Wednesday, March 11, 2026 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.41 PM

റഷ്യ-യുൈക്രന്‍ ചര്‍ച്ച പരാജയം

ജനീവ: റഷ്യ-യുൈക്രന്‍ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ത്രികക്ഷി ചര്‍ച്ച കാര്യമായ നേട്ടമില്ലാതെ അവസാനിച്ചു. ജനീവയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ്‌ റഷ്യ, യുൈക്രന്‍, യു.എസ്‌. എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ കൂടിക്കാഴ്‌ച നടത്തിയത്‌. ചര്‍ച്ചകളെക്കുറിച്ചു യു.എസ്‌. പ്രതിനിധി സ്‌റ്റീവ്‌ വിറ്റ്‌കോഫ്‌ ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും ബുദ്ധിമുട്ടേറിയ സാഹചര്യമെന്നാണ്‌ റഷ്യയുടെയും യുൈക്രന്റെയും പ്രതികരണം. പ്രദേശങ്ങള്‍ക്കു മേലുള്ള നിയന്ത്രണം, വെടിനിര്‍ത്തലിന്റെ വ്യവസ്‌ഥകള്‍ എന്നിവ സംബന്ധിച്ച്‌ ഇരുരാജ്യങ്ങളും തമ്മില്‍ യോജിപ്പിലെത്തിയിട്ടില്ല.
ഡൊണെറ്റ്‌സ്‌ക്‌, ലുഹാന്‍സ്‌ക്‌ മേഖലകള്‍ ഉള്‍പ്പെടുന്ന ഉക്രെയ്‌നിന്റെ കിഴക്കന്‍ ഡോണ്‍ബാസിന്റെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ക്കു വേണമെന്നാണു റഷ്യയുടെ ആവശ്യം. എന്നാല്‍, യുൈക്രന്‍ ഇതിനു സമ്മതിച്ചിട്ടില്ല. ഡോണ്‍ബാസ്‌ കൈമാറാനുള്ള ഏതൊരു പദ്ധതിയും ഹിതപരിശോധനയ്‌ക്കു വിധേയമാക്കിയാല്‍ യുൈക്രന്‍കാര്‍ നിരസിക്കുമെന്ന്‌ സെലെന്‍സ്‌കി ഒരു യു.എസ്‌. മാധ്യമത്തോടു പറഞ്ഞു. ചര്‍ച്ചകളിലെ മറ്റൊരു തടസം സപോരിജിയ ആണവ നിലയമാണ്‌. യൂറോപ്പിലെ ഏറ്റവും വലിയ ഊര്‍ജനിലയമായ സപോരിജിയ 2022 മാര്‍ച്ച്‌ മുതല്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്‌. ഇതു തിരികെ നല്‍കണമെന്നാണ്‌ യുൈക്രന്റെ ആവശ്യം.
പ്ലാന്റിന്റെ നിയന്ത്രണം അമേരിക്കയുമായി പങ്കിടാന്‍ തയാറാണെന്നു നേരത്തെ സെലന്‍സ്‌കി പറഞ്ഞിരുന്നു. ഇത്‌ അംഗീകരിക്കാന്‍ റഷ്യ തയാറാകില്ലെന്നാണു സൂചന.
ചര്‍ച്ച പരാജയപ്പെട്ടെങ്കിലും ഉടന്‍ തന്നെ മറ്റൊരു കൂടിക്കാഴ്‌ച നടക്കുമെന്ന്‌ റഷ്യന്‍ പ്രതിനിധി വ്‌ളാഡിമിര്‍ മെഡിന്‍സ്‌കി പറഞ്ഞു. ഇരുപക്ഷത്തിന്റെയും വ്യത്യസ്‌ത നിലപാടുകള്‍ കാരണം ചര്‍ച്ചകള്‍ എളുപ്പമായിരുന്നില്ലെന്നു യുൈക്രന്‍ പ്രസിഡന്റ്‌ വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. വിശദവും തീവ്രവുമായ ചര്‍ച്ചയാണ്‌ നടന്നതെന്നും പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ഈ ഘട്ടത്തില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും യുൈക്രനുവേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്ത റസ്‌റ്റം ഉമെറോവ്‌ പറഞ്ഞു. എല്ലാ കക്ഷികള്‍ക്കിടയിലും യോജിപ്പും മതിയായ സമയവും ആവശ്യമുള്ള സങ്കീര്‍ണമായ ജോലിയാണിതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇതിനകം അവസാന ഘട്ടത്തിലെത്താന്‍ സാധ്യതയുള്ള ചര്‍ച്ചകള്‍ നീണ്ടിക്കൊക്കൊണ്ടുപോകാന്‍ റഷ്യ ശ്രമിക്കുകയാണെന്നു സെലന്‍സ്‌കി ആരോപിച്ചു. ജനുവരിയില്‍ അബുദാബിയില്‍ യു.എസ്‌. മധ്യസ്‌ഥതയില്‍ നടന്ന ചര്‍ച്ചയിലാണ്‌ റഷ്യന്‍, ഉക്രേനിയന്‍ പ്രതിനിധികള്‍ അവസാനമായി കണ്ടത്‌. തടവുകാരെ പരസ്‌പരം കൈമാറാന്‍ അന്നു ധാരണയായിരുന്നു.

Ads by Google
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW