-->
ചങ്ങനാശേരി: എം.ജി. സര്‍വകലാശാലാ 3 ന്‍ 3 ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ കളമശേരി രാജഗിരിയും വനിതകളില്‍ ആതിഥേയരായ ചങ്ങനാശേരി അസംപ്‌ഷനും ജേതാക്കള്‍. പാലാ അല്‍ഫോന്‍സാ കോളജിനെ ആവേശകരമായ പോരാട്ടത്തില്‍ ഒരുപോയിന്റിനു മറികടന്നാണ് അസംപ്‌ഷന്‍ കിരീടമുയര്‍ത്തിയത്. സ്‌കോര്‍: 18-17. അക്ഷയ ഫിലിപ്പ് ഒന്‍പത് പോയിന്റുമായി അസംപ്‌ഷന്റെ ടോപ് സ്‌കോറര്‍റായി.
കഴിഞ്ഞവര്‍ഷത്തെ വിജയികളായ ചങ്ങനാശേരി എസ്.ബി. കോളജിനെ മുട്ടുകുത്തിച്ചാണ് പുരുഷവിഭാഗത്തില്‍ കളമശേരി, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് കിരീടത്തില്‍ മുത്തമിട്ടത്. 24-13 എന്ന സ്‌കോറിനായിരുന്നു രാജഗിരിയുടെ ജയം. 11 പോയിന്റുമായി ജോര്‍ദാന്‍ ചെറിയാനാണ് പുരുഷ ഫൈനലിലെ ടോപ് സ്‌കോറര്‍.
രാജഗിരി കോളജ് ഓഫ് സോക്കോള്‍ സയന്‍സിനെ 11-10 ന് പരാജയപ്പെടുത്തി എറണാകുളം സെന്റ് തെരേസാസ് കോളജ് വനിതാവിഭാഗത്തില്‍ വെങ്കലമെഡല്‍ നേടി. സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിനാണു പുരുഷന്മാരില്‍ വെങ്കലം. തേവര സേക്രഡ് ഹാര്‍ട്ട് കോളജിനെ 21-12 നു സെന്റ് ആല്‍ബര്‍ട്ട്‌സ് പരാജയപ്പെടുത്തി. അസംപ്‌ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്‌ടര്‍ റാണി മരിയ തോമസ് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്‌തു. എം.ജി. സര്‍വകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്‌ടര്‍ ബിനു ജോസ് വര്‍ഗീസ് മുഖ്യാതിഥി ആയിരുന്നു.