-->
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്‌ഠര് രാജീവര്‍ക്ക് ജാമ്യം നല്‍കി കൊല്ലം വിജിലന്‍സ് കോടതി. തന്ത്രിക്കു ശബരിമല സ്വര്‍ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ തെളിവുകളില്ലെന്നു വിലയിരുത്തിയാണ് കട്ടിളപ്പാളിക്കേസിലും ദ്വാരപാലക ശില്‍പക്കേസിലും കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ചൊവ്വ, ശനി ദിവസങ്ങളില്‍ എസ്.ഐ.ടിക്ക് മുമ്പില്‍ ഹാജരാകണം, പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്. കോടതി അനുമതിയില്ലാതെ സംസ്‌ഥാനം വിട്ടു പുറത്തു പോകരുത്, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം തുടങ്ങിയവയാണ് ഉപാധികള്‍. കേസില്‍ ജാമ്യം കിട്ടുന്ന ആറാമത്തെ പ്രതിയാണ് തന്ത്രി കണ്‌ഠര് രാജീവര്. അറസ്‌റ്റിലായി 41-ാം ദിവസമാണ് തന്ത്രി പുറത്തിറങ്ങുന്നത്.
ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ല. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങള്‍ മാത്രമാണുള്ളതെന്ന വാദം കോടതി അംഗീകരിച്ചു. തന്ത്രിയുടെ ആരോഗ്യസ്‌ഥിതിയും പരിഗണിച്ചു. ജാമ്യ ഹര്‍ജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്തു സമ്പാദനം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ എസ്.ഐ.ടി. ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരില്‍ കണക്കില്‍പ്പെടാത്ത വന്‍ നിക്ഷേപമുണ്ടെന്നായിരുന്നു എസ്.ഐ.ടിയുടെ ആരോപണം. പ്രതിയുടെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുമായി തന്ത്രി കണ്‌ഠര് രാജീവരര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ നടന്നതായും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ ആചാരപരമായ കാര്യങ്ങളില്‍ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് തന്ത്രി വാദിച്ചത്. ശബരിമല കേസില്‍ അറസ്‌റ്റിലായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി ഉള്‍പ്പടെയുള്ള പ്രധാന പ്രതികള്‍ക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതെല്ലാം കുറ്റപത്രം വൈകിയതു മൂലമുള്ള സ്വാഭാവിക ജാമ്യമായിരുന്നു.