Sunday, March 15, 2026 Last Updated 49 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.45 PM

മുന്‍ താരങ്ങള്‍ക്കും അമ്പയര്‍മാര്‍ക്കും കെ.സി.എ. അംഗത്വം

തിരുവനന്തപുരം: നിയമവലിയില്‍ മൂന്നു പ്രധാന ഭേദഗതികളുമായി കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ (കെ.സി.എ). അസോസിയേഷന്‍ സ്‌ഥാപിതമായി 75 വര്‍ഷം തികയുന്ന വേളയിലാണ്‌ ക്രിക്കറ്റ്‌ ഭരണരംഗത്ത്‌ കൂടുതല്‍ പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കാനായി അടിസ്‌ഥാന നിയമാവലിയില്‍ മാറ്റങ്ങള്‍ വരുത്തിയത്‌.
14 ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനുകള്‍ക്കും വിരമിച്ച രാജ്യാന്തര താരങ്ങള്‍ക്കും മാത്രമായിരുന്നു ഇതുവരെ അസോസിയേഷന്‍ അംഗത്വം. ഇനി മുതല്‍ വിരമിച്ച പുരുഷ-വനിതാ താരങ്ങള്‍, അമ്പയര്‍മാര്‍, സ്‌കോറര്‍മാര്‍, ക്യുറേറ്റര്‍മാര്‍ എന്നിവര്‍ക്ക്‌ ഉള്‍പ്പെടെ അംഗത്വം ലഭ്യമാകുന്ന രീതിയില്‍ ബൈലോ പരിഷ്‌കരിച്ചു. ഇതോടെ കേരളാ ക്രിക്കറ്റിന്റെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും അസോസിയേഷനില്‍ വ്യക്‌തിഗത അംഗത്വം നല്‍കാന്‍ സാധിക്കും. ഇതിനുപുറമെ ക്രിക്കറ്റിന്‌ വലിയ സംഭാവനകള്‍ നല്‍കിയവര്‍ക്കായി ഓണററി മെമ്പര്‍ഷിപ്പ്‌, കെ.സി.എ. ക്ലബ്‌ ഹൗസ്‌ മെമ്പര്‍ഷിപ്പ്‌, കെ.സി.എ. സ്‌റ്റേഡിയം മെമ്പര്‍ഷിപ്പ്‌ എന്നീ പുതിയ വിഭാഗങ്ങളും ഉള്‍പ്പെടുത്തി.
കെ.സി.എയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയായ ഒന്‍പതംഗ അപ്പക്‌സ് കൗണ്‍സിലിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി. ക്രിക്കറ്റ്‌ സമിതികളിലേക്കും സെലക്ഷന്‍ കമ്മിറ്റികളിലേക്കുമുള്ള മുന്‍ താരങ്ങളുടെ യോഗ്യതയില്‍ വരുത്തിയ ഇളവാണ്‌ മറ്റൊരു പ്രധാന ഭേദഗതി. മുന്‍പ്‌ 25 ഫസ്‌റ്റ് ക്ലാസ്‌ മത്സരങ്ങള്‍ കളിച്ചവര്‍ക്ക്‌ മാത്രം ലഭിച്ചിരുന്ന ഈ പദവികള്‍ ഇനി മുതല്‍ രഞ്‌ജി ട്രോഫി കളിച്ച എല്ലാ മുന്‍ താരങ്ങള്‍ക്കും പ്രാപ്യമാകും.
കേരളത്തിലെ ക്രിക്കറ്റ്‌ വികസനത്തിന്‌ സംഭാവന നല്‍കിയവര്‍ക്കുള്ള അംഗീകാരമാണ്‌ ഈ നിയമഭേദഗതിയെന്നും അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കൂടുതല്‍ പേര്‍ക്ക്‌ ഇതിലൂടെ അവസരം ലഭിക്കുമെന്നും കെ.സി.എ. പ്രസിഡന്റ്‌ ശ്രീജിത്ത്‌ വി. നായര്‍ പറഞ്ഞു. പുതിയ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ അപ്പക്‌സ് കൗണ്‍സില്‍ കൂടുതല്‍ ശക്‌തമാകുമെന്ന്‌ സെക്രട്ടറി വിനോദ്‌ എസ്‌. കുമാര്‍ പറഞ്ഞു.

Ads by Google
Wednesday 18 Feb 2026 11.45 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW