-->
കൊളംബോ: ദുര്‍ബലരായ നമീബിയയെ കെട്ടുകെട്ടിച്ച് ഗ്രൂപ്പ് എയില്‍നിന്ന് പാകിസ്‌താന്‍ ഐ.സി.സി. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ എട്ടില്‍. 102 റണ്ണിനാണ് ജയം. ഇതോടെ ഗ്രൂപ്പ് എയില്‍നിന്ന് ഇന്ത്യക്കു പിന്നില്‍ രണ്ടാം സ്‌ഥാനക്കാരായാണ് പാകിസ്‌താന്റെ മുന്നേറ്റം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്‌താന്‍ 20 ഓവറില്‍ മൂന്നുവിക്കറ്റിന് 199 റണ്ണടിച്ചു. കൂറ്റന്‍ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ നമീബിയ 17.3 ഓവറില്‍ 97 റണ്ണിന് എല്ലാവരും പുറത്തായി. ഓപ്പണര്‍ സാഹിബ് സാദ ഫര്‍ഹാന്റെ കന്നി സെഞ്ചുറി പാക് ഇന്നിങ്‌സിനു കരുത്തേകി. 57 പന്തില്‍ മൂന്നക്കം തികച്ച താരം ടി-20 ലോകകപ്പിലെ പാകിസ്‌താന്റെ രണ്ടാമത്തെ സെഞ്ചുറിക്ക് അവകാശിയായി. 2014-ല്‍ ബംഗ്ലാദേശിനെതിരേ മൂന്നക്കം കുറിച്ച അഹമ്മദ് ഷെഹ്‌സാദാണ് മുന്‍ഗാമി. ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയാണ് ഇന്നലെ കൊളംബോയില്‍ ഫര്‍ഹാന്റെ ബാറ്റില്‍നിന്നു പിറന്നത്. 58 പന്തില്‍ നാലു സിക്‌സും 11 ഫോറും ഉള്‍പ്പെടെ 100 റണ്ണുമായി പുറത്താകാതെനിന്ന താരത്തിനു കളിയിലെ കേമന്‍ പട്ടവും സ്വന്തമായി.
കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ടോസ് നേടിയ പാകിസ്‌താന്‍ നായകന്‍ സല്‍മാന്‍ ആഗ ബാറ്റിങ് തെരഞ്ഞെടുത്തു. സായിം അയൂബും സാഹിബ്‌സാദ ഫര്‍ഹാനും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് 5.1 ഓവറില്‍ 40 റണ്ണടിച്ചു. 12 പന്തില്‍ രണ്ടുഫോര്‍ ഉള്‍പ്പെടെ 14 റണ്ണുമായി അയൂബിനെ ജാക്ക് ബ്രസലിന്റെ പന്തില്‍ ഗ്രീന്‍ പിടികൂടി.
വണ്‍ ഡൗണായെത്തിയ നായകന്‍ ആഗയില്‍ പറ്റിയ കൂട്ടാളിയെ കണ്ടെത്തിയ ഫര്‍ഹാന്‍ തകര്‍പ്പന്‍ ബാറ്റിങ്ങുമായി ഇന്നിങ്‌സ് കരുപ്പിടിപ്പിച്ചു. 13-ാം ഓവറില്‍ ടീം സ്‌കോര്‍ 107-ല്‍ നായകനെ ഇറാസ്‌മസിന്റെ കൈകളിലെത്തിച്ച് ബ്രസല്‍ നമീബിയയ്‌ക്കു പ്രതീക്ഷ പകര്‍ന്നു. ഖവാജ നാഫെ അഞ്ചുറണ്ണുമായി അടുത്ത ഓവറില്‍ ഇറാസ്‌മസിനു സ്വന്തം ബൗളിങ്ങില്‍ ക്യാച്ച് നല്‍കിയതോടെ പാകിസ്‌താന്‍ മൂന്നുവിക്കറ്റിന് 118 റണ്ണെന്ന നിലയിലായി.
മുന്‍ നായകന്‍ ബാബര്‍ അസമിനു മുന്നിലായി ഷാദാബ് ഖാന്‍ ക്രീസിലെത്തിയത് ഏവരെയും അമ്പരപ്പിച്ചു. ഷാദാബാകട്ടെ മികച്ച ബാറ്റിങ്ങുമായി സ്‌ഥാനക്കയറ്റത്തെ ന്യായീകരിച്ചു. ബൗളര്‍മാരെ കശാപ്പു ചെയ്‌ത് മുന്നേറിയ സഖ്യത്തിന്റെ പിന്‍ബലത്തില്‍ പാകിസ്‌താന്‍ മികച്ച സ്‌കോറിലെത്തി. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഫര്‍ഹാനു കൂട്ടായി മൂന്നു സിക്‌സും ഒരുഫോറും അടക്കം 22 പന്തില്‍ 36 റണ്ണടിച്ച് ഷാദാബ് ഖാന്‍ പുറത്താകാതെനിന്നു.
മറുപടി പറഞ്ഞ നമീബിയ ഒരുഘട്ടത്തിലും വിജയപ്രതീക്ഷ ഉയര്‍ത്തിയില്ല. രണ്ടു ബാറ്റര്‍മാര്‍ ഒഴികെ മറ്റുള്ളവരുടെ സംഭാവന ഒറ്റയക്കത്തിലൊതുങ്ങി. ഓപ്പണര്‍ ലോറന്‍ സ്‌റ്റീന്‍കാംപ്(23), അലക്‌സാണ്ടര്‍ ബസിങ് വോള്‍സ്‌ചെങ്ക് എന്നിവര്‍ മാത്രമാണു പൊരുതിയത്. പാകിസ്‌താനുവേണ്ടി ഉസ്‌മാന്‍ താരിഖ് നാലും ഷാദാബ് ഖാന്‍ മൂന്നും വിക്കറ്റെടുത്തു. സല്‍മാന്‍ മിര്‍സ, മുഹമ്മദ് നവാസ് എന്നിവര്‍ ശേഷിച്ച വിക്കറ്റുകള്‍ പങ്കിട്ടു. ഒരാള്‍ റണ്ണൗട്ടായി.