്ങേറ്റം നടത്തിക്കൊണ്ടാണ് പാര്‍ലമെന്ററി ചരിത്രത്തിലേക്ക് അദ്ദേഹം പ്രവേശിച്ചത്. അങ്കമാലി മുനിസിപ്പല്‍ കൗണ്‍സിലിന്റെ ആദ്യത്തെ ചെയര്‍മാനും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്നു അദ്ദേഹം.
1966ല്‍ കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ (കെഎസ്യു) വഴിയാണ് ബാബു തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1991ല്‍ തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തില്‍ നിന്ന് സിപിഎമ്മിലെ എംഎം ലോറന്‍സിനെ 4946 വോട്ടിന് പരാജയപ്പെടുത്തി കെ. ബാബു ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . അതുവരെ തൃപ്പൂണിത്തുറ ഒരു അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് (ഇടത്) കോട്ടയായിരുന്നതിനാല്‍, മണ്ഡലത്തിലെ ഒരു പ്രധാന രാഷ്ട്രീയ മാറ്റമായി ഇത് കണക്കാക്കപ്പെട്ടു. 1991, 1996, 2001, 2006, 2011 വര്‍ഷങ്ങളില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ബാബു അന്നുമുതല്‍ കേരള നിയമസഭയില്‍ തൃപ്പൂണിത്തുറയെ പ്രതിനിധീകരിക്കുന്നു.
2011ല്‍ കെ. ബാബു ആദ്യമായി കേരളത്തില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2011 മെയ് 18-ന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ 2011-2016-ല്‍ ഫിഷറീസ്, തുറമുഖം, എക്‌സൈസ് മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.