-->
അഹമ്മദാബാദ്: ഐ.സി.സി. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ വിറച്ചുജയിച്ച് ഇന്ത്യ. 17 റണ്ണിന് നെതര്‍ലന്‍ഡിനെ മുട്ടുകുത്തിച്ച് ഗ്രൂപ്പ്‌ഘട്ടത്തില്‍ സമ്പൂര്‍ണ ജയവുമായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു മുന്നേറി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ആറുവിക്കറ്റിന് 193 റണ്ണടിച്ചു. ഇന്ത്യന്‍ ബൗളിങ്ങിനെ ഭയക്കാതെ കളിച്ച നെതര്‍ലന്‍ഡ്‌സിന്റെ വെല്ലുവിളി ഏഴുവിക്കറ്റിന് 176 റണ്ണില്‍ അവസാനിച്ചു. 31 പന്തില്‍ 66 റണ്ണും രണ്ടുവിക്കറ്റും വീഴ്‌ത്തി ഇന്ത്യന്‍ ജയത്തിന്റെ നട്ടെല്ലായ ശിവം ദുബെ കളിയിലെ കേമനായി. മൂന്നാംവട്ടവും ഓപ്പണര്‍ അഭിഷേക് ശര്‍മ പൂജ്യനായി പുറത്തായത് ജയത്തിലും ഇന്ത്യക്ക് ആശങ്കയായി.
ശിവം ദുബെയെറിഞ്ഞ അവസാന ഓവറില്‍ നെതര്‍ലന്‍ഡ്‌സിനു ജയിക്കാന്‍ 28 റണ്‍ വേണമായിരുന്നു. ആദ്യപന്തില്‍ ലിയോണ്‍ ക്യഷെ രണ്ടു റണ്ണടിച്ചു. ഉയര്‍ത്തിയടിച്ച അടുത്ത പന്ത് കൈപ്പിടിയിലാക്കാമായിരുന്നു. പിന്നോട്ടോടി സൂര്യകുമാര്‍ പക്ഷേ, പന്ത് നിലത്തിട്ടു. റിങ്കു സിങ്ങിന് അനായാസം ക്യാച്ചെടുക്കാമായിരുന്ന സ്‌ഥാനത്ത് സൂര്യയുടെ അതിസാഹസമാണ് തിരിച്ചടിയായത്. അവിടംകൊണ്ടും അവസാനിച്ചില്ല നാടകീയത... ലിയോണ്‍ നല്‍കിയ താരതമ്യേനെ ദുഷ്‌കരമായ അവസരം തിലക് വര്‍മയുടെ ഡൈവിങ് ഉദ്യമത്തില്‍ തെറിച്ചു നിലത്തുവീണു. നാലാം പന്തില്‍ പക്ഷേ, ഭാഗ്യം ദുബെയ്‌ക്കൊപ്പമായി. ലോ ഫുള്‍ടോസില്‍ സിക്‌സിനു ശ്രമിച്ച ലിയോണിനെ ലോങ് ഓണില്‍ വാഷിങ്‌ടണ്‍ സുന്ദറിന്റെ കൈകളില്‍ ഭദ്രം. അടുത്തപന്തില്‍ റണ്ണെത്തിയില്ലെങ്കിലും അവസാന പന്തില്‍ ഫോറടിച്ച് വാന്‍ബീക്ക് ഓറഞ്ച് പടയുടെ പരാജയഭാരം കുറച്ചു.
വമ്പന്‍ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ നെതര്‍ലന്‍ഡ്‌സിനു തരക്കേടില്ലാത്ത തുടക്കം ലഭിച്ചു. മൈക്ക ലെവിറ്റും (24) മാക്‌സ് ഒ'ദൗഡും (20) ചേര്‍ന്ന ഓപ്പണിങ് വിക്കറ്റില്‍ 5.4 ഓവറില്‍ 35 റണ്‍ പിറന്നു. ചെയ്‌ഞ്ച് ബൗളറായെത്തിയ ഒ'ദൗഡിന്റെ കുറ്റി പിഴുത് വരുണ്‍ ചക്രവര്‍ത്തി ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. വണ്‍ഡൗണായെത്തിയ ബാസ് ഡി ലീഡ് 23 പന്തില്‍ 33 റണ്ണുമായി നെതര്‍ലന്‍ഡ്‌സിന്റെ ടോപ്‌സ്കോററായി. കോളിന്‍ ആക്കര്‍മാന്‍ (23), ക്യാപ്‌റ്റന്‍ സ്‌കോട്ട് എഡ്‌വേര്‍ഡ്‌സ് (15) എന്നിവര്‍ മധ്യനിരയില്‍ കാര്യമായ സംഭാവന നല്‍കാതെ കൂടാരം കയറി. വാലറ്റത്ത് 16 പന്തില്‍ 26 റണ്ണുമായി സാഷ് ലിയോണ്‍ ക്യാഷെയും നോഹ് ക്രോസും (12 പന്തില്‍ പുറത്താകാതെ 25) എന്നിവര്‍ പൊരുതി. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് ഓവറില്‍ 14 റണ്ണിന് മൂന്നു വിക്കറ്റും ശിവം ദുബെ രണ്ടുവിക്കറ്റും വീഴ്‌ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്ക് ആശങ്കയായി വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ പതിവുപോലെ അക്കൗണ്ട് തുറക്കുംമുമ്പേ പവലിയനിലെത്തി. ഇന്ത്യന്‍ വംശജനായ സ്‌പിന്നര്‍ ആര്യന്‍ ദത്തിന്റെ ആദ്യഓവറിലെ മൂന്നാം പന്തില്‍ കീഴടങ്ങി. പന്തിന്റെ ഗതി മനസിലാക്കാതെ ആഞ്ഞുവീശിയ അഭിഷേകിന്റെ ലെഗ് സ്‌റ്റമ്പിളകി. ഇതോടെ ലോകകപ്പില്‍ അക്കൗണ്ട് തുറക്കുകയെന്ന താരത്തിന്റെ മോഹം ചാമ്പലായി. പ്രാഥമിക റൗണ്ടിലെ ഒരു കളിയില്‍ പുറത്തിരുന്ന അഭിഷേക് ബാക്കി മൂന്നു കളിയിലും പൂജ്യത്തിനു പുറത്തായി. സഹ ഓപ്പണര്‍ ഇഷാന്‍ കിഷനും ഇന്നലെ തിളങ്ങാനായില്ല. ഏഴു പന്തില്‍ ഒരു സിക്‌സും രണ്ടുഫോറും ഉള്‍പ്പെടെ 18 റണ്ണടിച്ച കിഷന്റെ കുറ്റിയും ദത്ത് പിഴുതു. വണ്‍ഡൗണായെത്തിയ തിലക് വര്‍മയും നായകന്‍ സൂര്യകുമാര്‍ യാദവും തരക്കേടില്ലാത്ത ബാറ്റിങ്ങിലൂടെ സ്‌കോര്‍ ഉയര്‍ത്തി. ഒന്‍പതാം ഓവറില്‍ തിലക് പുറത്തായി. വാന്‍ഡെര്‍മെര്‍വിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താകുംമുമ്പ് 27 പന്തില്‍ ഒരുസിക്‌സും മൂന്നു ഫോറും അടക്കം തിലക് 31 റണ്ണടിച്ചു. പിന്നീട് നായകനുമൊത്ത് ശിവം ദുബെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ചു. 14-ാം ഓവറില്‍ ടീം സ്‌കോര്‍ 110-ല്‍ ക്യാപ്‌റ്റന്‍ കൂടാരം കയറി. ഹാര്‍ദിക് പാണ്ഡ്യയും ദുബെയും ചേര്‍ന്ന കൂട്ടുകെട്ട് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സ്‌കോര്‍ ഇരുനൂറിന് അരികിലെത്തിച്ചു. അവസാന ഓവറിലെ രണ്ടാം പന്തില്‍ വാന്‍ ബീക്കിന്റെ പന്തില്‍ പുറത്താകും മുമ്പ് 31 പന്തില്‍ 66 റണ്ണുമായി ടോപ്‌സ്കോററാകാന്‍ ദുബെയ്‌ക്കായി.